'ചിലര്‍ എന്നോട് മകളെ കാണാതായ കഥ പറയാന്‍ പറഞ്ഞു; സ്വത്ത് പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്; എനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല; പറഞ്ഞതെല്ലാം കള്ളം; രാജ്യത്തോട് ക്ഷമ ചോദിക്കുന്നു'; പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സുജാത ഭട്ട്; ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്

ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്

Update: 2025-08-23 05:07 GMT

ബെംഗളൂരു: ധര്‍മ്മസ്ഥല തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ തനിക്ക് അങ്ങനെ ഒരു മകളില്ലെന്ന് വെളിപ്പെടുത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. സുജാതയുടെ വീട്ടിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടി. പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്നും 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്നാണ് അന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് ഇപ്പോള്‍ പറയുന്നത്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. 'ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം.'- ഇവര്‍ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരനും വെളിപ്പെടുത്തി. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003-ല്‍ തന്റെ മകള്‍ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ, പരാതി എസ്‌ഐടിക്ക് കൈമാറിയിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താന്‍ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്നം കാരണം ആക്ടിവിസ്റ്റുകള്‍ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ ആരോപിച്ചു. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവര്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാന്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ധര്‍മസ്ഥലയോട് ചേര്‍ന്ന വനമേഖലയില്‍ നിരവധിപേരെ സംസ്‌കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

ചിലര്‍ എന്നോട് മകളെ കാണാതായ കഥ പറയാന്‍ പറഞ്ഞു. സ്വത്ത് പ്രശ്‌നം കൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ധര്‍മ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ആരോടും പണം ചോദിച്ചിട്ടുമില്ല. എന്റെ ഒപ്പില്ലാതെ എന്റെ മുത്തച്ഛന്റെ സ്വത്ത് എങ്ങനെ വിട്ടുകൊടുത്തു എന്നതായിരുന്നു ഞാന്‍ ചോദ്യം ചെയ്തത്. അതാണ് ഞാന്‍ ചോദിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ലക്ഷ്യത്തോടെയല്ല താന്‍ ഇങ്ങനെ ചെയ്തത്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി, ധര്‍മ്മസ്ഥലയിലെ ഭക്തര്‍ക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവന്‍ രാജ്യത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ ആഴ്ച ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അവരുടെ പുതിയ മൊഴികള്‍. 2003 മെയ് മാസത്തില്‍ ധര്‍മ്മസ്ഥല സന്ദര്‍ശനത്തിനിടെ 18 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യയെ കാണാതായതായി സുജാത ആദ്യ പരാതിയില്‍ ആരോപിച്ചു. അനന്യയുടെ സുഹൃത്തുക്കള്‍ ഷോപ്പിംഗിന് പോയപ്പോള്‍, ക്ഷേത്രപരിസരത്ത് അനന്യ നിന്നുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് മകളെ കാണാതായെന്നും അവര്‍ പറഞ്ഞു. മകളുടെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയി തടഞ്ഞുനിര്‍ത്തി, ധര്‍മ്മസ്ഥലയിലേക്ക് മടങ്ങുകയോ ആരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സുജാത ആരോപിച്ചിരുന്നു.

ആ ഫോട്ടോ മറ്റൊരാളുടേത്

തന്റെ മകള്‍ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന്‍ രേഖകള്‍ നിലവിലില്ലെന്ന് എസ്ഐടി കണ്ടെത്തി. പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവര്‍ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്‌ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവര്‍ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ബിഇഎല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകന്‍ ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മകന്‍ ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് ശ്രീവത്സയില്‍നിന്ന് വേര്‍പിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007-ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇത് അവരുടെ കുടുംബ സ്വത്തിന്മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ല്‍ മരിച്ചു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ രംഗപ്രസാദ് ഈ വര്‍ഷം ജനുവരി 12-ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News