'ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായ മോസിലോസ്‌കോപ്പ് കണ്ടെത്തി; വ്യക്തത കുറവുണ്ട്; ഉപകരണം പുതിയതാണോയെന്ന് പരിശോധിക്കണം; മുറിയില്‍ ആരോ കടന്നു'; ഡോ ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

ഡോ ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

Update: 2025-08-08 06:02 GMT

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആരോപണങ്ങളുമായി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. ഡോ. ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് അവിടെ കണ്ടെത്തിയെന്നുമാണ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി.

കൊറിയര്‍ ബോക്‌സ് പോലെ ആയിരുന്നു. എല്ലാവരുടേയും സാന്നിധ്യത്തില്‍ കവര്‍ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്റേതായിരുന്നു ബില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ ആരോ കയറി എന്ന സംശയം തോന്നിയതായും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ബലപ്പെട്ടു. ചില അടയാളങ്ങള്‍ കണ്ടിരുന്നു. സംഭവം വിശദമായ പരിശോധിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഡിഎംഇ അടക്കമുള്ളവരും പരിശോധനയില്‍ ഉണ്ടായിരുന്നു. ഡിഎംഇ യുടെ ടെക്‌നികല്‍ ടീം വീണ്ടും പരിശോധന നടത്തും. പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകൂ എന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി കെ ജബ്ബാര്‍ വ്യക്തമാക്കി. ഡോ. ഹാരിസ് നടത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂര്‍ത്തിയാക്കിയാല്‍ താക്കോല്‍ ഡോക്ടര്‍ ഹാരിസിനോ അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂര്‍ത്തിയാകും എന്നും ഡോക്ടര്‍ ജബ്ബാര്‍ പ്രതികരിച്ചു.

തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് ഡോക്ടര്‍ ഹാരിസ്. ആരോപിക്കുന്നത്. കെജിഎംസിടിഎ ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങള്‍. കുടുക്കാന്‍ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു എന്നും ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ട് എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായതില്‍ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഉപകരണം അവിടെ തന്നെ ഉണ്ടെന്നാണ് നിലവില്‍ ഡോക്ടര്‍ ഹാരിസ് പറയുന്നത്. ഉപകരണം കാണാതായെന്ന കണ്ടെത്തലില്‍ നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.

Tags:    

Similar News