അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാള്‍; കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയില്‍ കൊടുങ്ങല്ലൂരില്‍ നാസ് കളക്ഷന്‍സും; കവിതയും എഴുതി; ഭര്‍ത്താവ് ഹൃദ്രോഗത്തെ അതിജീവിച്ച സന്തോഷത്തിനിടെ വില്ലനായി അണലി എത്തി; കൊടുങ്ങല്ലൂരുകാര്‍ സങ്കടത്തില്‍

Update: 2025-08-15 05:40 GMT

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ നില്‍ക്കാതെ ജസ്ന യാത്രയാകുമ്പോള്‍ ഒരു നാടു മുഴുവന്‍ ദുഖത്തില്‍. അണലിയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് ജസ്‌ന മരിച്ചത്. ഈ വര്‍ഷത്തെ നഗരസഭയിലെ വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ജസ്‌നയ്ക്കായിരുന്നു.

ഒരാഴ്ചമുമ്പ് ജസ്നയുടെ കൃഷിയിടം സന്ദര്‍ശിച്ച കൃഷിവകുപ്പുദ്യോഗസ്ഥരാണ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. 17-ന് ടൗണ്‍ ഹാളില്‍ നടക്കുന്ന കര്‍ഷകദിനാചരണച്ചടങ്ങില്‍വെച്ച് അവാര്‍ഡ് നല്‍കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ദുരന്തം എത്തിയത്. ലോകമലേശ്വരം കൊല്ലിയില്‍ ജസ്നയ്ക്ക് ഞായറാഴ്ച വീട്ടുമുറ്റത്ത് വളര്‍ത്തുകോഴികള്‍ക്ക് തീറ്റ നല്‍കുന്നതിനിടയിലാണ് പാമ്പുകടിയേല്‍ക്കുന്നത്.

കൃഷിയില്‍ നല്ല താത്പര്യമുള്ള ജസ്ന വീട്ടുവളപ്പില്‍ ധാരാളം പച്ചക്കറികള്‍ വളര്‍ത്തിയിരുന്നു. മട്ടുപ്പാവ് പൂകൃഷിയും ഇതിനു പുറമേ കോഴിവളര്‍ത്തലുമുണ്ടായിരുന്നു. ഭര്‍ത്താവ് നിയാസിന്റെ ബിസിനസിലും സഹായിയായി. വടക്കേനടയിലെ കച്ചവടസ്ഥാപനത്തിലും സജീവമായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്പില്‍ പരേതനായ അബുവിന്റെ മകളുമായിരുന്നു ജസ്ന.

വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്നു. കോഴികളെയും വളര്‍ത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവില്‍ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. വിവരം കൈമാറും മുമ്പേ അവര്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാളായ ജസ്‌ന മൂന്നു വര്‍ഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തെരഞ്ഞെടുത്തിരുന്നു.

കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയില്‍ കൊടുങ്ങല്ലൂരില്‍ നാസ് കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കുകയും ചെയ്തു. കവിതകളും എഴുതുമായിരുന്നു. ഭര്‍ത്താവ് നിയാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയാണ് ജസ്‌നയുടെ വേര്‍പാട്.

Tags:    

Similar News