'റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം വേണം'; പുട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചു; ഇരുരാജ്യങ്ങളുടെയും ബന്ധം ദൃഢമാക്കുമെന്ന് ആവര്‍ത്തിച്ച് ഇരുനേതാക്കളും
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച 73-ാം ജന്മദിനം ആഘോഷിച്ച പുട്ടിനെ ഫോണില്‍ വിളിച്ചാണ് മോദി ആശംസകള്‍ അറിയിച്ചത്. സംഭാഷണത്തിനിടെ, ഇരുനേതാക്കളും ഇന്ത്യ- റഷ്യ ഉഭയകക്ഷി അജണ്ടയുടെ പുരോഗതി വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
യുക്രെയ്‌നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പുട്ടിന്‍ മോദിയെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന് മോദി പുട്ടിനോട് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനെപ്പറ്റിയും ഇരു നേതാക്കളും സംസാരിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പുട്ടിനെ ക്ഷണിച്ചു. കഴിഞ്ഞ ആഴ്ച, പുട്ടിന്‍ ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശനം സ്ഥിരീകരിച്ചിരുന്നു. 2021 ല്‍ ആണ് പുട്ടിന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. റഷ്യയില്‍നിന്നു വ്യോമപ്രതിരോധ സംവിധാനമായ എസ്400 കൂടുതല്‍ വാങ്ങുന്നതു സംബന്ധിച്ച് പുട്ടിന്റെ സന്ദര്‍ശന സമയത്തു തീരുമാനമുണ്ടായേക്കും.
'പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുട്ടിന് 73-ാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കുകയും നല്ല ആരോഗ്യത്തിനും എല്ലാ ഉദ്യമങ്ങളിലും വിജയത്തിനും ആശംസകള്‍ നേരുകയും ചെയ്തു'. ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനം നടക്കുന്ന, 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പുട്ടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനായി താന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉച്ചകോടിക്കായി ഡിസംബര്‍ ആദ്യവാരം പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തന്റെ യാത്രാ പദ്ധതികള്‍ പുട്ടിന്‍ സ്ഥിരീകരിച്ചിരുന്നു. 'ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന യുക്തിബോധവും വിവേകവുമുള്ള നേതാവ്' എന്നാണ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയെ പുട്ടിന്‍ പ്രശംസിച്ചത്. ഇന്ത്യക്കാരെ അപമാനിക്കുന്ന നടപടികള്‍ മോദി സ്വീകരിക്കില്ലെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം, സെപ്റ്റംബര്‍ 17-ന്, പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തില്‍ പുട്ടിനും ആശംസകള്‍ അറിയിച്ചിരുന്നു. ക്രെംലിന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍; 'പ്രിയ പ്രധാനമന്ത്രി, താങ്കളുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ സ്വീകരിക്കുക.' എന്നാണ് പുട്ടിന്‍ കുറിച്ചത്. 'നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സവിശേഷമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, വിവിധ മേഖലകളില്‍ പരസ്പരം പ്രയോജനകരമായ റഷ്യ- ഇന്ത്യ സഹകരണം വികസിപ്പിക്കുന്നതിനും വ്യക്തിപരമായി താങ്കള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്.' എന്നും അദ്ദേഹം പറഞ്ഞിരുന്നു.