അമ്മയെ വിളിക്കാനെന്ന് പറഞ്ഞ് മുറിയിലേക്ക് കയറി; ഉപയോഗിച്ചത് സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക്; ജീവനക്കാര്‍ അറിഞ്ഞത് 15 മിനിറ്റ് കഴിഞ്ഞ്; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദിവസങ്ങളായി സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നില്ല; സി.ജെ. റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ, അമ്മയെ ഫോണ്‍ വിളിക്കാനെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ റോയ് സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് സ്വയം വെടിയുതിര്‍ത്തത്. അതീവ സുരക്ഷയുള്ള ഓഫീസിനുള്ളില്‍ വെടിയൊച്ച കേള്‍ക്കാത്തതിനാല്‍ പുറത്തുണ്ടായിരുന്ന ജീവനക്കാരോ ഉദ്യോഗസ്ഥരോ മരണം പെട്ടെന്ന് അറിഞ്ഞില്ല. ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്.
ഏറ്റവും സംശയാസ്പദമായ കാര്യം, സംഭവസമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകള്‍ എല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു എന്നതാണ്. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണോ അതോ റെയ്ഡിന്റെ ഭാഗമായി അണച്ചു വെച്ചതാണോ എന്നതില്‍ ദുരൂഹതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍ സ്രാവുകളുമായി ബന്ധപ്പെട്ട കേസ് ആയതിനാലും ഉന്നതതല അന്വേഷണം അനിവാര്യമായതിനാലും കര്‍ണാടക സര്‍ക്കാര്‍ കേസ് സിഐഡിക്ക് കൈമാറി.
ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദ് ആണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം പരസ്യമായി ആരോപിച്ചു. അഞ്ച് പേജുള്ള വിശദമായ പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ സി.ജെ. ബാബു പോലീസിന് നല്‍കിയത്. റോയി മരിച്ചു കിടക്കുമ്പോഴും മാനുഷിക പരിഗണന പോലുമില്ലാതെ ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്ന വെളിപ്പെടുത്തല്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. റെയ്ഡിനിടെ ഉണ്ടായ കടുത്ത മാനസിക പീഡനമാണ് റോയിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സഹോദരന്റെ മൊഴി.
പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് സിഐഡി രേഖപ്പെടുത്തിയേക്കും. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടയില്‍ റോയിയെ തളര്‍ത്തിയ ആ രഹസ്യം എന്തായിരുന്നുവെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അഭാവത്തില്‍, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് സിഐഡി നീക്കം.
സാധാരണ ഗതിയില്‍ വെടിയൊച്ച കേള്‍ക്കാതിരിക്കാന്‍ സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ സംഘങ്ങളാണ്. എന്നാല്‍ റോയ് തന്റെ ലൈസന്‍സുള്ള തോക്കില്‍ സൈലന്‍സര്‍ ഉപയോഗിച്ചത് എന്തിനാണെന്നും അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്ന സി.ജെ. റോയിയുടെ മടക്കം കര്‍ണാടകയിലെയും കേരളത്തിലെയും ബിസിനസ്-രാഷ്ട്രീയ മേഖലകളില്‍ വരും ദിവസങ്ങളില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
