ഓണത്തിനിടയ്ക്ക് മന്ത്രി വീണയുടെ പുട്ട് കച്ചവടം; പത്തനംതിട്ട മേല്‍പ്പാല നിര്‍മാണത്തിന് റോഡ് അടയ്ക്കുന്നതിനെതിരേ വ്യാപാരികള്‍; പതിഷേധം കനത്തപ്പോള്‍ കലക്ടര്‍ യോഗം വിളിച്ചു: ഇനിയെല്ലാം ഓണം കഴിഞ്ഞു മതി

Update: 2025-08-24 04:38 GMT

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്വപ്ന പദ്ധതിയും നാട്ടുകാര്‍ക്ക് ദുരന്തവുമായ ടൗണ്‍ സ്‌ക്വയര്‍ മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി റോഡ് അടയ്ക്കാനുള്ള ശ്രമം വ്യാപാരികള്‍ തടഞ്ഞു. റിങ് റോഡില്‍ ടൗണ്‍ സ്‌ക്വയര്‍ ജങ്ഷനില്‍ നിന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കും മുത്തൂറ്റ് ആശുപത്രിയിലേക്കുമുള്ള ഭാഗമാണ് ഇന്നലെ മുതല്‍ അടയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ഇവിടെ മേല്‍പ്പാലത്തിന്റെ തൂണുകള്‍ നിര്‍മിക്കുന്നതിന് പണി നടത്തുന്നതിന് വേണ്ടിയാണ് റോഡുകള്‍ അടയ്ക്കുമെന്ന് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ അറിയിച്ചിരുന്നത്. രാവിലെ തന്നെ പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഇറങ്ങി വരുന്ന ഭാഗം പൊതുമരാമത്ത് അധികൃതര്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ രംഗത്തിറങ്ങി ഉദ്യോഗസ്ഥരെ തടഞ്ഞത്.

ഓണക്കാലത്ത് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് പൊതുമരാമത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗതാഗതം തടഞ്ഞത്. ഓണക്കാലം ലക്ഷ്യമിട്ട് വ്യാപാരികള്‍ ലക്ഷങ്ങളുടെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് അടയ്ക്കുന്നത് കച്ചവടക്കാരെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് പറഞ്ഞാണ് വ്യാപാരികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.

നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായിട്ടുള്ള ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയോട് ആലോചിക്കാതെയാണ് ഗതാഗതം വഴി തിരിച്ചു വിട്ടത്. കമ്മറ്റി കൂടിയിട്ടാണ് ഇത്തരമൊരു തീരുമാനമെങ്കില്‍ അതിന്റെ മിനുട്സ് കാണണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. എസ്.പിയും ഡിവൈ.എസ്.പിയും വ്യാപാരി വ്യവസായി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിളിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് കലക്ടര്‍ അനുകൂലമായി പ്രതികരിച്ചു. കമ്മറ്റി വിളിക്കാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. ഓണക്കച്ചവടത്തിന് ശേഷം മാത്രമേ ടൗണ്‍ സ്‌ക്വയറില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് അടയ്ക്കുകയുള്ളൂവെന്ന് കലക്ടര്‍ വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി.

മേല്‍പ്പാല നിര്‍മാണത്തിന്റെ പേരില്‍ വലിയ ദുരിതമാണ് വ്യാപാരികള്‍ നിലവില്‍ അനുഭവിക്കുന്നത്. കടകളില്‍ വ്യാപാരം മൂന്നിലൊന്നായി. യാതൊരു ആവശ്യവുമില്ലാത്തതാണ് ഈ മേല്‍പ്പാലമെന്നതാണ് ജനങ്ങളുടെ പ്രതികരണം. ഇവിടെ ഒരു മേല്‍പ്പാലം വരുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഗതാഗത കുരുക്കിന്റെ പേര് പറഞ്ഞ് കൊണ്ടു വന്ന മേല്‍പ്പാലം വലിയ ദുരന്തമായി മാറുന്നതാണ് കാണുന്നത്. ജങ്ഷനുകളിലെ ബസ് സ്റ്റോപ്പ് ഒഴിവാക്കുകയും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ തീരാവുന്ന വിഷയത്തിന്റെ പേരില്‍ കൊണ്ടു വന്ന മേല്‍പ്പാലം മന്ത്രി വീണാ ജോര്‍ജിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാല്‍, ഇത് ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    

Similar News