ആശുപത്രികള്‍ക്കുള്ളിലെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കൊല്ലും; ജനങ്ങളെ മുഴുവന്‍ ഒരു വശത്തേക്ക് മാറ്റി മറുവശം പൂര്‍ണ്ണമായി പരിശോധിക്കും; വീടുകളും കെട്ടിടങ്ങളും കിളച്ചുമറിക്കുന്നത് 'ഗസ്സന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ' തകര്‍ക്കാന്‍; നടക്കുന്നത് വംശഹത്യയല്ല ഹമാസ് ഉന്‍മൂലനമാണെന്ന് ഇസ്രയേല്‍

നടക്കുന്നത് വംശഹത്യയല്ല ഹമാസ് ഉന്‍മൂലനമാണെന്ന് ഇസ്രയേല്‍

Update: 2025-09-18 17:20 GMT

സ്സ സിറ്റിയിലേക്ക് ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയപ്പോള്‍, മരണത്തിന്റെയും ദുരിതത്തിന്റെയും വാര്‍ത്തയാണ് എവിടെ നിന്നും ഉയരുന്നത്. അഞ്ചുലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് ഗസ്സ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഐഡിഎഫ് തന്നെ അറിയിച്ചിട്ടുണ്ട്. ആയിരങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഈ സമയത്ത് ലോകമെമ്പാടും ഇസ്രയേലിനെതിരെ വലിയ പ്രതിഷേധം അലയടിക്കുകയാണ്.

എന്നാല്‍ എന്തിനാണ് തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്നതിന് ഇസ്രയേലിന് കൃത്യമായ ഉത്തരമുണ്ട്. 2023 ഒക്ടോബര്‍ 7ന് പൊടുന്നനെ തങ്ങളുടെ രാജ്യത്തിലേക്ക് ഇരച്ചുകയറി വെട്ടിയും കുത്തിയും ബലാത്സംഗം ചെയ്തും 1200 ഓളം പേരെ കൊല്ലുകയും, 250ലേറെ പേരെ തട്ടിക്കൊണ്ട് പോവുകയും ചെയ്ത ഹമാസിന്റെ അവശേഷിക്കുന്ന കണ്ണിയെപ്പോലും, ഇല്ലാതാക്കുമെന്നാണ് ഇസ്രയേല്‍ സേനയായ ഐഡിഎഫിന്റെ വക്താക്കളും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും പറയുന്നത്. അതിനാണ് ഗസ്സയിലെ ജനങ്ങളെ ഒരു വശത്തേക്ക് മാറ്റിയുള്ള തിരച്ചില്‍ നടത്തുന്നത്.




പെരുച്ചാഴികളെപ്പോലെ ഭീകരര്‍

ഒരു കപ്പത്തോട്ടത്തിനകത്തു കയറി പെരുച്ചാഴി പിടിക്കുന്നതുപോലെ പ്രയാസമേറിയതാണ്, ഗസ്സയില്‍ ജനങ്ങള്‍ക്കിടയില്‍ ഒളിയുദ്ധം നടത്തുന്ന, ഹമാസ് ഭീകരരെ പിടികൂടുകയെന്നാണ് നേരത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി അവര്‍ക്കിടയിലാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. തുറന്ന ജയില്‍ എന്നൊക്കെ ഗസ്സയെ വിശേഷിപ്പിക്കറുണ്ടെങ്കിലും, ആ പ്രദേശത്താണ് അവര്‍ ഡല്‍ഹി മെട്രോയേക്കാള്‍ വലിയ തുരങ്കങ്ങള്‍ ഉണ്ടാക്കിയത്. ഈ അധോലോക നഗരമാണ് ഹമാസിന്റെ ശക്തി. ഗസ്സയിലെ മിക്ക സ്‌കൂളുകളുടെയും ആശുപത്രികളുടെയും, എന്തിന് വീടുകളുടെ അടിയില്‍ തുരങ്കമാണ്. ഈ തുരങ്കങ്ങളിലാണ്, അവശേഷിക്കുന്ന 50ഓളം ബന്ദികളെയും സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.


