കോടതി കുറ്റവിമുക്തരാക്കിയവര്‍ പോലീസ് രേഖകളില്‍ പ്രതിയായി തുടരുന്നു: പോലീസ് ക്ല്ിയറന്‍സ് ഉള്‍പ്പെടെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിന് തടസം: ആള്‍ക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിജിപി: പൊലീസ് മാനുവല്‍ പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും

Update: 2025-08-06 05:17 GMT

തിരുവനന്തപുരം: പ്രതിയാക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുന്ന കേസുകളില്‍ പലതിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് രേഖകളില്‍ തിരുത്തലുകള്‍ വരുത്താത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അവ ഒഴിവാക്കുന്നതിനും കാലാനുസൃതമായി പൊലീസ് മാനുവല്‍ പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരുന്നതായി സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

കോടതി കുറ്റവിമുക്തരാക്കിയിട്ടും സ്റ്റേഷനുകളിലെ രജിസ്റ്ററുകളില്‍ ഇപ്പോഴും പഴയ കേസുകളുടെ വിവരങ്ങള്‍ തുടരുകയാണ്. ഇതുവഴി പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

ഇത് സംബന്ധിച്ച് ആര്‍.എസ്.പി നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കന്‍ നല്കിയ ഹര്‍ജിയിലാണ് പൊലീസ് മേധാവിയുടെ മറുപടി. വിഷയം സമഗ്രമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ചില പോലീസ് സ്റ്റേഷന്‍ രജിസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്യാത്തതിനാല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നല്കുമ്പോള്‍ ആ വ്യക്തിക്കെതിരെയുള്ള പഴയ കേസുകളുടെ വിവരങ്ങള്‍ കൂടി രേഖപ്പെടുത്തി നല്‍കുന്നത് സാധാരണക്കാരായ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.

കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ പോലീസ് മാനുവല്‍ പരിഷ്‌കരിക്കാനുമുള്ള ജോലികള്‍ നടന്നു വരികയാണ്. കോടതി വിചാരണയില്‍ കുറ്റവിമുക്തരാക്കപ്പെടുന്ന വ്യക്തികളെ കുറിച്ചുള്ളതോ കേസ് തീര്‍പ്പാക്കല്‍ സംബന്ധിച്ചുള്ള വിവരങ്ങളോ ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ യഥാസമയം ചേര്‍ക്കേണ്ടതാണ് എന്നുള്ള നിര്‍ദേശം കൂടി പുതിയ മാനുവലിന്റെ രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കുവാന്‍ പൊലീസ് അക്കാദമി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കിയതായും പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു.

Tags:    

Similar News