വിമാനം 40,000 അടി ഉയരത്തിൽ പറക്കുമ്പോൾ ഇഷ്ടമുള്ള എന്തും ഫോണിൽ കാണാം; അതും ഒരു ബഫറും ഇല്ലാതെ...ആകാശത്ത് വെച്ച് ഇന്റർനെറ്റ് എങ്ങനെ ലഭിക്കുന്നു?; തലപുകയ്ക്കുന്ന ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം; കടലിന് മുകളിൽ എത്തിയാൽ സംഭവിക്കുന്നത് മറ്റൊന്ന്

Update: 2025-09-17 08:07 GMT

കാശത്ത് പതിനായിരക്കണക്കിന് അടി ഉയരത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങളിൽ ഇരുന്ന് ഇമെയിൽ അയക്കാനും വീഡിയോ കാണാനും സാധിക്കുന്നത് എങ്ങനെയാണ്? മൊബൈൽ ടവറുകളോ ഫൈബർ കേബിളുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതിന്റെ പിന്നിലെ സാങ്കേതികവിദ്യ പലർക്കും ഒരു അത്ഭുതമായിരിക്കാം. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ ഇപ്പോൾ സന്ദേശമയയ്ക്കൽ മുതൽ വിനോദോപാധികൾ വരെയുള്ള വിവിധ തലങ്ങളിലുള്ള ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് പ്രധാനമായും രണ്ട് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. നൂതന സാങ്കേതികവിദ്യയുടെയും ആഗോള അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ആദ്യത്തേത്, എയർ-ടു-ഗ്രൗണ്ട് (Air-to-Ground) സംവിധാനമാണ്. ഈ രീതിയിൽ, വിമാനത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ആന്റിനകൾ, ഒരു സാധാരണ മൊബൈൽ ഫോണിനെപ്പോലെ അടുത്തുള്ള ടവറുകളുമായി ബന്ധം സ്ഥാപിക്കുന്നു.

വിമാനം രാജ്യത്തിനകത്ത് സഞ്ചരിക്കുമ്പോൾ, ഈ സംവിധാനം ഓരോ ടവറിൽ നിന്നും അടുത്ത ടവറിലേക്ക് സ്വയം മാറിക്കൊണ്ട് നിരന്തരമായ കണക്ഷൻ നിലനിർത്തുന്നു. എന്നാൽ, വിമാനം കടലിന് മുകളിലൂടെ പറക്കുമ്പോൾ ഈ സംവിധാനത്തിന് പരിമിതികളുണ്ട്, കാരണം കരയിലെ ടവറുകളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല.

അന്താരാഷ്ട്ര, ദീർഘദൂര വിമാന സർവീസുകളിൽ പ്രധാനമായും ആശ്രയിക്കുന്നത് ഉപഗ്രഹ സാങ്കേതികവിദ്യയെയാണ് (Satellite Technology). വിമാനത്തിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ആന്റിന ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുമായി ആശയവിനിമയം നടത്തുന്നു. ഈ ഉപഗ്രഹങ്ങൾ വഴി സിഗ്നലുകൾ ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് കൈമാറുന്നു. ഇതുവഴി വിമാനത്തിന് ഇന്റർനെറ്റ് ലഭ്യമാകുന്നു. ആഗോളതലത്തിൽ ഈ സംവിധാനം കൂടുതൽ വിശ്വസനീയമാണെങ്കിലും, ഇത് വളരെ ചെലവേറിയതുമാണ്.

ഇപ്പോൾ പല വിമാനക്കമ്പനികളും ഈ രണ്ട് സംവിധാനങ്ങളെയും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. എയർ-ടു-ഗ്രൗണ്ട്, സാറ്റലൈറ്റ് കണക്ടിവിറ്റി എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വിശ്വസനീയമായ സേവനം നൽകാൻ സാധിക്കുന്നു. എന്നിരുന്നാലും, വിമാനത്തിലെ വൈ-ഫൈയുടെ ഗുണനിലവാരം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലഭ്യമായ ബാൻഡ്‌വിഡ്ത്ത്, ഒരു സമയം കണക്ഷൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയെല്ലാം ഇന്റർനെറ്റിന്റെ വേഗതയെ സ്വാധീനിക്കുന്നു.

ഇന്ത്യയിൽ വിമാനത്തിനുള്ളിലെ വൈ-ഫൈയുടെ ഉപയോഗം ഇപ്പോഴും പല വിമാനക്കമ്പനികളും പരീക്ഷണ ഘട്ടത്തിലാണ്. ഇത് വ്യാപകമായി ലഭ്യമാകുന്നതോടെ വിമാനയാത്രക്കാർക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി അനുഭവം ലഭിക്കും. ലോകമെമ്പാടും വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യത വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലും ഈ സേവനം ഉടൻ സാധാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News