എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്; ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു; മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു! ജസീലയെ കള്ളിയാക്കാന്‍ കഥ മെനഞ്ഞത് 'മൊഴി ചെല്ലാന്‍'! നാലത്തടുക്കയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവും ഉമ്മയും; പ്രവാസിയായ അമീറിനെതിരെ കേസെടുക്കാന്‍ ഇനിയും വൈകരുത്

Update: 2026-02-23 04:46 GMT

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഭര്‍തൃമതിയുടെ മരണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അതിനിടെ കേസ് അട്ടിമറിക്കാന്‍ നീക്കം സജീവമാണ്. ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ജസീല മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ വീട്ടിലെത്തി ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആരേയും പ്രതി ചേര്‍ത്ത് എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ആദൂര്‍ പോലീസിനെതിരേയും ഗുരുതര പരാമര്‍ശമുണ്ട്. ഇതും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു.

അടുത്തിടെ നടന്ന ഒരു സ്വര്‍ണമോഷണ പരാതിയില്‍ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും എഫ് ഐ ആര്‍ വൈകുന്നത് ജസീലയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ രക്ഷിക്കാനാണ്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ജസീല ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആരും മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല.

നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ ചിത്രീകരിച്ചത് തന്നെ പൂര്‍ണമായും തളര്‍ത്തിയതായും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാരും സമീപത്തെ മറ്റൊരു വീട്ടുകാരും നാലത്തടുക്കയിലെ വീട്ടില്‍ 14-ന് എത്തി ബഹളം വച്ചിരുന്നതിനെത്തുടര്‍ന്നുള്ള കടുത്ത മാനസിക പ്രയാസമാണ് വിഷം കഴിച്ചതിന് പിന്നില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ തന്നെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുന്നതുമാണ്. ഇതിനൊപ്പം മറ്റ് പല ഗുരുതര ആരോപണവുമുണ്ട്. ജസീലയെ ഒഴിവാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം സ്വര്‍ണ്ണ മോഷണ ആരോപണം ഉയര്‍ത്തിയതാണെന്ന സംശയവും ഉയരുന്നു. ജസീലയ്‌ക്കെതിരെ അവിഹിത ബന്ധം ആരോപിച്ചത് ഇതിന്റെ ഭാഗമാണ്.

ജസീലയുടെ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ആ?ദ്യഘട്ടത്തില്‍ ജസീലയുടെ വീട്ടിലെ അംഗങ്ങളില്‍ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടില്‍ നിന്ന് ഒന്‍പതര പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്രീദിന്റെ ഉമ്മ ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പോയി ബഹളം വെച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.

'ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഞാന്‍ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം എടുത്തെന്നാണ് പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരും കുറ്റപ്പെടുത്തുന്നു. ഭര്‍ത്താവും അതിന് കൂട്ടുണ്ട്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും ശല്യപ്പെടുത്തുന്നു. രേഖാമൂലം പരാതി കൊടുക്കാന്‍ ആദൂര്‍ പോലീസും സമ്മതിക്കുന്നില്ല. ഞാന്‍ കള്ളിയല്ല. സത്യം തെളിയിക്കാന്‍ പരമാവധി ശ്രമിച്ചു. ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല. അവര്‍ കുറെ അനുഭവിക്കുന്നുണ്ട്. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാന്‍ കഴിയും. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. മക്കള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയില്ല. മരണത്തിന് ഉത്തരവാദി അഫ്രീദും ഉമ്മയും ഭര്‍ത്താവും വീട്ടുകാരുമാണ്. മരണത്തോടെയാണെങ്കിലും സത്യം തെളിയിക്കണം' എന്നാണ് ജസീല വീഡിയോയില്‍ പറയുന്നത്.

മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്കു സമീപത്തെ പ്രവാസിയായ അമീറാണ് ജസീലയുടെ ഭര്‍ത്താവ്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ ജസീല ഫെബ്രുവരി 15-നാണ് വിഷം കഴിച്ചത്. മോഷണസംഭവത്തിലെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതി രജിസ്റ്റര്‍ചെയ്ത ശേഷം യുവതിയെ ആദൂര്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പറയുന്ന സംഭവത്തില്‍ ജസീലയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ ആദൂര്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

Similar News