ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്ത്?അയ്യപ്പന്റെ പേരില്‍ പണംപിരിക്കാന്‍ കഴിയുമോ? ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക? ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി; സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ടെന്ന് മറുപടിയുമായി സര്‍ക്കാറും

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്ത്?

Update: 2025-09-10 11:35 GMT

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. പരിപാടിയില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

'ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്? സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക?' തുടങ്ങിയ കാര്യങ്ങളാണ് കോടതി പ്രധാനമായും ചോദിച്ചത്.

സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ട് വന്നാണ് കേസുകളില്‍ വാദം നടത്തിയത്. ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് ഈ സംഗമം നടത്തുന്നത് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിതമായ പണപ്പിരിവ് നടക്കുന്നില്ല. സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു.

വ്യവസായി വിജയ് മല്യ ശബരിമല ക്ഷേത്രത്തിന് സ്വര്‍ണം പൂശിയതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. തമാശരൂപേണ, ' ആ പാവപ്പെട്ട മനുഷ്യന്‍ ഇപ്പോള്‍ വിദേശത്താണല്ലോ,' എന്നാണ് കോടതി തിരിച്ചുചോദിച്ചത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും വ്യക്തത ഇല്ല എന്നതാണ് കോടതി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം.

മൂവായിരത്തോളം പേരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. ക്ഷണിതാക്കള്‍ക്ക് പ്രത്യേക മാനദണ്ഡം ഒന്നുമില്ലെന്നും അയ്യപ്പ വിശ്വാസികള്‍ക്കെല്ലാം സംഗമത്തില്‍ ഭാഗമാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയുടെ ഭാവി വികസനം ഏതുതരത്തിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഭക്തരുമായി നടത്തുന്ന ചര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍, സംഗമത്തില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

അതേസമയം, ഹര്‍ജിക്കാര്‍ ഈ സംഗമത്തെ ശക്തമായി എതിര്‍ത്തു. അയ്യപ്പനെ വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുപോകുന്നതെന്നും അതുകൊണ്ടുതന്നെ ഈ നീക്കം തടയണം എന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അതിനിടെ ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദം മുറുകവേ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൂടിക്കാഴ്ചയില്‍ ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് പന്തളം രാജകുടുംബം.

ഇന്ന് രാവിലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളും പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷ.ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചു. അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ശബരിമലയില്‍ എല്ലാ ആചാരങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.ആഗോള അയ്യപ്പ സംഗമത്തില്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം. ആര്‍ സുരേഷ് വര്‍മ്മ പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനോട് രാജകുടുംബത്തിന് അതൃപ്തിയുള്ളതായാണ് സൂചന. എന്നാല്‍ ഇത് പ്രത്യക്ഷമായി പ്രകടിപ്പിക്കേണ്ട എന്നാണ് പന്തളം കൊട്ടാരത്തിന്റെ തീരുമാനം.

Tags:    

Similar News