'ഷട്ടര്‍-ഡൗണ്‍, വീല്‍-ജാം!' പാക് അധീന കശ്മീരില്‍ പ്രതിഷേധം കടുക്കുന്നു; അനിശ്ചിതകാല സമരത്തിന് അവാമി ആക്ഷന്‍ കമ്മിറ്റി; ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടിയെന്ന് പ്രതികരണം; സുരക്ഷാ സേനയെ വിന്യസിച്ച് പാക്ക് സര്‍ക്കാര്‍; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; യുദ്ധസമാനമായ അന്തരീക്ഷമെന്ന് പ്രദേശവാസികള്‍

Update: 2025-09-29 05:30 GMT

മുസാഫറാബാദ്: രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണത്തിലും സാമ്പത്തിക അവഗണനയിലും മനംമടുത്തതോടെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനെതിരെ പാക് അധീന കശ്മീരില്‍ പ്രതിഷേധം കടുക്കുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് പാക് അധീന കശ്മീര്‍ (പിഒകെ) ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിശ്ചിതകാലത്തേക്ക് നീണ്ടേക്കാവുന്ന 'ഷട്ടര്‍-ഡൗണ്‍, വീല്‍-ജാം' പണിമുടക്കിനുള്ള ആഹ്വാനം നേരത്തെ തന്നെ എഎസിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പാക് സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും അര്‍ദ്ധരാത്രി മുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മേഖലയിലുടനീളം വ്യാപകമായ പ്രകടനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. പിഒകെ ഭരണകൂടവും കേന്ദ്രമന്ത്രിമാരുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ എഎസി തീരുമാനിച്ചത്.

വളരെ കുറച്ചുനാളുകള്‍ കൊണ്ടാണ് പാക് അധീന കശ്മീരില്‍ അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ കുറെയേറെ സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കീഴില്‍ ഇവര്‍ അണിനിരത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്നുമുള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സബ്‌സിഡിയുള്ള ധാന്യപ്പൊടി, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ച ന്യായമായ വൈദ്യുതി താരിഫ്, വാഗ്ദാനം ചെയ്തതും ഏറെ വൈകിയതുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയാണ് മറ്റ് മുന്‍ഗണനകള്‍.

അതേസമയം, പ്രതിഷേധം നേരിടാന്‍ കനത്ത സന്നാഹങ്ങളാണ് പാക് ഭരണകൂടം വിന്യസിച്ചത്. ആയുധങ്ങളുമായി സൈനിക വ്യൂഹങ്ങള്‍ പാക് അധീന കശ്മീരില്‍ ഫ്ളാഗ് മാര്‍ച്ചുകള്‍ നടത്തി. ആയിരക്കണക്കിന് സൈനികരെ പഞ്ചാബില്‍നിന്ന് ഇവിടേക്ക് മാറ്റി. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലീസ് പ്രധാന നഗരങ്ങളിലെ വഴികള്‍ അടച്ചു. തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കി. ഇതിന് പുറമെ ഇസ്ലാമാബാദില്‍നിന്ന് 1,000 അധിക പോലീസ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനവ്യൂഹങ്ങള്‍ നഗരത്തിലേക്ക് എത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാക് സര്‍ക്കാരിനെതിരെ ആളുകള്‍ പ്രതിഷേധിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമാധാനം ഉറപ്പുവരുത്താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. എന്നാല്‍, സമരവുമായി മുന്നോട്ടുപോകാനാണ് എഎസിയുടെ തീരുമാനം. പണിമുടക്കിന് മുമ്പ് ഭക്ഷണവും അവശ്യസാധനങ്ങളും സംഭരിക്കാന്‍ അവസരം നല്‍കുന്നതിനായി ഞായറാഴ്ച കടകള്‍ തുറന്നിരുന്നു.

സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും, പ്രതിഷേധം സമാധാനപരവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായിരിക്കുമെന്ന് എഎസി നേതാക്കള്‍ തറപ്പിച്ചു പറയുന്നു. 'ഞങ്ങളുടെ സമരം ഏതെങ്കിലും സ്ഥാപനത്തിനെതിരെയല്ല, മറിച്ച് 70 വര്‍ഷത്തിലേറെയായി ഞങ്ങളുടെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്കുവേണ്ടിയാണ്.' എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിര്‍ മുസാഫറാബാദില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 'സഹിച്ചത് മതി. ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ ജനങ്ങളുടെ രോഷം നേരിടുക.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News