ജീവനക്കാരുടെ അശ്രദ്ധ; പന്തളം നഗരസഭയില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ ഗുണഭോക്താവിന്റെ അക്കൗണ്ട് മാറി മറ്റൊരാള്‍ക്ക് ലഭിച്ചത് നാലുവര്‍ഷക്കാലം: തിരികെ നല്‍കാനും നടപടിയില്ല
പന്തളം: ജീവനക്കാരുടെ അശ്രദ്ധ മൂലം വാര്‍ദ്ധക്യ പെന്‍ഷന്‍ ഗുണഭോക്താവിന്റെ അക്കൗണ്ട് മാറി മറ്റൊരാള്‍ക്ക് ലഭിച്ചത് നാലുവര്‍ഷം. നഗരസഭ പതിനെട്ടാം ഡിവിഷനിലെ സുഭാഷ് ഭവനില്‍ ഗൗരിക്കുട്ടിയമ്മ(76)ക്ക് ലഭിക്കേണ്ട പെന്‍ഷനാണ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ലഭിച്ചെന്ന പരാതി ഉയരുന്നത്. 2020 മാര്‍ച്ചിലാണ് വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിന് ഗൗരിക്കുട്ടിയമ്മ അപേക്ഷ നല്‍കിയത്.
മെയ് മുതല്‍ പെന്‍ഷന്‍ തുക ഗൗരിക്കുട്ടിയമ്മയുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതായാണ് നഗരസഭ അധികൃതരുടെ വിശദീകരണം. എന്നാല്‍ നഗരസഭ പറയുന്ന യൂണിയന്‍ ബാങ്കിന്റെ അക്കൗണ്ട് തന്റേതല്ല എന്നാണ് അപേക്ഷക പറയുന്നത്. തനിക്ക് യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ഇല്ല. ഉള്ളത് കാനറാ ബാങ്കിന്റെ ശാഖയിലാണ്. തനിക്കില്ലാത്ത് അക്കൗണ്ടിലേക്ക് എങ്ങനെ പെന്‍ഷന്‍ തുക നിക്ഷേപിച്ചെന്നും അവര്‍ ചോദിക്കുന്നു.
നാല് വര്‍ഷമായി നിരന്തരം പരാതികളുമായി നഗരസഭയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനമായി കഴിഞ്ഞ ഡിസംബര്‍ 16 ന് നല്‍കിയ പരാതിയില്‍ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പെന്‍ഷന്‍ തുക പോകുന്നത് മറ്റൊരു ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഗൗരി കുട്ടിയമ്മക്ക് പെന്‍ഷന്‍ തുക ലഭിച്ചു തുടങ്ങി.
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ തുക കൂടി ലഭിക്കണമെന്നും കുറ്റകരമായ അനാസ്ഥ കാട്ടിയ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ് ഗൗരിക്കുട്ടിയമ്മയുടെ കുടുംബം.