'സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി' എന്ന മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട്; പറവൂര്‍ സ്വദേശിയുടെ പോസ്റ്റാണ് കുപ്രചാരണങ്ങള്‍ക്ക് ഇടയാക്കിയതെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍; കോണ്‍ഗ്രസിന്റെ ആസൂത്രിത ശ്രമമെന്ന് താന്‍ കരുതുന്നില്ലെന്നും വൈപ്പിന്‍ എംഎല്‍എ; നിയമപരമായി നേരിടും; പന്ത് തട്ടിയിടുന്നത് സിപിഎം ക്യാമ്പിലേക്ക്
കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എയുടെ മറുപടി
പറവൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം അടങ്ങും മുമ്പേ ഇന്ന് പുറത്തിറങ്ങിയ 'മെട്രോ വാര്‍ത്ത' ദിനപത്രത്തില്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നത് രാഷ്ട്രീയരംഗത്ത് വലിയ വിവാദമായിരിക്കുകയാണ്. 'സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി' എന്ന തലക്കെട്ടില്‍ 'മെട്രോ വാര്‍ത്ത' ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകന്നത്. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. എന്നാല്‍, ഈ വാര്‍ത്തയുമായി തന്റെ പേരിനെ ബന്ധപ്പെടുത്തി വ്യാജ പ്രചാരണം നടത്തുന്നതിന് എതിരെ വൈപ്പിന്‍ എം എല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, പ്രതിപക്ഷത്തിന്റെ നാണക്കേട് മറയ്ക്കാനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ സ്വദേശിയായ സി.കെ. ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സൈബര്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. പിന്നീട് സമൂഹമാധ്യമങ്ങളും ദിനപത്രങ്ങളും ഓണ്‍ലൈന്‍ ചാനലുകളും ഇത് ഏറ്റെടുത്ത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വാര്‍ത്തകള്‍ നല്‍കുകയായിരുന്നു.
പേരെടുത്ത് പറയാതെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെങ്കിലും, വൈപ്പിന്‍-പറവൂര്‍ മേഖലയിലുള്ളവര്‍ക്ക് ഇത് തന്നെക്കുറിച്ചാണെന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. യു.ഡി.എഫിനുണ്ടായ രാഷ്ട്രീയ തിരിച്ചടികളും സമീപകാല സംഭവങ്ങളും ന്യായീകരിക്കാനുള്ള ആസൂത്രിത നീക്കമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മുന്‍ ഇടതുപക്ഷ അനുഭാവിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ പോലും ദൃക്‌സാക്ഷിയെപ്പോലെ ഇത് വിവരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
നിയമപരമായും രാഷ്ട്രീയമായും ഈ ആരോപണങ്ങളെ നേരിടുമെന്ന് ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ആവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തനത്തിലൂടെയാണ് താന്‍ ഈ നിലയിലെത്തിയതെന്നും, തന്റെ വ്യക്തിപരമായ ചരിത്രം ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാലവും ചരിത്രവും സത്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തെളിവുകളില്ലാത്ത അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നത്. ഏറ്റവുമാദ്യം ഇത് പറവൂരിലുള്ള ഒരു സികെ ഗോപാലകൃഷ്ടണന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം പറവൂരില്‍ നിന്ന് ചെറായൂര്‍ പോകുന്ന വഴയിലുള്ള വ്യക്തിയാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനാണെന്ന് മനസിലായി.പിന്നെ തിരക്കാന്‍ പോയില്ല.
അതില്‍ പേര് വെയ്ക്കാതെയാണ് പരാമര്‍ശമെങ്കിലും തന്നെ അറിയാവുന്നവര്‍ക്ക് മനസിലാകുന്ന തരത്തിലാണ് വാര്‍ത്ത വന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ ഓെൈണ്‍ലന്‍ മാധ്യമങ്ങള്‍, പത്രങ്ങളൊക്കെ ഏറ്റെടുക്കുകയാണുണ്ടായത്. അതിലേറ്റവും ആശ്ചര്യകരമായി തോന്നിയത് ഷാജഹാന്‍ സാറിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയായിരുന്നു. അദ്ദേഹം നേരത്തെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു.ഞാന്‍ പരിചയപ്പെട്ട വ്യക്തി തന്നെയാണ് അദ്ദേഹം.അദ്ദേഹത്തിന് വേണമെങ്കില്‍ സ്ഥിരീകരിച്ചിട്ട് കൊടുക്കാമായിരുന്നു. എല്ലാം ദൃക്സാക്ഷിയെ പോലെയാണ് അദ്ദേഹം സംസാരിച്ചത്.