അതുകൊണ്ടുതന്നെ ഈ പെരുച്ചാഴി വേട്ടക്ക്, ഒരോ വീടും, ഓരോ ആശുപത്രിയും കിളച്ച് മറിച്ചിട്ട് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് ഗസ്സയിലെ ജനങ്ങളെ ഒരുഭാഗത്തേക്ക് മാറി മറുഭാഗം പരിശോധിക്കുന്നത് എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസ് ഗസ്സയിലുടെ നീളം നിര്‍മ്മിച്ച 1300 ഓളം തുരങ്കങ്ങളില്‍, ആയിരത്തോളം തുരങ്കങ്ങള്‍ അവര്‍ തകര്‍ത്തു കഴിഞ്ഞു. ഗസ്സയുടെ പ്രാന്തപ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ വെറും 25 കിലോമീറ്റര്‍ നീളവും, 20 കിലോമീറ്റര്‍ വീതിയുമുള്ള അല്‍മവാസി, ദേര്‍ അല്‍ബലാ ഭാഗത്തേക്ക് ഗസ്സ നിവാസികളെ ഒതുക്കിയിട്ടുണ്ട്. ഇവിടെയാണ് 15 ലക്ഷം പേര്‍ കഴിയുന്നത്. യുദ്ധത്തിനുശേഷം ഒരു ടെന്റ് സിറ്റിയായി ഈ മേഖല മാറിയിരിക്കയാണ്. ബാക്കിയുള്ള ഗസ്സക്കാര്‍ ഖാന്‍ യൂനിസിലാണ്. 5 ലക്ഷം പേരാണ് ഇവിടെ ജീവിക്കുന്നത്. ഇപ്പോള്‍ ഗസ്സയില്‍നിന് ഖാന്‍ യൂനുസിലേക്ക് വലിയതോതിലുള്ള പലായനമാണ് നടക്കുന്നത്.




സംശയം തോന്നിടത്തെല്ലാം ആക്രമണം

തങ്ങളുടെ ജനതയുടെ സുരക്ഷക്കുവേണ്ടി മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് ഇസ്രയേലിന്റെ മാറി നിലപാട്. കെട്ടിടങ്ങള്‍ക്ക് നേരെ അവര്‍ വെറുതെ റാന്‍ഡമായി ബോംബ് ചെയ്യുകയല്ല, അവിടെ ഭീകരര്‍ ഉണ്ടെന്ന് കണ്ട് ആക്രമിക്കുകയാണ്. ചിലപ്പോള്‍ ഇത് ലക്ഷ്യം തെറ്റും, ചിലപ്പോള്‍ ഇന്‍ഫര്‍മേഷന്‍ വ്യാജമാവും. അങ്ങനെയും നിരവധിപേര്‍ മരിക്കുന്നുണ്ട്്. നാലുപാടും ശത്രുക്കളാതുകൊണ്ട് ഒരുതരം ഫിയര്‍ സൈക്കോസിസിലൂടെയാണ്, ഇസ്രയേല്‍ കടന്നുപോവുന്നത്. നേരെത്ത ഹമാസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അഞ്ച് ബന്ദികളെ ഇസ്രയേല്‍ വെടിവെച്ച് കൊന്നിരുന്നു. കൈകള്‍ ഉയര്‍ത്തി ബന്ദികള്‍ കടന്നുവന്നപ്പോള്‍, അതും തങ്ങളെ കളിപ്പിക്കാനുള്ള തന്ത്രമാണെന്ന്, ഐഡിഎഫ് തെറ്റിദ്ധരിച്ചുപോയി.ആ ഫയറിങ്ങില്‍ ഇസ്രയേലിന് നഷ്മായത് അഞ്ച് സ്വന്തം പൗരന്‍മാരെയാണ്.

