എന്‍ജിന്‍ തകരാറില്‍ ആയെന്ന് സൂചിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈന്‍ പുറത്ത് ചാടി; ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അപകടത്തിലേക്കെന്ന മുന്നറിയിപ്പ് എത്തിയത് ബര്‍മിങ്ങാമില്‍; അടിയന്തിര ഒരുക്കങ്ങള്‍ക്കൊടുവില്‍ സേഫ് ലാന്‍ഡിംഗ്

Update: 2025-10-06 02:28 GMT

ലണ്ടന്‍: ബിര്‍മ്മിംഗ്ഹാം വിമാനത്താവളത്തെ ലക്ഷ്യമാക്കി പറന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തെ കുറിച്ച് എമര്‍ജന്‍സി സിസ്റ്റം മുന്നറിയിപ്പ് നല്‍കിയതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ബോയിംഗ് 787 വിമാനത്തിനകത്തെ റാം എയര്‍ ടര്‍ബൈന്‍ ആയിരിക്കാം എഞ്ചിന്‍ തകരാറാകാന്‍ കാരണമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍, എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് പരാമീറ്ററുകള്‍ സാധാരണ നിലയില്‍ ആയിരുന്നെന്നും വിമാനം സുരക്ഷിതമായി നിലത്തിറക്കി എന്നും വിമാനക്കമ്പനി അറിയിച്ചു.

അമൃത്സറില്‍ നിന്നുള്ള എ/117 വിമാനം ബിര്‍മ്മിംഗ്ഹാമില്‍ അതിന്റെ യാത്ര പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 7 മണിക്കാണ് എമര്‍ജന്‍സി അലാം ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം നിലത്തിറക്കുകയും പരിശോധനകള്‍ നറ്റത്തുകയും ചെയ്തു. വിമാനത്തിന്റെ തുടര്‍ന്നുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്. ബിര്‍മ്മിംഗ്ഹാമില്‍ നിന്നും ഡല്‍ഹിയിലെക്കുള്ള എ/114 വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.

റാം എയര്‍ ടര്‍ബൈന്‍ അഥവാ ആര്‍ എ ടി എന്നത് ബോയിംഗ് 787 ഡ്രീം ലൈനറിന്റെ താഴെ നിന്നും നീളുന്ന ഒരു സംവിധാനമാണ്. അത് ഒരു എമര്‍ജന്‍സി ബാക്ക്അപ് ജനറേറ്റര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും പവര്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലും ഗുരുതരമായ നിലയില്‍ താഴ്ന്ന മര്‍ദ്ദം രേഖപ്പെടുത്തപ്പെടുമ്പോഴോ അത് വിമാനത്തില്‍ സ്വമേധയാ വിന്യസിക്കപ്പെടും. വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ, പരിമിതമായ പവര്‍ നല്‍കുന്നതിനായിട്ടാണിത്.

എന്നാല്‍, ഈ സംഭവത്തില്‍, എഞ്ചിനുകള്‍ക്ക് പവര്‍ ലഭിക്കാതെ വരികയോ, ഹൈഡ്രോളിക് സിസ്റ്റത്തില്‍ മര്‍ദ്ദം കുറയുകയോ ചെയ്തിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ജൂണില്‍ നടന്ന എയര്‍ ഇന്ത്യാ വിമാനാപകടത്തിന് തൊട്ടുമുന്‍പായി ആര്‍ എ ടി സിസ്റ്റം വിന്യസിക്കപ്പെട്ടിരുന്നു.

Tags:    

Similar News