എത്തിയത് ഹിമാചലിലെ ദുരിതബാധിതരെ കാണാന്‍; പക്ഷെ..ഏവരെയും ഞെട്ടിച്ച് പ്രതികരണം; വെള്ളപ്പൊക്കത്തില്‍ പെട്ടവരുടെ സങ്കടം പറയാതെ തന്റെ റസ്റ്റോറന്റിലെ ദുരിതം പറഞ്ഞ് കങ്കണ; മറുപടി കേട്ട് വാ പൊളിച്ച് അടുത്തു നിന്ന ബോഡി ഗാര്‍ഡും; സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ചര്‍ച്ച
ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കാനെത്തിയ ബി.ജെ.പി എം.പി.യും നടിയുമായ കങ്കണ റണാവത്ത്, തൻ്റെ മണാലിയിലെ റസ്റ്റോറന്റിനുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വേദന പങ്കുവെച്ചു. പ്രളയക്കെടുതികൾക്കിടയിലും തൻ്റെ "ദി മൗണ്ടൻ സ്റ്റോറി" എന്ന റസ്റ്റോറന്റിൽ വെറും 50 രൂപയുടെ വിൽപന മാത്രമാണ് നടന്നതെന്നും, എന്നാൽ 15 ലക്ഷം രൂപ ശമ്പളമായി നൽകേണ്ടി വരുന്നുണ്ടെന്നും അവർ പറഞ്ഞു. "ഞാനും ഈ നാടിൻ്റെ മകളാണ്, ഇവിടുത്തെ താമസക്കാരിയാണ്. എൻ്റെ വേദനയും ദയവായി മനസ്സിലാക്കുക," കങ്കണ കൂട്ടിച്ചേർത്തു.
കനത്ത മഴയെയും തുടർന്നുണ്ടായ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഹിമാചൽ പ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കുടുംബങ്ങൾ ദുരിതക്കയത്തിലായ സാഹചര്യത്തിലാണ് എം.പി.യുടെ ഈ പരാമർശം.
ബി.ജെ.പി. നേതാവും മണാലിയിലെ മുൻ എം.എൽ.എ.യുമായ ഗോവിന്ദ് സിങ് താക്കൂറിനൊപ്പമാണ് കങ്കണ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്. പ്രദേശവാസികൾ എം.പി.യെ വിവരങ്ങൾ ധരിപ്പിച്ചു. ഏകദേശം 15 മുതൽ 16 വീടുകൾ താമസയോഗ്യമല്ലാതായി മാറിയതായി അവർ വിശദീകരിച്ചു.
'ദി മൗണ്ടൻ സ്റ്റോറി' എന്ന പേരിൽ ഈ വർഷമാദ്യമാണ് കങ്കണ മണാലിയിൽ തൻ്റെ റസ്റ്റോറന്റ് ആരംഭിച്ചത്. ഹിമാചലിൻ്റെ തനത് വിഭവങ്ങൾ ലഭ്യമാക്കുന്ന ഇടം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ഈ സ്ഥാപനം ശ്രദ്ധ നേടിയിരുന്നു.
ഈ വർഷത്തെ മൺസൂൺ കാലം സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ (SEOC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെ 419 പേർ സംസ്ഥാനത്ത് മരണപ്പെട്ടിട്ടുണ്ട്.
പ്രളയക്കെടുതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ദുരിതബാധിതർക്ക് സഹായം എത്തിക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ സന്ദർശനം തുടരുകയാണ്.
അതേസമയം, ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. നിരവധി കടകൾ ഒലിച്ചുപോയി. കെട്ടിടങ്ങൾ തകർന്നു. ദേശീയ പാതൾക്കും കേടുപാടുകളുണ്ടായി. ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാംഗ്ര, ചമ്പ, ലാഹൗൾ, സ്പിതി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉന, ഹമീർപൂർ, ബിലാസ്പൂർ, സോളൻ, മാണ്ഡി, കുളു ജില്ലകളിലും ഷിംല നഗരത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച പുലർച്ചെ കുളു ജില്ലയിലെ മണാലിയിൽ ബിയാസ് നദിയിലെ ശക്തമായ ഒഴുക്കുണ്ടായി. ഒരു ബഹുനില ഹോട്ടലും നാല് കടകളും ഒലിച്ചുപോയി. നദി കരകവിഞ്ഞൊഴുകിയതോടെ, മണാലിയിലെ ആലു ഗ്രൗണ്ടിലേക്ക് വെള്ളം ഇരച്ചുകയറി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി മാണ്ഡി ജില്ലയിലെ ബാലിച്ചൗക്കി പ്രദേശത്ത് രണ്ട് കെട്ടിടങ്ങൾ തകർന്നു. 40 ഓളം കടകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളാണ് തകർന്നത്. അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടം നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായില്ല.