രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ഗൂഢാലോചന നടത്തി; സതീശനും ചെന്നിത്തലക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്; യുവനടിയുടെ മൊഴിയില്‍ നിയമോപദേശം തേടാനൊരുങ്ങി ക്രൈംബ്രാഞ്ച്

യുവനടിയുടെ മൊഴിയില്‍ നിയമോപദേശം തേടാനൊരുങ്ങി ക്രൈംബ്രാഞ്ച്

Update: 2025-09-10 12:07 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മൊഴി നല്‍കി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്റെയും പങ്ക് അന്വേഷിക്കണം എന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.

രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും മൊഴിയിലുണ്ട്. രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ചാണ് വനിതാ നേതാവ് മൊഴി നല്‍കിയിരിക്കുന്നത്. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയിരുന്നത്. ആകെ ലഭിച്ച 13 പരാതികളില്‍ ഒന്നാണിത്. മൊഴിയിലാണ് രാഷ്ട്രീയ ഗൂഢാലോചന ഉന്നയിച്ചത്. രാഹുല്‍ വിഷയത്തിലെ നിലവിലെ ചേരിതിരിവിന്റെ സൂചനയാണിതെന്ന് സംശയമുണ്ട്.

ഓഗസ്റ്റ് മാസത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. രാഹുലില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് മിക്കവരും ആരോപണങ്ങള്‍ ഉന്നയിച്ചത്. രാഹുലിന്റേത് എന്ന പേരില്‍ നിരവധി ഓഡിയോ സന്ദേശങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്ത് ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രാഹുലിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസില്‍ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകള്‍ കൈമാറിയെങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തപ്പോള്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും അവര്‍ പറഞ്ഞു. എങ്കിലും നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് മൊഴി നല്‍കി. ട്രാന്‍സ്‌ജെണ്ടര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. ഗര്‍ഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗര്‍ഭഛിത്രം നടത്തിയ യുവതിയുമായി പൊലീസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താല്‍പര്യം അറിയിച്ചിട്ടില്ല. അതേ സമയം രാഹുലിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി.

Tags:    

Similar News