23 വര്‍ഷം പള്ളി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു; അജികുമാറിന് അര്‍ഹിക്കുന്ന അന്ത്യയാത്രാ മൊഴിയോതി പള്ളിക്കമ്മറ്റി അധികൃതര്‍; ഇതരമതസ്ഥന്റെ മൃതദേഹം പള്ളിക്കുള്ളില്‍ പൊതുദര്‍ശനത്തിന് വച്ച് കോഴഞ്ചേരി മാര്‍ത്തോമ്മ ഇടവക; ഇത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ കഥ

ഇത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ കഥ

Update: 2025-09-10 14:53 GMT

കോഴഞ്ചേരി: 23 വര്‍ഷം കണ്ണിലെ കൃഷ്ണമണി പോലെ പളളി കാത്ത കാവല്‍ക്കാരന് കോഴഞ്ചേരി മാര്‍ത്തോമ ഇടവക നല്‍കിയത് ചരിത്രത്തില്‍ ഇന്നേ വരെ നടന്നിട്ടില്ലാത്ത ഒരു അന്ത്യയാത്രാമൊഴി. ഇതരമതസ്ഥനായ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം സഭാ വിശ്വാസികളുടേത് പോലെ പള്ളിക്കുള്ളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.

കോഴഞ്ചേരി മാര്‍ത്തോമ്മ പള്ളിയില്‍ സെക്യുരിറ്റി ജോലി ചെയ്തിരുന്ന ഇ.എ. അജികുമാര്‍ (59) ഞായറാഴ്ചയാണ് മരിച്ചത്. 23 വര്‍ഷമായി ഇദ്ദേഹം ഈ പള്ളിയില്‍ ജോലി ചെയ്തു വരുന്നു. മരിക്കുന്ന ദിവസവും രാവിലെ പള്ളിയില്‍ ജോലിക്ക് എത്തിയിരുന്നു. അജികുമാര്‍ ക്രൈസ്തവന്‍ അല്ലാതിരുന്നിട്ടും അദ്ദേഹത്തിന് അവസാനമായി യാത്രഅയപ്പ് നല്‍കുന്നതിനു വേണ്ടി മൃതദേഹം പള്ളിയുടെ ഉള്ളില്‍ തന്നെ വയ്ക്കാന്‍ ഇടവക അംഗങ്ങളും ഭരണ സമിതിയും ഐകകണ്ഠ്യേനെ തീരുമാനിക്കുകയായിരുന്നു.

ക്രിസ്ത്യാനിയല്ലാത്ത ഒരാളുടെ മൃതദേഹം ഈ പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഉള്ളില്‍ വച്ച് അന്തിമോപചാരം അര്‍പ്പിച്ച്ത്. ഇടവകയുടെ ഈ തീരുമാനം മാതൃകാപരവും ശ്ലാഘനീയവുമാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

Tags:    

Similar News