വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തു കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ സമുദ്രജല പ്രവാഹം; ഗള്‍ഫ് സ്ട്രീം പൊട്ടുമോ? അമോക് തകര്‍ന്നാല്‍ എന്ത് സംഭവിക്കും?

Update: 2025-08-30 06:46 GMT

ലോകം ഇപ്പോള്‍ ആശങ്കയോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹം ഏത് നിമിഷം വേണമെങ്കിലും തകരാം എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. സമുദ്ര പ്രവാഹങ്ങളുടെ വളരെ വിശാലമായ ആഗോള വ്യവസ്ഥയുടെ ഭാഗമായ ഗള്‍ഫ് സ്ട്രീം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വടക്കോട്ട് നീങ്ങിയിരുന്നു. കഴിഞ്ഞ 200 വര്‍ഷത്തിലേറെയായി അത് ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുകൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ ഒരു സമുദ്രജല പ്രവാഹമാണ് ഗള്‍ഫ് സ്ട്രീം.

അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക്ക് എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന അതി വിശാലമായ ഒരു പ്രവാഹ വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഗള്‍ഫ് സ്ട്രീം. അമോക്കിനെ സമുദ്രത്തിന്റെ കണ്‍വെയര്‍ ബെല്‍റ്റ് എന്നാണ് വിളിക്കപ്പെടുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തിനടുത്തുള്ള ചൂടുള്ള ഉപ്പുവെള്ളം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് ഇത് കൊണ്ട് പോകുന്നു. യൂറോപ്പ്, യു.കെ, യുഎസ് കിഴക്കന്‍ തീരം എന്നിവിടങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഇതിന്റെ പങ്ക് നിര്‍ണായകമാണ്.

അമോക്ക് തകര്‍ന്നാല്‍ അത് യൂറോപ്പിലെ വലിയൊരു മേഖലയെ കൊടും ശൈത്യത്തിലേക്ക് തള്ളിവിടും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഗള്‍ഫ്സ്ട്രീം തകര്‍ന്നാല്‍ യു.കെയുടെ ചില ഭാഗങ്ങളിലെ തണുപ്പ് മുപ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴും എന്നാണ് കരുതപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പ്രകൃതിയില്‍ വര്‍ദ്ധിക്കുന്നത് കാരണമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമോക്ക് തകരുന്നതിന്റെ ഭാഗമായി ശക്തമായ ശീതക്കൊടുങ്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം കൊടുങ്കാറ്റുകളും വെളളപ്പൊക്കവും കാരണം നിരവധി പേര്‍ മരിക്കാന്‍ സാധ്യത ഉള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2100 ന് ശേഷം അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക്ക് തകരുമെന്നാണ് യൂറോപ്പില്‍ നിന്നുള്ള ഒരു ഗവേഷണ സംഘം കണ്ടെത്തിയത്. ഹരിതഗൃഹ വാതക ഉദ്വമനം ഉയര്‍ന്ന തോതില്‍ തുടര്‍ന്നാല്‍ ഇത് സംഭവിക്കും എന്നാണ് അവരുടെ താക്കീത്. അമോക്ക് തകര്‍ന്നാല്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കടുത്ത ശൈത്യകാലവും വരണ്ട വേനല്‍ക്കാലവും ഉണ്ടാകാം. കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പ് ഉയരും. അമേരിക്കയിലെ മത്സ്യബന്ധന വ്യവസായങ്ങളെ ഇത് തടസ്സപ്പെടുത്താം. ആഗോളതാപനമാണ് തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് ലാബ്രഡോര്‍, നോര്‍ഡിക് കടലുകള്‍ പോലുള്ള വടക്കന്‍ കടലുകളില്‍ ആഴക്കടല്‍ ജലം കലരുന്നത് തടയുകയും ഉപരിതല ജലത്തെ കൂടുതല്‍ ചൂടുപിടിക്കുകയും ഉപ്പുവെള്ളം കുറയ്ക്കുകയും ചെയ്യുന്നു.

ബോസ്റ്റണ്‍ അല്ലെങ്കില്‍ ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ കൂടുതല്‍ കഠിനമായ കാലാവസ്ഥ അനുഭവപ്പെടാം. ഫ്േളാറിഡ, കരോലിനാസ് അല്ലെങ്കില്‍ ഗള്‍ഫ് കോസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ കൊടുങ്കാറ്റ് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് കരോലിന മുതല്‍ മെയ്ന്‍ വരെ സമുദ്രനിരപ്പ് വേഗത്തില്‍ ഉയര്‍ന്നേക്കാം.

Tags:    

Similar News