കീവിലെ വ്യോമതാവളങ്ങളടക്കം ലക്ഷ്യമിട്ട് 595 ഡ്രോണുകളും 48 മിസൈലുകളും; യുക്രെയ്‌നെതിരെ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണം; പന്ത്രണ്ട് വയസ്സുകാരിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്കേറ്റു; ആശുപത്രികളും ഫാക്ടറികളും അടക്കം നിലംപൊത്തി; പോളണ്ട് വ്യോമപാത അടച്ചു; പിന്തുണ നല്‍കണമെന്ന് രാജ്യാന്തര സമൂഹത്തോട് സെലെന്‍സ്‌കി; മൂന്നാം ലോക യുദ്ധം ഉണ്ടാകുമോയെന്ന ഭീതിയില്‍ ലോകരാജ്യങ്ങള്‍
മൂന്നാം ലോക യുദ്ധം ഉണ്ടാകുമോയെന്ന ഭീതിയില്‍ ലോകരാജ്യങ്ങള്‍
കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ വ്യോമതാവളങ്ങടക്കം ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ പന്ത്രണ്ട് വയസ്സുകാരിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം 595 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചതായാണ് വിവരം. ഇതില്‍ 568 ഡ്രോണുകളും 43 മിസൈലുകളും വെടിവച്ചിട്ടതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ കീവില്‍ മാത്രം 42 പേര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ 31 പേര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെയും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്.
ആക്രമണത്തിനു പിന്നാലെ പോളണ്ട് വ്യോമപാത അടച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ധനം വാങ്ങുന്നത് അടക്കം നിര്‍ത്തി മറ്റു രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാനമായ കീവ് ആയിരുന്നുവെന്നാണ് യുക്രെയ്ന്‍ സൈന്യം പറയുന്നത്.
ഏകദേശം 595 ഡ്രോണുകളും 48 മിസൈലുകളുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ തൊടുത്തുവിട്ടതെന്നാണ് യുക്രൈന്‍ വ്യോമസേനയുടെ ആരോപണം. ഇതില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടുന്നു. എന്നാല്‍, യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 43 ക്രൂയിസ് മിസൈലുകളും ഭൂരിഭാഗം ഡ്രോണുകളും തകര്‍ത്തതായും യുക്രൈന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടുത്തിടെ യുക്രൈന് ഇസ്രയേലില്‍നിന്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചിരുന്നു. ജര്‍മനിയില്‍നിന്നുകൂടി വ്യോമ പ്രതിരോധസംവിധാനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും യുക്രൈന്‍ പ്രസിഡന്റ് പങ്കുവെച്ചിരുന്നു.
റഷ്യ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതോടെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കീവിലും പരിസരപ്രദേശങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ സാധാരണക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യ നടത്തിയ ആക്രമണം സാധാരണക്കാര്‍ക്ക് നേരേയുള്ള യുദ്ധമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയ ആന്‍ഡ്രിയ് യെര്‍മാക്കിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി കീവിലെ സൈനിക മേധാവി ടൈമുര്‍ ടികാചെങ്കോയും അറിയിച്ചു. യുദ്ധം തുടങ്ങിയശേഷം റഷ്യ യുക്രൈന് നേരേ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയ്‌ന് എതിരെ വലിയ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് രാജ്യാന്തര സമൂഹത്തോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടത് മൂന്നാം ലോക യുദ്ധം ഉണ്ടാകുമോയെന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്.