കൊച്ചി മെട്രോ പില്ലറിന് മുകളിൽ ഹൃദയം നുറുങ്ങുന്ന ഒരു കരച്ചിൽ; മുകളിലോട്ട് നോക്കിയ ആ അമ്മ കണ്ടത് കുടുങ്ങിക്കിടക്കുന്ന കുഞ്ഞി 'പൂച്ച'യെ; ഒരൊറ്റ കോളിൽ സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; ചെറിയ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച; അന്നത്തെ 'സുഭാഷ്' മിഷനെ ആസ്പദമാക്കി ഇറക്കിയ 'എഐ' വീഡിയോ വൈറൽ; ഇതാണ് 'യഥാർത്ഥ കേരള സ്റ്റോറി' എന്ന് സോഷ്യൽ മീഡിയ

Update: 2026-02-28 07:40 GMT

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കഥകൾ പറയുന്ന സിനിമകൾക്കിടയിൽ, സ്നേഹത്തിന്റെയും കരുണയുടെയും യഥാർത്ഥ 'കേരള സ്റ്റോറി' എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് കൊച്ചി നഗരം. കൊച്ചി മെട്രോയുടെ കൂറ്റൻ പില്ലറിന് മുകളിൽ മരണത്തെ മുഖാമുഖം കണ്ട് കുടുങ്ങിക്കിടന്ന ഒരു കുഞ്ഞു പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിന്ന ആവേശകരമായ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഈ രക്ഷാദൗത്യത്തെ ആസ്പദമാക്കി നിർമ്മിച്ച 'എഐ' വീഡിയോ വൈറലായതോടെ, മലയാളിയുടെ നന്മയെ ലോകം വാഴ്ത്തുകയാണ്.

എഐ വീഡിയോ യിലെ ദൃശ്യങ്ങൾ ഇങ്ങനെ...

കൊച്ചിയിലെ തിരക്കേറിയ ഒരു സായാഹ്നത്തിലായിരുന്നു ആ സംഭവം. മെട്രോ പില്ലറുകൾക്കിടയിൽ നിന്ന് ദയനീയമായ ഒരു കരച്ചിൽ കേട്ടാണ് പത്തടിപ്പാലത്തിന് സമീപം ഒരു വീട്ടമ്മ മുകളിലോട്ട് നോക്കിയത്. മെട്രോയുടെ ഉയരമേറിയ കോൺക്രീറ്റ് പില്ലറിന് മുകളിലെ ഇടുങ്ങിയ വിടവിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഭയന്നു വിറച്ച് ഇരിക്കുന്നു. താഴേക്ക് നോക്കിയാൽ ആഴമേറിയ ഗർത്തം, മുകളിൽ മെട്രോ ട്രെയിനുകളുടെ കുതിച്ചുപാച്ചിൽ. എങ്ങോട്ട് നീങ്ങണമെന്നറിയാതെ മരണം മുന്നിൽ കണ്ട ആ മിണ്ടാപ്രാണിയുടെ കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു.

ദൗത്യം ‘സുഭാഷ്’: ആംബുലൻസും ഫയർഫോഴ്സും പാഞ്ഞെത്തി

പൂച്ചക്കുട്ടിയെ രക്ഷിക്കാൻ നാട്ടുകാർ ഒത്തുചേർന്നതോടെ അതൊരു വലിയ ജനകീയ ദൗത്യമായി മാറി. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. മിണ്ടാപ്രാണിയാണല്ലോ എന്ന് കരുതി ആരും മുഖം തിരിച്ചില്ല. മിനിറ്റുകൾക്കുള്ളിൽ തൃപ്പൂണിത്തുറയിൽ നിന്നും ഗാന്ധിനഗറിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മൃഗസ്നേഹികളും ആംബുലൻസ് പ്രവർത്തകരും ഒപ്പം ചേർന്നു. മെട്രോ അധികൃതർ ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും മുന്നോട്ടുവന്നു.

'സുഭാഷ്' എന്ന് പേരിട്ട ഈ മിഷൻ അക്ഷരാർത്ഥത്തിൽ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഉയരമേറിയ ലാഡറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആ കുഞ്ഞുജീവനെ സുരക്ഷിതമായി താഴെയെത്തിച്ചു. താഴെ ആകാംക്ഷയോടെ കാത്തുനിന്ന ജനക്കൂട്ടം കൈയടികളോടെയാണ് ആ രക്ഷകരെ സ്വീകരിച്ചത്.

വൈറലായി എഐ വീഡിയോ; ഇതാണ് കേരളം!

