'സഹായം ഉടന്‍ എത്തും' എന്ന് ട്രംപ് പറഞ്ഞു; പിന്നാലെ ഇറാനില്‍ പ്രകമ്പനം സൃഷ്ടിച്ച് വ്യോമാക്രമണം; ആകാശം മുട്ടെ പുക ഉയരുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം! 'ഐ ലവ് ട്രംപ്' വിളികളുമായി ഇറാനിയന്‍ യുവത! ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി ജനകീയ വികാരം; 6000-ത്തിലധികം പേരെ കൊന്നൊടുക്കിയ ക്രൂരതയ്ക്ക് മറുപടിയോ? ടെഹ്റാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍!

Update: 2026-02-28 17:23 GMT

ടെഹ്റാന്‍: ഇറാനില്‍ പ്രകമ്പനം സൃഷ്ടിച്ച യു എസ് - ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നുള്ള അപൂര്‍വ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആകാശം മുട്ടെ പുക ഉയരുന്നതിനിടയില്‍ ഒരു കൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി 'ഐ ലവ് ട്രംപ്' (I love Trump!) എന്ന് വിളിച്ചുപറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ക്കിടയിലുള്ള അമര്‍ഷത്തിന്റെ സൂചനയായാണ് ഈ ദൃശ്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ജനുവരി ആദ്യവാരം ഇറാനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി നേരിട്ടതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടയില്‍ ഏകദേശം 6,480 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് 'സഹായം ഉടന്‍ എത്തും' എന്ന് ട്രംപ് നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇറാനിലെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇപ്പോള്‍ അമേരിക്ക നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തെ ഒരു വിഭാഗം ഇറാന്‍ ജനത സ്വാഗതം ചെയ്യുന്നുവെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇറാനില്‍ ഭരണമാറ്റത്തിന് ആഹ്വാനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ഇറാനിലെ പുരോഹിത ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങള്‍ ഈ അവസരം ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. 'ആക്രമണം അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഗവണ്‍മെന്റ് ഏറ്റെടുക്കുക. ഇത് തലമുറകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഏക അവസരമായിരിക്കും,' എന്ന് ട്രംപ് പ്രഖ്യാപിച്ചു. ആയുധം താഴെ വെക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 'മാപ്പ്' (Immunity) നല്‍കുമെന്നും, അല്ലാത്തപക്ഷം 'ഉറപ്പായ മരണം' നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഈ വന്‍കിട ആക്രമണത്തിന് 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്നാണ് പേരിട്ടിരിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഖമനേയിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 86 വയസ്സുകാരനായ ഖമനേയി ഈ ആക്രമണത്തില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആക്രമണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

ആക്രമണം ആരംഭിച്ചതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' (Truth Social) ഡൊണാള്‍ഡ് ട്രംപ് ഇറാനിയന്‍ ഭരണകൂടത്തിന് കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം വരിക്കുക. റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളോടും പോലീസിനോടും എനിക്ക് പറയാനുള്ളത് ഇതാണ്-ആയുധം താഴെ വെച്ചാല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാം. അല്ലാത്തപക്ഷം നിങ്ങളെ കാത്തിരിക്കുന്നത് മരണം മാത്രമായിരിക്കും.'ഇറാനിലുടനീളം ഡസന്‍ കണക്കിന് നഗരങ്ങളില്‍ ഒരേസമയം അമേരിക്കന്‍ വ്യോമസേന പ്രഹരമേല്‍പ്പിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കത്തിന് 'തകര്‍പ്പന്‍ മറുപടി' നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ 8 മണിയോടെ വടക്കന്‍ ഇസ്രയേലില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളോ ഡ്രോണുകളോ ആകാം ഇതിന് പിന്നിലെന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സൈനിക നീക്കം ഇറാനില്‍ മാത്രം ഒതുങ്ങാതെ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ മേഖലയാകെ യുദ്ധഭീതിയിലായി. ഇറാനെതിരായ ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബഹ്റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ (5th Fleet) ആസ്ഥാനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്നു. കെട്ടിടത്തിന് മുകളില്‍ പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.അബുദാബിയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ സ്‌ഫോടനമുണ്ടായി. നൂറ് കിലോമീറ്റര്‍ അകലെയുള്ള ദുബായില്‍ പോലും വീടുകള്‍ കുലുങ്ങിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

'ഇറാന്റെ മിസൈല്‍ വ്യവസായത്തെ ഞങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കും. അവരുടെ നാവികസേനയെ നാമാവശേഷമാക്കും. ഈ മേഖലയിലെ ഭീകരവാദ സംഘങ്ങളെ ഇനി ലോകത്തെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല. ഇറാന്‍ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ല എന്ന ലളിതമായ സന്ദേശമാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളത്. ഇറാന്‍ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവയെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ലണ്ടന്‍ അറിയിച്ചു. 'ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ല' എന്ന് പറഞ്ഞ യുകെ സര്‍ക്കാര്‍, ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസുകളും ഉള്‍പ്പെടുന്ന കോമ്പൗണ്ട് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 86 വയസ്സുകാരനായ ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. തെക്കന്‍ ഇറാനിലെ ഒരു പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 40 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ (IRNA) റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുട്ടികളടക്കം 80 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

Similar News