മെസി വരില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം ഉണ്ടായി; ആരാധകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ദൈവദൂതനെപ്പോലെ ഇടപെടല്‍; ഒടുവില്‍ ഫുട്‌ബോള്‍ ഇതിഹാസം നവംബറില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പിച്ചു; അര്‍ജന്റീനയുടെ കളി കാണാന്‍ മുന്നിലുണ്ടാവുമെന്ന് ഗോകുലം ഗോപാലന്‍
അര്‍ജന്റീനയുടെ കളി കാണാന്‍ മുന്നിലുണ്ടാവുമെന്ന് ഗോകുലം ഗോപാലന്‍
കൊച്ചി: കേരളത്തിലേക്കുള്ള ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവില്‍ ആഹ്ലാദം അറിയിച്ച് ഗോകുലം ഗോപാലന്‍. ചെറുപ്പം മുതല്‍ തന്റെ പാഷനാണ് ഫുട്ബോളെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. അര്‍ജന്റീനയുടെ കളി കാണാന്‍ മുന്നിലുണ്ടാവും. ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ് സംഭവിച്ചത്. മെസി വരില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വിഷമം ഉണ്ടായി. അങ്ങനെയാണ് തന്നാല്‍ കഴിയുന്ന എല്ലാ സഹായം ചെയ്തതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട ഫുട്‌ബോള്‍ ആരാധകരില്‍ ഉണ്ടായ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ഇടപെടലിലൂടെയാണ്. ഇതിഹാസ താരത്തെ കേരളത്തിലെത്തിക്കാന്‍ അവസാന നിമിഷം ഇടപെട്ടത് ഗോകുലം ഗോപാലനാണ്. ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ ഗോകുലം ഗോപാലന്‍ അദേഹത്തിന്റെ ലോക ഫുട്‌ബോള്‍ ടീമുമായുള്ള നീണ്ട കാലത്തെ സൗഹൃദം ഉപയോഗപ്പെടുത്തിയാണ് ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിയ്ക്കുന്നത്.
ഫുട്‌ബോള്‍ ഇതിഹാസത്തെ മലയാളക്കരയില്‍ എത്തിയ്ക്കാന്‍ തന്നാല്‍ ആവുന്നതെല്ലാം ചെയ്‌തെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കിയതിന് പിന്നാലെ മെസിപ്പടയുടെ കേരളത്തിലേക്കുള്ളവരവ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ദൈവദൂതനെപ്പോലെയാണ് ഗോകുലം ഗോപാലന്‍ രംഗത്തെത്തിയത്. മെസ്സിയെ കേരളത്തില്‍ എത്തിയ്ക്കാന്‍ നീണ്ടകാലമായി സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ഇടപെടലിലൂടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം ഉറപ്പിച്ചത്..
ലോകചാംപ്യന്‍മാരായ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തും എന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശം അലതല്ലുകയാണ്.
''ഫുട്‌ബോളിന്റെ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാന്‍ വേണ്ടി ഇടപെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കി. കേരളത്തിലെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന സ്വപ്നസാക്ഷാത്കാരമാണിതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
2011 ന് ശേഷം ആദ്യമായാണ് മെസ്സി ഇന്ത്യയില്‍പ്പോലും എത്താന്‍ പോകുന്നത്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മെസിപ്പടയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുകയെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. മെസ്സി കേരളത്തില്‍ എത്തുന്നതോടെ കേരളാ ഫുട്‌ബോള്‍ ടീമിന് തന്നെ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും ഗോകുലം ഗോപാലന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മെസിപ്പടയുമായി ഗോകുലം FC സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കക്കുറിച്ച് ആലോചിക്കും.കേരളം ലോകോത്തര താരങ്ങളെ വരവേല്‍ക്കാന്‍ മാനസ്സികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നും, നവംബറില്‍ മലയാളക്കരയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ചരിത്രപരമായ അനുഭവമാകും മെസ്സിപ്പട സമ്മാനിക്കുകയെന്നും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.