കമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്‍
ചങ്ങനാശേരി: ശബരിമലയില്‍ ഇടത്തോട്ട് ചേര്‍ന്ന് നില്‍ക്കുമെന്ന് ജി സുകുമാരന്‍ നായര്‍ പറയുന്നത് സിപിഎമ്മിന് ആശ്വാസമാകുന്നു. കമ്യൂണിസ്റ്റുകളുമായും സഹകരിക്കുമെന്ന് സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ എസ് എസുമായി പരമാവധി ചേര്‍ന്ന് സിപിഎം പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ സ്വീകരിച്ച ശരിദൂര നിലപാട് ആര് പറഞ്ഞാലും മാറ്റില്ലെന്നും അന്ത്യം വരെ അതുമായി മുന്നോട്ടുപോകുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. വിശ്വാസകാര്യത്തില്‍ ശരി കണ്ടപ്പോള്‍ എന്‍എസ്എസ് രാഷ്ട്രീയം നോക്കിയില്ല. എന്നാല്‍, അതിനെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചു. തനിക്കെതിരായ പ്രചാരണങ്ങളില്‍ ചില ദൃശ്യമാധ്യമങ്ങളുടെ കൈയ്യുണ്ടോ എന്ന് സംശയിക്കുന്നു. എന്‍എസ്എസിനെ വംശനാശം വരുത്താന്‍ ശ്രമിക്കുന്ന ചാനലുകളെ തിരിച്ചറിയണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും. നാളെയും സഹകരിക്കും. ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു. എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല. ദര്‍ശനം മുന്‍കാലങ്ങളിലേതുപോലെ ആചാരമനസുരിച്ചു തന്നെ നടന്നു. എന്നാല്‍, അത് മാത്രം പോരാ, ശബരിമലയുടെ വികസനം കൂടി നടപ്പാക്കണമെന്നും അതിന് ആഗോളതലത്തില്‍ സംഗമം വിളിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്നും സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പരിപാടി രാഷ്ട്രീയത്തിന് അതീതമായിരിക്കണം എന്നതായിരുന്നു എന്‍എസ്എസ് നിലപാട്. ഇക്കാര്യങ്ങള്‍ പിറ്റേന്നത്തെ പത്രങ്ങളില്‍ വി എന്‍ വാസവന്റേതായി വന്നു. എന്നാല്‍ പിണറായി വിജയന്‍ പറഞ്ഞില്ല, സുകുമാരന്‍ നായര്‍ പറഞ്ഞില്ല എന്നൊക്കെ പറഞ്ഞ് ചിലര്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു.
ചില ചാനലുകളും രാഷ്ട്രീയക്കാരും ഇത് വഷളാക്കി. അവരിപ്പോള്‍ സുകുമാരന്‍ നായര്‍ക്കെതിരെ വരുന്ന പോസ്റ്ററുകളുടെ കണക്കെടുക്കുകയാണ്. വിലാസം പോലുമില്ലാത്ത പോസ്റ്ററുകളാണ് പലതും. അതിന്റെ പിന്നിലുള്ളവര്‍ എന്‍എസ്എസിനെ അധിപേക്ഷപിക്കാന്‍ സുകുമാരന്‍ നായരെ ഉപയോഗിക്കുകയാണ്. അതിന് കൂട്ടുനിന്ന് നാടിനെ നശിപ്പിക്കാന്‍ നോക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ തന്നെയാണെന്നും എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഒരു ശരിദൂരം കണ്ടെത്തിയെന്നും അതില്‍നിന്നു മാറില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ 112-ാം വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമദൂരത്തില്‍ കഴിയുന്ന സമുദായത്തെ കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ ബിജെപിയോ ആക്കാന്‍ ശ്രമിക്കരുത്. ശബരിമലയുടെ കാര്യത്തിലാണു നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ഇത് കോണ്‍ഗ്രസും പ്രതീക്ഷയോടെ കാണുന്നു. രാഷ്ട്രീയകാര്യത്തില്‍ ഇടപെടുന്നില്ല. ആനുകൂല്യം ചോദിച്ചു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്നാലെ പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ പാലിക്കുകയാണ് എന്‍എസ്എസ് നിലപാട്. ശബരിമല ആചാരത്തില്‍ അന്നത്തെ സര്‍ക്കാര്‍ വീഴ്ച വരുത്തിയപ്പോഴാണ് എന്‍എസ്എസ് രംഗത്തിറങ്ങിയത്. ആളുകൂടുന്നതു കണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. കേന്ദ്രസര്‍ക്കാരിനു നിയമനിര്‍മാണം നടത്താമായിരുന്നെങ്കിലും ചെയ്തില്ല. കോടതിയില്‍ കേസ് നടത്തിയത് എന്‍എസ്എസാണ്.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നുമുള്ള എന്‍എസ്എസിന്റെ ആവശ്യം അംഗീകരിച്ചതിനാലാണ് അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്. മന്ത്രി വി.എന്‍.വാസവന്‍ നേരിട്ടെത്തി ഉറപ്പുനല്‍കി. എന്‍എസ്എസ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണ്. മാന്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ ലാഭേച്ഛ കണ്ട് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാര്‍, കരയോഗം റജിസ്ട്രാര്‍ വി.വി.ശശിധരന്‍ നായര്‍, സെക്രട്ടറിയും ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റുമാരായ ഹരികുമാര്‍ കോയിക്കല്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി താലൂക്ക് യൂണിയന്റെ ഉപഹാരമായി അയ്യപ്പവിഗ്രഹം ജി.സുകുമാരന്‍ നായര്‍ക്ക് എന്‍എസ്എസ് സെക്രട്ടറിയും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കലും വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും ചേര്‍ന്നു സമ്മാനിച്ചു.