'എനിക്ക് ഡിംപിൾ യാദവിനോട് മുടിഞ്ഞ ക്രഷാണ്; എന്തിന് ഇതൊക്കെ മറച്ചുവെയ്ക്കണം..; അവർ വളരെ സുന്ദരിയല്ലേ..!!'; സ്വര ഭാസ്കറിന്റെ ആ തുറന്നുപറച്ചിൽ ഹിറ്റായത് നിമിഷ നേരം കൊണ്ട്; സോഷ്യൽ മീഡിയയിൽ ട്രോളും മീമും അടക്കം കളം പിടിച്ചു; ഒടുവിൽ എല്ലാം കൈവിട്ടപ്പോൾ സംഭവിച്ചത്
മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സ്വര ഭാസ്കറിന്റെ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്. സെക്‌ഷ്വാലിറ്റിയെ കുറിച്ച് സ്വര നടത്തിയ പ്രസ്താവന നിമിഷ നേരം കൊണ്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. എല്ലാ മനുഷ്യരും ബൈസെക്‌ഷ്വലാണെന്നാണ് സ്വര പറയുന്നത്. ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിശദികരണവുമായി ഇപ്പോൾ സ്വര രംഗത്ത് വന്നിരിക്കുകയാണ്.
എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ബൈസെക്ഷ്വൽ ആണെന്നും, സമാജ്‌വാദി പാർട്ടി എം.പി. ഡിംപിൾ യാദവിനോട് തനിക്ക് ഇഷ്ടമുണ്ടെന്നുമുള്ള പ്രസ്താവനകളെക്കുറിച്ച് വിശദീകരണവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. താൻ പറഞ്ഞതിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടവർക്ക് കാര്യം മനസ്സിലാകുമെന്നും, വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായതുകൊണ്ട് ഈ വിഷയത്തിൽ എന്തിന് ആശയക്കുഴപ്പമുണ്ടാകുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും നടി വ്യക്തമാക്കി.
റിയാലിറ്റി ഷോയായ 'പതി പട്‌നി ഔർ പംഗ - ജോഡിയോൻ കാ റിയാലിറ്റി ചെക്ക്' എന്ന പരിപാടിയിൽ ഭർത്താവും രാഷ്ട്രീയപ്രവർത്തകനുമായ ഫഹദ് അഹമ്മദിനൊപ്പം പങ്കെടുത്തപ്പോഴാണ് സ്വര ഭാസ്കറുടെ ഈ പരാമർശങ്ങൾ വലിയ ചർച്ചയായത്. ഡിംപിൾ യാദവ് വളരെ സുന്ദരിയായ, ദയയുള്ള, പലർക്കും പ്രചോദനമായ ഒരു സ്ത്രീയാണെന്നും, അവരുടെ രാഷ്ട്രീയ ജീവിതത്തെയും പെരുമാറ്റത്തെയും അഭിനന്ദിക്കുന്നതായും സ്വര പറഞ്ഞിരുന്നു. സ്ത്രീകൾ പരസ്പരം പ്രശംസിക്കണമെന്നും, അതിനാലാണ് താൻ 'ഗേൾ ക്രഷ് അഡ്വക്കേറ്റ്' എന്ന് എക്സ് അക്കൗണ്ടിൽ കുറിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
തന്റെ മുൻ പ്രസ്താവനയിൽ, ഹെട്രോസെക്ഷ്വാലിറ്റി (വിപരീത ലൈംഗികത) മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും, സ്വാഭാവികമായും എല്ലാവരും ബൈസെക്ഷ്വൽ ആണെന്നുമാണ് സ്വര പറഞ്ഞത്. സംസ്കാരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വർഷങ്ങളായി ഹെട്രോസെക്ഷ്വാലിറ്റി നമ്മളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണെന്നും, മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് വേണ്ടിയായിരിക്കാം ഇതെന്നും അവർ വിശദീകരിച്ചിരുന്നു. സ്വരയുടെ ഈ പരാമർശങ്ങൾ വലിയ തോതിലുള്ള ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടി എം.പി.യും അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിൾ യാദവ്.
"ഹെറ്ററോസെക്ഷ്വാലിറ്റി എന്നത് ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ്," സ്വര പറഞ്ഞു. ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും സ്വര തുറന്നുപറഞ്ഞു. നേരത്തെ ഡിംപിളിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സ്വര സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
തന്റെ ലൈംഗികതയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ മഹാരാഷ്ട്രയിലെ ഭർത്താവിന്റെ കരിയറിനെ പോലും ബാധിച്ചേക്കാമെന്നും, എന്നാൽ ഉത്തർപ്രദേശിൽ സാഹചര്യം അനുകൂലമായിരിക്കില്ലെന്നും സ്വര പരിഹാസ രൂപേണ കൂട്ടിച്ചേർത്തു. 2023ൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം വ്യക്തിത്വ പ്രശ്നങ്ങളിലൂടെ കടന്നുപോയെന്നും താരം വെളിപ്പെടുത്തിയിരുന്നു.