'ഞാന്‍ വഴിയാധാരമായിരിക്കുന്നു'; വില്‍പത്രത്തെ എതിര്‍ത്ത് സഞ്ജയുടെ അമ്മ റാണി കപൂറും; ആസ്തികള്‍ മരവിപ്പിക്കാന്‍ ഇടക്കാല ഉത്തരവ് വേണമെന്ന് മഹേഷ് ജേഠ്മലാനി; ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയ കപൂറിന്റെ അഭിഭാഷകന്‍

ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയ കപൂറിന്റെ അഭിഭാഷകന്‍

Update: 2025-09-10 15:15 GMT

ന്യൂഡല്‍ഹി: സോന കോംസ്റ്റാര്‍ ചെയര്‍മാന്‍ സഞ്ജയ് കപൂര്‍ എഴുതിയ വില്‍പത്രത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് സഞ്ജയിന്റെ അമ്മ റാണി കപൂര്‍ രംഗത്ത്. തന്നെയും ഒഴിവാക്കിയെന്ന് അവര്‍ ആരോപിച്ചു. എനിക്കൊന്നും ലഭിച്ചില്ല. ഞാന്‍ അവകാശിയാണ്. ഇപ്പോഴിതാ ഞാന്‍ വഴിയാധാരമായിരിക്കുന്നു. തനിക്ക് 10,000 കോടിയിലധികം രൂപയുടെ ആസ്തികള്‍ നഷ്ടപ്പെട്ടെന്നും കൂരയില്ലാതായെന്നും അവര്‍ അവകാശപ്പെട്ടതോടെ സഞ്ജയ് കപൂര്‍ കുടുംബത്തിലെ 30,000 കോടിയുടെ സ്വത്ത് തര്‍ക്കം കൂടുതല്‍ വഷളായിരിക്കുകയാണ്.

മുന്‍ ഭാര്യയും നടിയുമായ കരിഷ്മ കപൂര്‍ ഇവരുടെ മക്കളായ സമൈറ, കിയാന എന്നിവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വില്‍പത്രത്തിന്റെ സാധുത ചോദ്യം ചെയ്തു ഹര്‍ജി നല്‍കിയിരുന്നു. സ്വത്ത് വകകളില്‍ നിന്ന് തങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും സ്വത്തുക്കളില്‍ 'സ്റ്റാറ്റസ് കോ' നടപ്പാക്കണമെന്നും കോടതിയില്‍ ഹര്‍ജിക്കാര്‍ വാദിച്ചു. സഞ്ജയ് കപൂറിന്റെ ഏകദേശം 30,000 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. സഞ്ജയിന്റെ മൂന്നാം ഭാര്യ പ്രിയ കപൂറിനെതിരെയാണ് ഹര്‍ജി.

അതേ സമയം കരിഷ്മ കപൂറിന്റെ മക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ സഞ്ജയുടെ ഭാര്യ പ്രിയ കപൂറിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. കേസ് ഫയല്‍ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് 1,900 കോടി രൂപയുടെ ആസ്തികള്‍ ലഭിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് പറയുകയാണോ എന്ന് പ്രിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജീവ് നയ്യാര്‍ ചോദിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

ആറ് വയസുള്ള കുട്ടിയുടെ അമ്മയായ പ്രിയ കപൂര്‍ അന്യായമായി ലക്ഷ്യം വെക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. 'പ്രിയയാണ് സഞ്ജയുടെ ഒടുവിലത്തെ ഭാര്യ. സഞ്ജയും കരിഷ്മയും തമ്മില്‍ സുപ്രീം കോടതിയില്‍ കടുത്ത വിവാഹമോചന നടപടികളില്‍ ഏര്‍പ്പെട്ടിരുന്നു. 50-ാം വയസ്സില്‍ ഒരാള്‍ മരിക്കുന്നു. ഇത്രയും കാലം നിങ്ങളെവിടെയായിരുന്നു?' കഴിഞ്ഞ 15 വര്‍ഷമായി നിങ്ങളെ എവിടെയും കണ്ടിട്ടില്ല എന്നും പ്രിയയുടെ അഭിഭാഷകന്‍ ചോദിച്ചതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജിയില്‍ കോടതി നോട്ടീസ് അയക്കുകയും എല്ലാ സ്ഥാവര, ജംഗമ ആസ്തികളുടെയും തനിക്കറിയാവുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രിയയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു.

അതിനിടെ, കരിഷ്മയുടെ മക്കള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജേഠ്മലാനി അവരെ പൂര്‍ണമായും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉന്നയിച്ചു. 'സഞ്ജയ് കപൂര്‍ എല്ലാ കാര്യങ്ങളിലും കൃത്യത പുലര്‍ത്തുന്നയാളായിരുന്നു. ഈ വില്‍പത്രത്തിലെ ഏറ്റവും സംശയാസ്പദമായ കാര്യം മക്കളെ ഒഴിവാക്കി എന്നതാണെന്നും ആസ്തികള്‍ മരവിപ്പിക്കാന്‍ ഇടക്കാല ഉത്തരവ് തേടിക്കൊണ്ട് അദ്ദേഹം വാദിച്ചു.

ജൂണ്‍ 12-ന് ഇംഗ്ലണ്ടില്‍ വെച്ച് സഞ്ജയ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള ട്രസ്റ്റ് ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഭാര്യയാണ്. അതിനിടെ, അന്തരിച്ച പിതാവിന്റെ സ്വത്തില്‍ അഞ്ചിലൊന്ന് വീതം വിഹിതം ആവശ്യപ്പെട്ടുകൊണ്ടാണ് ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കള്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. കരിഷ്മയുടെ രണ്ട് മക്കള്‍ ഫയല്‍ ചെയ്ത ഹര്‍ജി സഞ്ജയിന്റെ മുഴുവന്‍ വ്യക്തിഗത സ്വത്തുക്കളും അവരുടെ രണ്ടാനമ്മയായ പ്രിയയ്ക്ക് നല്‍കുന്ന മാര്‍ച്ച് 21-ലെ വില്‍പത്രത്തെ ചോദ്യം ചെയ്യുന്നതാണ്.

സഞ്ജയോ പ്രിയയോ മറ്റാരെങ്കിലുമോ വില്‍പത്രത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കുട്ടികള്‍ അവകാശപ്പെടുന്നു. ജൂണ്‍ 12-ന് ഇംഗ്ലണ്ടില്‍ ഒരു പോളോ മത്സരത്തിനിടെയാണ് സഞ്ജയ് കുഴഞ്ഞുവീണ് മരിക്കുന്നത്. കരിഷ്മയുടെ മകള്‍ സമൈറ കപൂര്‍ അമ്മയെ ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണിയായി ചുമതലപ്പെടുത്തിക്കൊണ്ട് അമ്മ മുഖേനയാണ് ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ കിയാനെ നിയമപരമായ രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമ്മയാണ് പ്രതിനിധീകരിക്കുന്നത്.

Similar News