മേല്‍ശാന്തിയുടെ സഹായിയായി സന്നിധാനത്ത് എത്തി; ഇന്ന് മകരവിളക്കിന് തലേ ദിവസം ദുബായ് പാര്‍ട്ടിയുടെ വന്‍ അന്നദാനം നടത്തുന്ന സ്‌പോണ്‍സര്‍; 'മറവി രോഗം' വെറും പച്ചക്കള്ളം; ശബരിമലയിലെ 'പീഠ മോഷണം' കേസാകും; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യാനും സാധ്യത; ഹൈക്കോടതി വടിയെടുത്താല്‍ 'സ്‌പോണ്‍സര്‍ തട്ടിപ്പുകളും' പൊളിയും
തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക ശില്പപീഠം കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ കണ്ടെത്തുമ്പോള്‍ ഉയരുന്നത് ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍. എന്തും അവിടെ നടക്കും എന്നതിന് തെളിവാണ് ഈ സംഭവം. ഹൈക്കോടതി നിലപാടാകും ഇനി നിര്‍ണ്ണായകം. സ്‌പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ ശബരിമലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നതിന് തെളിവാണ് ഇത്. ആരോപണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പീഠവും റിപ്പോര്‍ട്ടും അടുത്തദിവസം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാകും തുടര്‍നടപടികള്‍. താന്‍ മറവി രോഗിയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നുണ്ട്. എന്നാല്‍ മറവി രോഗമാണെങ്കിലും ആ പീഠം എവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്തുകൊണ്ട് അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന ചോദ്യം പ്രസക്തമാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കും. മോഷണക്കേസ് പോലീസ് എടുക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലാകും.
സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി താന്‍ സ്വന്തമായി എത്തിക്കാമെന്നാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയുണ്ടെന്നും അത് ഒരു വ്യക്തിയുടെ കൈവശം കൊടുത്തുവിടുന്ന കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നും ദേവസ്വം അധികൃതര്‍ മറുപടികൊടുക്കുകയായിരുന്നു. അപ്പോഴും മതിയായ സുരക്ഷാ ക്രമീകരണം ഉണ്ടായിരുന്നില്ല. ദേവസ്വം വിജിലന്‍സ് എസ് ഐയുടെ സാന്നിധ്യത്തില്‍ ഇന്നോവാ കാറിലാണ് കൊണ്ടു പോയത്. ചെന്നൈയില്‍ ഇവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായശേഷമാണ് താന്‍ 2019-ല്‍ നല്‍കിയ സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തിയത്. ഈ ആരോപണം എന്തിന് വേണ്ടിയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതെവന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് അദ്ദേഹം എത്തിയത്. കേരളത്തിനുപുറത്ത് ശബരിമലയുമായി അടുത്തബന്ധമുള്ളയാള്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അങ്ങനെ വളരുകയും ചെയ്തു.
ശബരിമലയില്‍ പൂജാരിമാരെ സഹായിക്കാനെത്തി ശബരിമലയിലെ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇനി വിശദ അന്വേഷണം നടക്കും. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. എന്നാല്‍, വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നു. സ്വര്‍ണപ്പാളി വിവാദം വന്നതോടെ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയെത്തന്നെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പീഠം സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പീഠം കാണാതായതില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണമാണ് നടത്തിയത്.
എല്ലാ വര്‍ഷം ദുബായില്‍ നിന്നും ഒരു ടീമിനെ കൊണ്ടു വന്ന് ശബരിമലയില്‍ അന്നദാനം നടത്താറുണ്ട് ഉണ്ണികൃഷ്ണന്‍ പോറ്റി. മകരവിളക്കിനോട് അനുബന്ധിച്ചാണ് ഇതെല്ലാം. തമിഴ്‌നാടുകാരനായ ഭക്തന്റെ പേരിലാണ് ഇതെല്ലാം നടക്കുന്നത്.
ദേവസ്വംബോര്‍ഡിന്റെ സ്ട്രോങ് റൂമുകള്‍ തുറന്ന് പരിശോധന നടത്തിയിരുന്നെങ്കിലും പീഠം കണ്ടെത്താനായില്ല. ഉണ്ണികൃഷ്ണന്‍പോറ്റിയെ ചോദ്യംചെയ്യുകയും അദ്ദേഹത്തിന്റെ തിരുവനന്തപുരം പുളിമാത്തിലെയും ബെംഗളൂരുവിലെയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് സഹോദരിയുടെ വീട്ടില്‍നിന്ന് പീഠം കണ്ടെടുത്തത്. ഉണ്ണികൃഷ്ണന്‍പോറ്റി പീഠം വീട്ടില്‍ കൊണ്ടുവന്നത് ഈ മാസം 25-നാണെന്ന് സഹോദരി മിനിദേവി പറഞ്ഞു. ഷീല്‍ഡാണെന്നാണ് പറഞ്ഞിരുന്നത്. ശനിയാഴ്ച രണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് എടുത്തുകൊണ്ടുപോയതെന്നും മിനിദേവി പറഞ്ഞു. പീഠം കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം വിശദമായ അന്വേഷണമാണ് നടത്തിയതെന്നും തുടര്‍ന്നും ഏതുരീതിയിലുള്ള അന്വേഷണത്തെയും ബോര്‍ഡ് സ്വാഗതംചെയ്യുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണപീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും ബംഗളൂരുവിലെ വീട്ടിലും പരിശോധന നടത്തി. പരിശോധനകളില്‍ കാണാതായ പീഠത്തെ സംബന്ധിച്ച് സൂചന കിട്ടിയിരുന്നു. 2െ019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്പങ്ങള്ക്ക് പീഠംകൂടി നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍, പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ അന്ന് പറഞ്ഞത്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. ഇപ്പോള്‍ ബന്ധുവീട്ടില്‍ നിന്ന് പീഠം കണ്ടെടുത്ത സാഹചര്യത്തില്‍ ഇതിന് പിന്നില്‍ എന്താണ് നടന്നത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടായേക്കും.