വിഭാഗീയത വോട്ട ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന ഭയം നേതൃത്വത്തിന്; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ ഉടലെടുത്ത കടുത്ത ഭിന്നത പരിഹരിക്കാന്‍ തന്ത്രപരമായ ആലോചന; പയ്യന്നൂരില്‍ മധുസൂദനന് പകരം പി. ജയരാജന്‍? തട്ടകമുറപ്പിക്കാന്‍ സിപിഎം; ലക്ഷ്യം വിഭാഗീയതയ്ക്ക് തടയിടല്‍
കണ്ണൂര്‍: സിറ്റിങ് എംഎല്‍എ ടി.ഐ. മധുസൂദനനെ മാറ്റി പി. ജയരാജനെ കളത്തിലിറക്കി പയ്യന്നൂരിലെ വിഭാഗീയതയ്ക്ക് അറുതി വരുത്താന്‍ സിപിഎം നീക്കം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ ഉടലെടുത്ത കടുത്ത ഭിന്നത പരിഹരിക്കാന്‍ ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളും.
വിഐപി മണ്ഡലമെന്ന ഖ്യാതിയുള്ള പയ്യന്നൂരില്‍ പ്രദേശവാസിയല്ലാത്തവര്‍ മത്സരിക്കുന്നത് പുതുമയല്ല. എം.വി. രാഘവനും പിണറായി വിജയനും ഇവിടെ നിന്ന് സഭയിലെത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പയ്യന്നൂര്‍, രാമന്തളി മേഖലകളില്‍ ജയരാജനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. വ്യക്തിപൂജാ വിവാദങ്ങള്‍ക്കിടയിലും ജയരാജനോടുള്ള ഈ ആഭിമുഖ്യം ഇപ്പോഴും സജീവമാണ്. നിലവില്‍ മധുസൂദനനെ എതിര്‍ക്കുന്ന വിഭാഗമാണ് ജയരാജന്റെ പേര് സജീവമായി ഉയര്‍ത്തുന്നത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മണ്ഡലത്തിലെ ബ്രാഞ്ച് തലങ്ങളില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കിയിരുന്നു. കുടുംബയോഗങ്ങള്‍ നടത്തി സ്ഥിതി വിശദീകരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും പയ്യന്നൂര്‍ മേഖലയില്‍ ഇത് പ്രായോഗികമായില്ല. നേതൃത്വത്തെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് വിഭാഗീയത വളര്‍ന്ന പശ്ചാത്തലത്തിലാണ് 'പിജെ' കാര്‍ഡിറക്കി മണ്ഡലം നിലനിര്‍ത്താന്‍ നീക്കം നടക്കുന്നത്.
2021ല്‍ 49,780 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ടി.ഐ. മധുസൂദനന്‍ ജയിച്ചത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 13,257 ആയി കുത്തനെ ഇടിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 34,807 ആയിരുന്നെങ്കിലും വിഭാഗീയത വോട്ട ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്. കടുത്ത പോരാട്ടം നടന്നാല്‍ ജയരാജനെപ്പോലൊരു കരുത്തന്‍ മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.