ഈ ഹൃദയസ്പർശിയായ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു എഐ വീഡിയോയാണിപ്പോൾ ഇന്റർനെറ്റിൽ തീ പടർത്തുന്നത്. പില്ലറിന് മുകളിൽ വിറച്ചിരിക്കുന്ന പൂച്ചക്കുട്ടിയും, താഴെ അവനെ രക്ഷിക്കാൻ ആകുലതയോടെ നിൽക്കുന്ന മനുഷ്യരും, ഒടുവിൽ അവനെ നെഞ്ചോട് ചേർക്കുന്ന ഉദ്യോഗസ്ഥനുമെല്ലാം വീഡിയോയിൽ അതിവൈകാരികമായി ചിത്രീകരിച്ചിരിക്കുന്നു. "ഇതാണ് യഥാർത്ഥ കേരള സ്റ്റോറി" എന്ന ഹാഷ്‌ടാഗോടെയാണ് ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ പങ്കുവെക്കുന്നത്.

യഥാർത്ഥ സംഭവം ഇങ്ങനെ

കൊച്ചി മെട്രോയിലെ 555-ാം പില്ലറിലാണ് സുഭാഷ് എന്ന പൂച്ച കുടുങ്ങി കിടക്കുന്നത്. വല അടക്കമുള്ള സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറി പില്ലറിൽ നിന്നും സുഭാഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിൽ കാണുന്ന പില്ലറിലാണ് പൂച്ച കുടുങ്ങിയത്. പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞിരുന്നു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും.

556 –ാം പില്ലറിനു സമീപത്താണ്‌ പൂച്ചയെ കണ്ടെത്തിയത്‌. ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്താൽ മെട്രോ പില്ലറിന്റെ ഉയരത്തിലെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൂച്ച പിടിതരാതെ മാറിയതിനാൽ ദൗത്യം വിജയിച്ചില്ല. തുടർന്ന്‌ ശ്രമം താൽക്കാലികമായി അവസാനിപ്പിച്ചു. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കും വെല്ലുവിളിയായി. പൂച്ചക്ക് തനിയെ രക്ഷപ്പെട്ടുപോകാൻ പില്ലറിൽനിന്ന് അടുത്തുള്ള മരത്തിലേക്ക് വലയിട്ട ശേഷമാണ് ദൗത്യം നിർത്തിയത്‌. പൂച്ചയ്‌ക്ക്‌ ഭക്ഷണവും എത്തിച്ചിരുന്നു. ഇതിനടയിൽ പലപ്രാവശ്യം മെട്രോ സർവീസും നിർത്തിവച്ചു.


പിന്നീട്‌ മെട്രോ സർവീസുകൾ അവസാനിച്ചശേഷം ശനി രാത്രി 12ഓടെയാണ്‌ രക്ഷാദ‍ൗത്യം പുനരാരംഭിച്ചത്‌. പൂച്ചയെ മൃഗസംരക്ഷണ പ്രവർത്തകർ ഏറ്റെടുത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. സമീപത്തെ ഓട്ടോറിക്ഷക്കാരാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയിലെ കുഴിയിൽ കുടുങ്ങിയ കഥാപാത്രത്തിന്റെ പേര്‌ പൂച്ചയ്‌ക്ക്‌ നൽകിയത്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലത്ത്, ഒരു പൂച്ചക്കുട്ടിക്ക് വേണ്ടി കോടികൾ വിലമതിക്കുന്ന മെട്രോ സംവിധാനവും സർക്കാർ സംവിധാനങ്ങളും ഒന്നിച്ചു നിന്നത് ചെറിയ കാര്യമല്ല. "ഒരു ജീവന്റെ വില അത് മനുഷ്യന്റേതായാലും മൃഗത്തിന്റേതായാലും ഒന്നാണെന്ന് മലയാളി ഒരിക്കൽ കൂടി തെളിയിച്ചു. ലോകം മുഴുവൻ ഈ കേരള മാതൃക കാണണം." - വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു.

കൊച്ചി മെട്രോ പില്ലറിലെ ആ പൂച്ചക്കുട്ടി ഇന്ന് സുരക്ഷിതനാണ്. എന്നാൽ അവൻ നൽകിയ സന്ദേശം വലുതാണ് - സ്നേഹമാണ് ഏറ്റവും വലിയ മതം, കരുണയാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ നന്മയാണ് കേരളത്തെ ഇന്നും ലോകത്തിന് മുന്നിൽ വ്യത്യസ്തമാക്കുന്നത്.

Tags:    

Similar News