ഇപ്പോള്‍ ഹമാസ് കേന്ദ്രമെന്ന് സംശയിക്കുന്ന ഓരോയിടത്തും ഇസ്രയേല്‍ ആക്രമിക്കയാണ്. പതിനായിരത്തോളം ഇസ്രയേല്‍ സൈനികര്‍ ഗസ്സക്ക് അകത്തേക്ക് കടന്നു. ശക്തമായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 5 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് ഗസ്സ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഐഡിഎഫ് തന്നെ അറിയിച്ചിട്ടുണ്ട്. പാലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. അല്‍ ശിഫ, അല്‍ അഹ്ലി, അല്‍ റാന്റിസി തുടങ്ങിയ ആശുപത്രികള്‍ക്ക് സമീപം കഴിഞ്ഞ ദിവസം മിസൈലാക്രമണമുണ്ടായി. അല്‍ ശിഫയ്ക്ക് പുറത്ത് 15 പേരും അല്‍ അഹ്ലിക്ക് സമീപം നാല് പേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എങ്ങും മരണ താണ്ഡവം

ആശുപത്രിക്ക് സമീപമുള്ള ആക്രമണം പൂര്‍ണമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് പറയുന്നത്. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്ന ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം നടക്കുന്നതെന്നും ഹമാസ് പറഞ്ഞു. കുട്ടികള്‍ക്കുള്‍പ്പെടെ പരിക്കേറ്റ അല്‍ റാന്റിസിക്ക് സമീപമുണ്ടായ ബോംബാക്രമണത്തില്‍ ഭയമുണ്ടെന്ന് യുകെ മിഡില്‍ ഈസ്റ്റ് മന്ത്രി ഹാമിഷ് ഫാല്‍കോണര്‍ പറഞ്ഞു. ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളും ഡയാലിസിസിന് വിധേയമാകുന്ന കുട്ടികളും ബോംബാക്രമണത്തിന് ഇരയാക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഗാസയില്‍ ഇന്റര്‍നെറ്റ് സേവനവും ഏറെക്കുറെ പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. കരയുദ്ധം ആരംഭിച്ചതോടെ ഗസ്സ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.

ഗസ്സയില്‍ ഇന്നുമാത്രം കൊല്ലപ്പെട്ടത് 62 പേരാണ്. ഇതില്‍ 22 പേര്‍ കുട്ടികളാണ്. ഒരുലക്ഷത്തോളം പേര്‍ ഇന്നും ഗസ്സയില്‍ നിന്ന് പലായനം ചെയ്തു. പലായനം ചെയ്യാനായി ഇസ്രയേല്‍ അനുവദിച്ചുകൊടുത്ത പാത 48 മണിക്കൂര്‍ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗാസ സിറ്റിയെ കൂടാതെ ദൈറുല്‍ ബലാ നഗരത്തിലേക്കും ഇസ്രയേല്‍ സൈന്യമെത്തി. അന്താരാഷ്ട്ര തലത്തില്‍ രൂക്ഷവിമര്‍ശനമുണ്ടാകുമ്പോഴും ഹമാസിനെ പൂര്‍ണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആവര്‍ത്തിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനയും ജര്‍മനിയും വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. പക്ഷേ ഇസ്രയേല്‍ ഒരു രീതിയിലും വഴങ്ങുന്നില്ല.



അവസാനത്തെ ഹമാസുകാരയെും ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. ഇനി ഫലസ്തീന്‍ എന്ന രാഷ്ട്രം ഒരിക്കലും ഉണ്ടാവില്ല എന്നും നിരീക്ഷകര്‍ കരുതുന്നുണ്ട്. കാരണം ഗസ്സയില്‍ കൂടുതല്‍ മിലിട്ടറി ഏരിയകള്‍ ഉണ്ടാക്കി പുര്‍ണ്ണമായും റെഡ് സോണ്‍ ആക്കാനാണ് നെതന്യാഹുവിന്റെ പരിപാടി. ഒപ്പം വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റവും വര്‍ധിപ്പിക്കും. രാജ്യത്തിന്റെ സുരക്ഷമാത്രമാണ് തങ്ങളുടെ കൈയിലുളളത്് എന്നും, ആയുധം താഴെവെച്ച് ബന്ദികളെ വിട്ടുകൊടുത്താല്‍ ഈ പ്രശ്നം അവസാനിക്കുമെന്നും ഇസ്രയേല്‍ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ ഹമാസ് അതിന് ശ്രമിക്കുന്നില്ല. അതിന്റെ ഫലം അനുഭവിക്കുന്നതാവട്ടെ പാവം ഫലസ്തീനികളും.

Tags:    

Similar News