ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് ഉണ്ടായ വൈരാഗ്യം; വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് ഭീഷണി കള്ളക്കേസായി; ബൈരക്കുപ്പയില്‍ നിന്നും മദ്യ വാങ്ങിയത് ആര്? 17 ദിവസം അകത്തു കിടന്നത് ഐസി ബാലകൃഷ്ണന്റെ വിശ്വസ്തന്‍; വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് അതിരുവിട്ടു; പോലീസിനുണ്ടായത് വന്‍ വീഴ്ച
പുല്‍പ്പള്ളി: വീട്ടിലെ കാര്‍ പോര്‍ച്ചില്‍നിന്ന് സ്ഫോടകവസ്തുവും കര്‍ണാടക മദ്യവും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചന്‍ (54, അഗസ്റ്റിന്‍) റിമാന്‍ഡിലായ സംഭവം കോണ്‍ഗ്രസിലെ ഗ്രൂപ്പുപകയെന്ന് റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഗൗരവത്തില്‍ എടുക്കും. വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പു പോരിനെ ഇത് പുതിയ തലത്തില്‍ എത്തിക്കും. തങ്കച്ചന്‍ നേതാക്കളോട് പരാതി പറഞ്ഞിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നത് ഹൈക്കമാണ്ടിനേയും ഞെട്ടിച്ചിട്ടുണ്ട്. പോലീസിനും വലിയ വീഴ്ചയാണ് ഉണ്ടായത്.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ അനുകൂലിക്കുന്ന ഇയാളെ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ആരോപം. ഇതിനുവേണ്ടി കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്ന് മദ്യംവാങ്ങിയ മരക്കടവ് പുത്തന്‍വീട് പി എസ് പ്രസാദി (41)നെ അറസ്റ്റുചെയ്തു. ഇതോടെയാണ് കുതന്ത്രം പുറത്തായത്. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിനാണ് മദ്യം കൈമാറിയതെന്നും അഭിഭാഷകനായ ഡിസിസി ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം എന്നിവരടങ്ങിയ സംഘമാണ് ഗൂഢാലോചന നടത്തി മദ്യവും സ്ഫോടകവസ്തുവും കൊണ്ടുവച്ചതെന്നും പുല്‍പ്പള്ളി പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രസാദ് മൊഴിനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്രസാദിന്റെ ഫോണ്‍ രേഖ പരിശോധിച്ചതില്‍ നിന്ന് ഇവരുടെപങ്കും വ്യക്തമായി എന്നാണ് റിപ്പോര്‍ട്ട്. നിരപരാധിയാണെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് തങ്കച്ചന്‍ ഞായര്‍ ജയില്‍മോചിതനായി.
ഓഗസ്ത് 22ന് രാത്രിയിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് തങ്കച്ചന്റെ മരക്കടവ് വരവൂരിലെ വീട്ടില്‍നിന്ന് 20 പാക്കറ്റ് മദ്യവും 15 തോട്ടയും 10 ക്യാപ്പും കണ്ടെടുക്കുന്നത്. അറസ്റ്റിലായ തങ്കച്ചന്‍ അടുത്തദിവസം റിമാന്‍ഡിലായി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനടക്കമുള്ള നേതാക്കന്‍മാര്‍ കേസില്‍പ്പെടുത്തിയതാണെന്ന് തൊട്ടടുത്തദിവസം ഭാര്യ സിനിയും മകന്‍ സ്റ്റീവ് ജിയോയും മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. കേസില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്വിസ്റ്റുണ്ടായത്. മദ്യം വാങ്ങിയ ഗൂഗിള്‍ പേ വിവരം, സിസി ടിവി ദൃശ്യം, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയവ ശേഖരിച്ചാണ് പൊലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. മദ്യവും സ്ഫോടക വസ്തുക്കളും കൊണ്ടുവച്ചയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗുഡാലോചന നടത്തിയ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരും വരുംദിവസങ്ങളില്‍ അറസ്റ്റിലാകും. ഇത് വയനാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുമാകും.
ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെ അനൂകുലിക്കുന്ന ഒരു വിഭാഗമാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് തങ്കച്ചനെതിരെ ഉണ്ടായ വൈരാഗ്യമാണ് കള്ളക്കേസില്‍ കലാശിച്ചത്. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ നേതാക്കളെയും പിടികൂടണമെന്നും ഇല്ലെങ്കില്‍ നിയമനടപടി ആലോചിക്കുമെന്നും തങ്കച്ചന്‍ പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. നിരപരാധിത്വം പറയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാല്‍, ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറയുന്നു. കവറില്‍ ഫിംഗര്‍പ്രിന്റ് പരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാല്‍ നോക്കിയാല്‍ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളാണ് കേസിന് പിന്നില്‍. വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയില്‍ ഇട്ട ഇര മാത്രമാണ്. യാഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് 17 ദിവസം ജയിലില്‍ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കില്‍ 60 ദിവസം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ജയിലില്‍ കാണാന്‍ വന്നിരുന്നു. ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ കര്‍ശന അന്വേഷണവും നടപടിയും ഉണ്ടാകും. വയനാട്ടില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയതയുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ ചതിയിലൂടെ കുടുക്കുന്നത് അന്തസ്സ് ഇല്ലാത്ത രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.