തെളിവില്ലെന്ന് പറഞ്ഞ് ശ്രീകുമാറിന് ജാമ്യം കൊടുത്തപ്പോള്‍ എല്ലാവരും ഹാപ്പി! അതേ പരാമര്‍ശവുമായി തന്ത്രിയെ പുറത്തേക്ക് വിട്ടപ്പോള്‍ അണ്‍ഹാപ്പി! തന്ത്രിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വാദം ശക്തമാക്കി ഈ ഇരട്ടത്താപ്പും; പത്മകുമാറിനെ സിപിഎമ്മില്‍ തുടരാന്‍ അനുവദിക്കുന്നവര്‍ തന്ത്രിയെ വിളിക്കുന്നത് 'പെരുങ്കള്ളന്‍' എന്നും; ശബരിമലയില്‍ രാഷ്ട്രീയം കത്തും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. സമാനമായ കേസില്‍ ദേവസ്വം ജീവനക്കാരനായ ശ്രീകുമാറിന് ഇതേ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉണ്ടാകാത്ത പ്രതിഷേധം, തന്ത്രിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിമര്‍ശനം ശക്തമായി.
നേരത്തെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാറിന് ജാമ്യം നല്‍കിയപ്പോള്‍ തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ആ വിധിയില്‍ അസാധാരണത്വം കാണാതിരുന്ന സര്‍ക്കാര്‍, തന്ത്രിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ദുരൂഹമാണെന്നാണ് വിലയിരുത്തല്‍. 41 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ തന്ത്രിക്കെതിരെ ഒരു തെളിവുപോലും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന കോടതി നിരീക്ഷണം സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
വിധിയില്‍ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് ആവര്‍ത്തിക്കുമ്പോഴും, രാഷ്ട്രീയമായ കടന്നാക്രമണത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടക്കമിട്ടത്. തന്ത്രി കണ്ഠര് രാജീവര്‍ വെറും കള്ളനല്ല, 'പെരുങ്കള്ളനാണെ'ന്ന ഗോവിന്ദന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയായി. സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. 'പോറ്റിയെ (അറസ്റ്റിലായ മറ്റൊരു പ്രതി) ദേവസ്വത്തില്‍ കയറ്റിയത് കെ.സി. വേണുഗോപാലാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അന്ന് സഖാക്കളാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല,' എന്നും ഗോവിന്ദന്‍ പരിഹസിച്ചു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് തന്ത്രി കോടതിയില്‍ ബോധിപ്പിച്ചത് ശരിവെക്കുന്നതാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. യുവതീ പ്രവേശനത്തെ എതിര്‍ത്തതിലുള്ള പകപോക്കലാണ് അറസ്റ്റെന്ന് തന്ത്രി ആരോപിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍. വാസവന്‍ തുടങ്ങിയ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ തന്ത്രിയെ ബലിയാടാക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
നിയമസഭ സമ്മേളിക്കാനിരിക്കെ, തെളിവില്ലാതെ തന്ത്രിയെ 41 ദിവസം തടങ്കലില്‍ വെച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ഇതിനൊപ്പമാണ് ഗോവിന്ദന്റെ പരിഹാസം. സിപിഎം നേതാവ് എ പത്മകുമാര്‍ ഇപ്പോഴും ജയിലിലാണ്. പത്മകുമാറിനെതിരെ സിപിഎം നടപടിയും എടുത്തിട്ടില്ല. പത്മകുമാറിന്റെ കാര്യത്തില്‍ ഇനിയും ചില വ്യക്തതകള്‍ വരാനുണ്ടെന്നാണ് സിപിഎം സെക്രട്ടറി പറഞ്ഞിരുന്നത്.
