യുഎസിലെ മിനിയപുലിസില്‍ കത്തോലിക്ക പള്ളിയില്‍ വെടിവെപ്പ്; രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരിക്കേറ്റു; കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി ജനാലയിലൂടെ തുരുതുരാ നിറയൊഴിച്ചതോടെ പള്ളിയാകെ ചോരപ്പുഴ; വെടിവെപ്പ് നടന്നത് ഇടവകയിലെ സ്‌കൂളില്‍; ശക്തമായി അപലപിച്ച് ട്രംപ്
യുഎസിലെ മിനിയപുലിസില്‍ കത്തോലിക്ക പള്ളിയില്‍ വെടിവെപ്പ്
മിനുസോട്ട: യുഎസില്‍, മിനുസോട്ട നഗരത്തിലെ, മിനിയപുലിസില്‍ കത്തോലിക്ക പള്ളിയിലേക്ക് ഇരച്ചുകയറിയ അക്രമിയുടെ വെടിവെപ്പില്‍ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു. ഇടവകയിലെ സ്‌കൂളില്‍ വര്‍ഷാരംഭ കുര്‍ബാനയ്ക്കിടെയായിരുന്നു വെടിവെപ്പ്.
രാവിലെ, കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അനന്‍സിയേഷന്‍ കത്തോലിക്ക പള്ളിയുടെ കണ്ണാടി ജനാലയിലൂടെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
20 ഓളം പേര്‍ക്ക് പരിക്കേറ്റു. 40 മിനിറ്റില്‍ 50 വെടിയൊച്ചകള്‍ കേട്ടതായി പരിസരവാസി പ്രതികരിച്ചു. ഇതുകൊടും ക്രൂരതയാണ്. ഇതിനെ എങ്ങനെയാണ് ചെറുക്കേണ്ടതെന്ന് അറിയില്ല, ഒരു രക്ഷിതാവ് പറഞ്ഞു. നിരവധി കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമി സ്വയം വെടിവച്ച് മരിച്ചുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍.
രാവിലെ 8.30 ഓടെ, 54 ാം തെരുവിലെ അനന്‍സിയേഷന്‍ കത്തോലിക്ക പള്ളിയിലേക്ക് വളരെ കൂളായി ആയുധധാരി കടന്നുവരികയായിരുന്നു. തിങ്കളാഴ്ചയാണ് ഇവിടുത്തെ കത്തോലിക്ക സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങിയത്.
വെടിവെപ്പിനെ തുടര്‍ന്ന് കുട്ടികളെയെല്ലാം പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചു. പല കുട്ടികളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. അവരുടെ ശരീരമാകെ ചോരയില്‍ മുങ്ങിയിരുന്നു. ഒരു കുട്ടിയുടെ കഴുത്തിലാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷിയായി ഒരാള്‍ സ്റ്റാര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
പൊലീസും എഫ്ബിഐയും മറ്റു ഫെഡറല്‍ ഏജന്റുമാരും സ്ഥലത്തെത്തി. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സംഭവത്തെ അപലപിച്ചു. വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
സംഭവം ഭീകരമെന്നാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം വിശേഷിപ്പിച്ചത്. ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു. മിനുസോട്ട ഗവര്‍ണര്‍ ടിം വാള്‍ട്‌സും, മിനിയപുലിസ് മേയര്‍ ജേക്കബ് ഫ്രേയും സ്ഥിതിഗതികള്‍ വിലയിരുത്തി.