പറവൂര്‍ പോലെയൊരു സ്ഥലത്ത് ഇങ്ങനെ നടന്നാല്‍ നാട്ടുകാര്‍ അറിയേണ്ടേ.ഈ പറയുന്ന ദിവസം ടൂറിസം വാരാഘോഷം കടമക്കുടിയില്‍ നടന്നിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ആസൂത്രിത ശ്രമമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.'
കെ എന്‍ ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സുഹൃത്തുക്കളെ,
പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. ഇന്ന് നിയമസഭയില്‍ വൈപ്പിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ആണ്. ഒരു പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ നിസ്വാര്‍ത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്‌നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവര്‍ത്തകന് നടന്നുകയറുന്നതിന് വഴി തെളിയിക്കുന്നത്.
പലവിധത്തിലുള്ള പ്രതിസന്ധികളും ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാന്‍ ഇവിടം വരെയെത്തിയത്. അതില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും സ്‌നേഹവും ബഹുമാനവും എന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷിപ്തമായ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രം, വ്യക്തിപരമായി പകപോക്കുന്നതിനും എന്റെ രാഷ്ട്രീയ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പെടുകയുണ്ടായി.
സി.കെ.ഗോപാലകൃഷ്ണന്‍, ചെട്ടിശ്ശേരിയില്‍ എന്ന മേല്‍വിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് പേരുകള്‍ വെക്കാതെ എന്നാല്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ മനസിലാക്കാന്‍ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓണ്‍ലൈന്‍ ചാനലുകളിലും പേരും തന്റെ ഫോട്ടോയും പതിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ വരുകയുണ്ടായി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതില്‍, തകര്‍ക്കുന്നതില്‍ അതിന്റെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഉയര്‍ത്തെഴുന്നേല്പിക്കാനും ജീര്‍ണ്ണതയുടെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.
ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു.
എന്നെ വ്യക്തിപരമായി സ്‌നേഹിക്കുകയും പൊതുകാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തുവരുന്ന എന്റെ
എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
കെ. എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, വൈപ്പിന്‍
അതേസമയം, എം.എല്‍.എയ്ക്കും കെ.ജെ. ഷൈനിനും എതിരായ ലൈംഗികാരോപണങ്ങള്‍ സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും, ഇത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച പരാമര്‍ശങ്ങള്‍ സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രതികരണങ്ങളില്‍ പക്വതക്കുറവുണ്ടെന്നും, ഈ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും ഷിയാസ് വ്യക്തമാക്കി. എം.എല്‍.എക്കെതിരായ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്:
''യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ വിവാദത്തില്‍ അകപ്പെട്ട് എറണാകുളം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ. പറവൂരില്‍ പട്ടാപ്പകല്‍ സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ വനിതാ നേതാവിന്റെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്.
വനിതാ നേതാവിന്റെ ഭര്‍ത്താവ് രാവിലെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരകെ എത്തുകയുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഉച്ചയോടെ തിരച്ചെത്തിയ ഭര്‍ത്താവ് സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വീടിനുള്ളില്‍ ഇരുന്ന് റിംഗ് ചെയ്തതല്ലാതെ പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ആശങ്കയിലായ ഭര്‍ത്താവ് സമീപവാസികളുമൊത്ത് വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് എഎല്‍എയെ കണ്ടത്. കാര്യം മനസ്സിലായ ഭര്‍ത്താവ് എംഎല്‍എയെ കൈകാര്യം ചെയ്തു. വിശദീകരിക്കാന്‍ ശ്രമിച്ച എംഎല്‍എയെ ഭര്‍ത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു.
വാഹനം ഏറെ ദൂരെ നിര്‍ത്തിയ ശേഷമാണ് എംഎല്‍എ വനിതാ നേതാവിന്റെ വീട്ടിലേക്ക് എത്തിയത്. സമീപവാസികളും സംഭവത്തിന് സാക്ഷികളായതിനാല്‍ ഇത് പുറത്തറിയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.
അടുത്തിടെ ഒട്ടേറെ പരിപാടികള്‍ നടത്തിയ മികച്ച എംഎല്‍എ എന്ന പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിച്ച എംഎല്‍എ ഇപ്പോള്‍ കുപ്രസിദ്ധനായ അവസ്ഥയിലാണ്. പാര്‍ട്ടിക്ക് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ പലരും ദൃക്സാക്ഷികളായതിനാല്‍ സംഭവം നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.''