ഇനി ഒരു മാസത്തില്‍ അധികം ജയിലില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകും; അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ജയിലില്‍ കിടന്നാല്‍ കാബിനറ്റ് പദവി തുടരാന്‍ കഴിയില്ല; പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും ബാധകം; ഇനി ആര്‍ക്കും കെജ്രിവാളിനെ പോലെ ജയിലില്‍ കിടന്ന് ഭരിക്കാന്‍ കഴിയില്ലേ? ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

Update: 2025-08-19 17:43 GMT

ന്യൂഡല്‍ഹി: സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു. ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് ഇത്. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ദീര്‍ഘകാലം ജയിലില്‍ തുടരുമ്പോഴും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടര്‍ന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ബില്‍. അടുത്ത കാലത്ത് തമിഴ്‌നാട്ടിലും ദീര്‍ഘകാലം ജയിലില്‍ കിടന്ന മന്ത്രിയുണ്ടായിരുന്നു. പുതിയ നീക്കത്തെ പ്രതിപക്ഷം എങ്ങനെ എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എതിര്‍ക്കാനാണ് സാധ്യത.

അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളിലും ഇത് ബാധകമാണ്. ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബില്‍ ബാധകമാകും. ഇതുവരെ ക്രിമിനല്‍ കേസുകളില്‍ രണ്ടു കൊല്ലത്തിലധികം ശിക്ഷ കിട്ടിയാലാണ് അയോഗ്യത ഉണ്ടായിരുന്നത്. ജയില്‍ മോചിതരായി കഴിഞ്ഞ് സ്ഥാനം വീണ്ടും വഹിക്കാന്‍ തടസ്സം ഉണ്ടാവില്ലെന്നും ബില്ലിലുണ്ട്. ബില്‍ നാളെ ലോക്‌സഭയിലെത്തും. ജയില്‍ മോചിതനായി വീണ്ടും പദവിയില്‍ എത്താമെന്നതു കൊണ്ട് തന്നെ ഭരണം സുഗമമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കും.

130-ാം ഭരണഘടനാ ഭേദഗതിയാണ് കൊണ്ടു വരുന്നത്. മന്ത്രിയോ മുഖ്യമന്ത്രിയോ ജയിലില്‍ ആയാല്‍ 30-ാം ദിവസം വരെ ആ സ്ഥാനത്ത് തുടരാം. ജയില്‍ വാസം 31-ാം ദിവസത്തിലേക്ക് കടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും. ഇതിന് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഗവര്‍ണ്ണര്‍ക്കോ രാഷ്ട്രപതിയ്‌ക്കോ കത്ത് നല്‍കണം. മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കുന്നതെങ്കില്‍ 31-ാം ദിവസം സ്ഥാനം പോകും. അതായത് മന്ത്രിസഭ പോലും വീഴും. ജയില്‍ മോചിതനയാല്‍ വീണ്ടും അധികാരത്തില്‍ എത്താം. 30 ദിവസം ജയിലില്‍ കിടക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. ഇങ്ങനെയാണ് മന്ത്രിസ്ഥാനം നഷ്ടമാക്കുന്നത്.

ജയിലില്‍ കിടന്ന് ആര്‍ക്കും ഭരണം നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്ന നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ എടുക്കുക. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ അറസ്റ്റിലാകുന്ന ആര്‍ക്കും വീണ്ടും അധികാരത്തിലെത്താം. വിചാരണ കഴിഞ്ഞു മാത്രമേ ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ അറസ്റ്റ് സമയത്ത് തന്നെ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന വാദം ശക്തമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപാരാധി പോലും ശിക്ഷക്കപ്പെടരുതെന്ന അടിസ്ഥാന തത്വം അട്ടിമറിക്കുന്നുവെന്ന് ഭരണ പക്ഷവും വാദമുയര്‍ത്തും.

ഏതായാലും ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. അഴിമതിക്കെതിരായ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ബില്‍ അവതരിപ്പിക്കുക. കേന്ദ്ര ഏജന്‍സികളെ കൊണ്ട് കള്ള പരാതികള്‍ ചമച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള നീക്കമായി ഇതിനെ പ്രതിപക്ഷം വിലയിരുത്തുന്നുണ്ട്. ലോക്‌സഭയില്‍ പാസായാല്‍ ബില്‍ രാജ്യസഭയിലും അവതരിപ്പിക്കേണ്ടതുണ്ട്.

Tags:    

Similar News