മറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലര്‍ വലിയ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയില്‍; സ്‌കോട്ടിഷ് സ്‌കൂളിലെ തീപിടിത്തം വെറുമൊരു കത്തലല്ല; ബസുകള്‍ കൂട്ടിയിടിച്ച് തീയിട്ടു; പുലര്‍ച്ചെ 2.45-ന് നടന്നത് കൃത്യമായ പ്ലാനിംഗോ? ദുരൂഹതയുടെ പുകമറയില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ തീപിടിത്തം
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ വന്‍ തീപിടിത്തം കരുതിക്കൂട്ടിയുള്ള തീയിടലാണെന്ന സംശയം ബലപ്പെടുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ക്ക് ആരോ ബോധപൂര്‍വ്വം തീയിട്ടതാണെന്ന പരാതിയുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ ഗൂഢാലോചനയുടെ മണം പരക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഗ്രൗണ്ടില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകള്‍ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗികമായും കത്തി ചാരമായി. വെറുമൊരു ഷോര്‍ട്ട് സര്‍ക്യൂട്ടോ സ്വാഭാവികമായ തീപിടിത്തമോ അല്ല ഇതെന്ന് സംശയിക്കാന്‍ കൃത്യമായ കാരണങ്ങളുണ്ട്. മറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലര്‍ വലിയ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിലാണെന്നതാണ് ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്. വണ്ടി തനിയെ നീങ്ങി മറ്റൊരു വാഹനത്തില്‍ ഇടിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നിരിക്കെ, ആരോ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഇടിച്ചുകയറ്റിയ ശേഷം തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലറുമാണ് പൂര്‍ണ്ണമായും നശിച്ചത്. സംഭവസമയത്ത് സ്‌കൂളില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ തീ ആളിക്കത്തുന്നത് കണ്ട് സമീപവാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളെത്തി തീയണച്ചതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കഴക്കൂട്ടം പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സ്‌കൂളിനോ സ്‌കൂള്‍ അധികൃതര്‍ക്കോ എതിരെയുള്ള വ്യക്തിപരമായ വൈരാഗ്യമാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പുലര്‍ച്ചെയുള്ള സമയം തിരഞ്ഞെടുത്തതും വാഹനം ഇടിച്ചുകയറ്റിയ രീതിയും വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പിക്കുന്നു.
സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ മാനേജ്മെന്റ്. നാടിനെ നടുക്കിയ ഈ തീയിടല്‍ ഗൂഢാലോചനയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
