ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാ്‌ന്റെ പത്ത് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന്റെ 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാനായി; ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദം 'മനോഹരമായ കഥകള്‍'; പാക് പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; കൂടുതല്‍ എസ്-400 പ്രതിരോധ സംവിധാനം അനിവാര്യമെന്നും എയര്‍ ചീഫ് മാര്‍ഷ്യല്‍
കൂടുതല്‍ എസ്-400 പ്രതിരോധ സംവിധാനം അനിവാര്യമെന്നും എയര്‍ ചീഫ് മാര്‍ഷ്യല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ മുന്നേറ്റമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പത്ത് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും അമര്‍ പ്രീത് സിംഗ് സ്ഥിരീകരിച്ചു. പാക് പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമര്‍ പ്രീത് സിംഗ് ആരോപിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി. സിങ് പറഞ്ഞു. എഫ്-16, ജെഎഫ്-17 വിഭാഗത്തില്‍പ്പെട്ട അഞ്ച് പാകിസ്ഥാന്‍ വിമാനങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സേന തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.
'കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എ.വി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.'
ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്.എ.എം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എയര്‍ മാര്‍ഷല്‍ സിങ് പറഞ്ഞു. 'ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്ഥാന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വെടിനിര്‍ത്തലിനും ശത്രുത അവസാനിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് അവരെ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറിയതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ തീരുമാനമെടുക്കുകയും ചെയ്തു.' നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന് ശേഷം മെയ് 10-ന് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ഉണ്ടാക്കിയ ധാരണയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ 300 കിലോമീറ്ററിലധികം ഉള്ളിലായി സ്ഥിതി ചെയ്തിരുന്ന കുറഞ്ഞത് അഞ്ച് ഹൈ-ടെക് യുദ്ധവിമാനങ്ങളും ഒരു അവാക്സും (എയര്‍ബോണ്‍ വാണിസിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) വെടിവെച്ചിടാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് എയര്‍ മാര്‍ഷല്‍ എ.പി. സിങ് വെളിപ്പെടുത്തി. മിക്കവാറും എഫ്-16 വിമാനങ്ങളായേക്കാവുന്ന 4-5 ശത്രു വിമാനങ്ങള്‍ക്ക് നിലത്ത് വെച്ച് കേടുപാടുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നാല് റഡാറുകള്‍, രണ്ട് കമാന്‍ഡ് സെന്ററുകള്‍, ഒരു ഹാംഗര്‍, ഒരു സി-130 ക്ലാസ് ഗതാഗത വിമാനം, മൂന്നോ നാലോ യുദ്ധവിമാനങ്ങള്‍, ഒരു എസ്.എ.എം സംവിധാനം എന്നിവയും ഇന്ത്യ തകര്‍ത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
300 കിലോമീറ്ററില്‍ കൂടുതലുള്ള, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 'കില്‍' (ശത്രുവിനെ തകര്‍ക്കല്‍) ഇന്ത്യക്ക് നേടാനായി. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെ ആസ്തികള്‍ സംയോജിപ്പിച്ചതും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൗണ്ടര്‍ യുഎവി സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയോജിത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചത് കളി മാറ്റുന്ന ഒന്നായി മാറി. സ്വന്തം ഭൂപ്രദേശത്തില്‍ പോലും പാകിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നമ്മളുണ്ടാക്കിയത്.
പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദങ്ങളെ 'മനോഹരമായ കഥകള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'അവര്‍ക്ക് നമ്മുടെ 15 വിമാനങ്ങള്‍ തകര്‍ത്തതായി തോന്നുന്നുണ്ടെങ്കില്‍, അവര്‍ അതില്‍ സംതൃപ്തരാണെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അടുത്ത തവണ യുദ്ധം ചെയ്യാനെത്തുമ്പോള്‍ അവരുടെ കണക്കില്‍ 15 വിമാനങ്ങള്‍ കുറവുണ്ടാകും,' അദ്ദേഹം പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടത്തിയതിനും ലക്ഷ്യങ്ങള്‍ കൃത്യമായി ഭേദിച്ചതിനും കരസേനയെ അദ്ദേഹം അഭിനന്ദിച്ചു. ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1971-ലെ യുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ സൈനിക നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ ഓപ്പറേഷന്‍ നടപ്പാക്കിയത്. ഏപ്രില്‍ മാസത്തില്‍ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് എയര്‍ ചീഫ് മാര്‍ഷ്യല്‍ നടത്തിയത്. നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി അദ്ദേഹം വ്യക്തമാക്കി. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈലുകളും കൃത്യതയോടെ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ സേന ലക്ഷ്യമിട്ടത്. 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സുദര്‍ശന്‍ ചക്ര' സംവിധാനം വികസിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങളോടെ ആരംഭിച്ച യുദ്ധം, നിശ്ചിത സമയപരിധിക്കുള്ളില്‍ ലക്ഷ്യങ്ങള്‍ നേടി വിജയകരമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ലോകത്തിനു മാതൃകയാണെന്നും എയര്‍ ചീഫ് മാര്‍ഷ്യല്‍ സിംഗ് അഭിപ്രായപ്പെട്ടു. ലോകത്ത് നിലനില്‍ക്കുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ഇന്ത്യയുടെ ഓപ്പറേഷന്‍ ലക്ഷ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ നിര്‍ത്തിവെക്കാന്‍ സാധിച്ചത് ഒരു രാജ്യമെന്ന നിലയിലുള്ള നമ്മുടെ തീരുമാനത്തിന്റെ ഫലമാണ്.
പുതുതായി ഉള്‍പ്പെടുത്തിയ ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈലുകളാണ് (SAMs) ഓപ്പറേഷനില്‍ നിര്‍ണായകമായത്. ഇത് ശത്രുരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇന്ത്യയെ സഹായിച്ചു. 300 കിലോമീറ്ററിലധികം ദൂരത്തില്‍ നടത്തിയ ഈ നീക്കം ശത്രുരാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി പരിമിതപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.