ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ജില്ലാ കളക്ടര്‍; കോടതി നിര്‍ദ്ദേശിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്ന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും; പാലിയേക്കരയില്‍ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്ന് ഹൈക്കോടതി; ഉത്തരവ് തിങ്കളാഴ്ച
പാലിയേക്കരയില്‍ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍
തൃശൂര്‍: പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ടോള്‍ നിരക്ക് പരിഷ്‌കരിച്ചതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്. പുതുക്കിയ ടോള്‍ ആയിരിക്കുമോ ഇനി മുതല്‍ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതല്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സര്‍വീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍. ഇതിനെതിരെ കരാര്‍ കമ്പനിയും എന്‍എച്ച്‌ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകള്‍ പരിഹരിച്ചു എന്നും സര്‍വീസ് റോഡുകള്‍ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി)യുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ കോടതി ആശ്രയിച്ചത്.
ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചെലവുകള്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ടോള്‍ ഇനത്തില്‍ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്നും എന്നാല്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ടോള്‍ പിരിവ് തടഞ്ഞിരുന്ന സമത്ത് ടോള്‍ നിരക്ക് പരിഷ്‌കരിച്ചിരുന്നു. വാര്‍ഷിക വര്‍ധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയാണ് ടോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.
മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുകൂലം
തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. പ്രദേശത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചതിനുപിന്നാലെയാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ടില്‍ ചിലയിടങ്ങളില്‍ ചെറിയ ഗതാഗതക്കുരുക്കുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നെങ്കിലും, തിരക്കേറിയ റോഡില്‍ ഇത് സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനാല്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ആവശ്യപ്പെട്ടിരുന്നു. ടോള്‍ പിരിവ് നിര്‍ത്തിവച്ചത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും മുന്നൂറിലധികം തൊഴിലാളികളുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. അതേസമയം, പുതുക്കിയ ടോള്‍ ആയിരിക്കുമോ ഇനിമുതല്‍ ഈടാക്കുകയെന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകുള്ളൂ.