കണ്ണൂരില്‍ നിയന്ത്രണമുള്ള കോഫി ഹൗസിന് ആവശ്യമുള്ള അത്ര പേരെ ജോലിക്കെടുക്കാം; തൃശൂരില്‍ നിയന്ത്രണമുള്ള തെക്കോട്ടുള്ള കോഫി ഹൗസുകള്‍ക്ക് കഷ്ടക്കാലം; ഈ ചിറ്റമ്മ നയം വിനയാകുക 'എകെജി'യുടെ ആ സ്വപ്‌നങ്ങള്‍ക്ക്; പരസ്പരം കുറ്റപ്പെടുത്തി ആ സഹകരണ പ്രസ്ഥാനത്തെ തളര്‍ത്തുന്നത് ആര്?
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ കോഫീഹൗസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ അറ്റനഷ്ടം 37. 57 കോടിയാണ്, സംഘത്തിന്റെ കടബാധ്യത 64.5 കോടിയും. ജീവനക്കാരുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക മാത്രം 2024 സെപ്തംബര്‍ വരെ 27.58 കോടിക്ക് മുകളിലാണ്. ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സൊസൈറ്റിക്കാണ് ഈ ഗതികേട്. 2017ല്‍ കാരണമില്ലാതെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ഹൈക്കോടതി അതു റദ്ദാക്കി ഭരണം തിരികെ സൊസൈറ്റിക്കു നല്‍കി. സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവികള്‍ അംഗങ്ങളായ ഇത് തൃശൂര്‍ ആസ്ഥാനമായ സ്വതന്ത്ര സൊസൈറ്റിയാണ്.
ഭരണസമിതിയുടെ സാമ്പത്തിക തിരിമറി കാരണമുണ്ടായ കുടിശ്ശികമൂലം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയിന്റ് ഓപ്ഷന്‍ അപേക്ഷകള്‍ ഇപിഎഫ്ഒ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച നൂറില്‍പ്പരം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല. കണ്ണൂര്‍ ആസ്ഥാനമായുള്ള കോഫീ ഹൗസുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് തെക്കന്‍ കേരളത്തിലെ കോഫീ ഹൗസുകള്‍ക്ക് ഇൗ ദുരവസ്ഥയെന്ന് സിപിഎം ആരോപിക്കുന്നു. സിപിഎമ്മിന് തൃശൂരിലെ സഹകരണ സംഘത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. തൃശൂര്‍ കോഫീ ഹൗസിലെ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ 40 ശതമാനം അധിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കണ്ണൂര്‍ കോഫീഹൗസില്‍ ലഭിക്കുന്നുവെന്നും സിപിഎം പറയുന്നു.
കണ്ണൂരിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 91 കോടി രൂപയാണ്. അപ്പോഴാണ് 121 കോടി വിറ്റുവരവുള്ള തൃശൂര്‍ ആസ്ഥാനമായുള്ള 48 കോഫീഹൗസുകളില്‍ 33 എണ്ണവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2017-ല്‍ ഭരണസമിതിയുടെ അഴിമതിയില്‍ നടപടി സ്വീകരിച്ചുവെങ്കിലും സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിക്കാത്ത സംഘങ്ങളെ രജിസ്ട്രാര്‍ക്ക് പിരിച്ചുവിടാനുള്ള അധികാരം ഇല്ലെന്ന മാനദണ്ഡം മാത്രം കണക്കിലെടുത്ത് പിരിച്ചുവിടാനുള്ള ഉത്തരവ് ഹൈക്കോടതി തടയുകയാണ് ഉണ്ടായതെന്നും സിപിഎം അനുകൂലികള്‍ പറയുന്നു. എകെജിയാണ് കോഫി ഹൗസ് എന്ന ആശയത്തിന് പിന്നില്‍. എല്ലാം സിപിഎം-സിഐടിയു നിയന്ത്രണത്തിലുമായിരുന്നു. എന്നാല്‍ തൃശൂരിലേത് ഇടത് പക്ഷത്തിന് പിന്നീട് നഷ്ടമായി. ഇതോടെയാണ് തൃശൂരിനോട് സര്‍ക്കാരിന്റെ ചിറ്റമ്മ നയം തുടങ്ങിയതെന്നാണ് ആരോപണം.
തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ഇന്ത്യന്‍ കോഫി ഹൗസുകളില്‍ അടിയന്തരമായി അഞ്ഞൂറോളം ജീവനക്കാരെ വേണമെന്നതാണ് വസ്തുത. പക്ഷേ 3 വര്‍ഷമായി ശ്രമിച്ചിട്ടും നിയമനത്തിന് വ്യവസായ വകുപ്പില്‍ നിന്ന് അനുമതി ലഭിക്കുന്നില്ല. വ്യവസായവകുപ്പിന്റെ കീഴിലുള്ള സഹകരണ സംഘം ആയതിനാല്‍ ഡയറക്ടറാണ് റജിസ്ട്രാര്‍. രൂക്ഷമായ ആള്‍ക്ഷാമം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ 14 കോഫി ഹൗസ് ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വന്നതോടെ വരുമാനം ഇടിയുകയും വര്‍ഷം ശരാശരി 2.5 കോടി നഷ്ടം നേരിടുകയും ചെയ്യുന്നുണ്ട്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ എംഎല്‍എമാര്‍ക്കും മറ്റും വേണ്ടി കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് ഇനി തുടരാന്‍ നിര്‍വാഹമില്ലെന്ന് സഭാ സെക്രട്ടറിക്കു കത്തു നല്‍കേണ്ടിവന്ന സാഹചര്യവുമുണ്ട്.
തൃശൂരിനു വടക്കോട്ട് കോഫി ഹൗസുകള്‍ നടത്തുന്നത് കണ്ണൂര്‍ ആസ്ഥാനമായ സിഐടിയു സൊസൈറ്റിയാണ്. അവിടെ ഒഴിവു നികത്താന്‍ തടസ്സമില്ല. നേരത്തേ 59 ബ്രാഞ്ചുകളും 2300 ജീവനക്കാരുമുണ്ടായിരുന്നിടത്ത് നിലവില്‍ 45 ബ്രാഞ്ചുകളും 1450 ജീവനക്കാരും മാത്രം. വര്‍ഷം 8000 കിലോഗ്രാം കാപ്പിക്കുരുവിന് മുന്‍പ് 17 ലക്ഷം വേണമായിരുന്നത് ഇപ്പോള്‍ 49 ലക്ഷമായി. ദിവസം 35 ലക്ഷം കലക്ഷനുണ്ടായിരുന്ന സ്ഥാനത്ത് ബ്രാഞ്ചുകള്‍ പൂട്ടിയപ്പോള്‍ 29 ലക്ഷമായി. വാര്‍ഷിക വിറ്റുവരവ് 120 കോടിയില്‍ താഴെയായി. വിറ്റുവരവ് 140 കോടിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നാണ് മറുവിഭാഗം പറയുന്നത്.