'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും'; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്‍ലാല്‍
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം
തിരുവനന്തപുരം: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവില്‍ ജീവനൊടുക്കിയ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്യുടെ മരണത്തില്‍ വേദന പങ്കുവച്ചും അനുശോചിച്ചും നടന്‍ മോഹന്‍ലാല്‍. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും'- മോഹന്‍ലാല്‍ കുറിച്ചു.
ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും നിരവധി സംരംഭങ്ങളാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിനുള്ളത്. കേരളത്തിലും ബംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.
സി.ജെ റോയ്യുടെ ആത്മഹത്യയിലേക്ക് നയിച്ച ഇന്‍കം ടാക്‌സ് റെയ്ഡ് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് ആരോപണവും ഉയരുന്നുണ്ട്. തോക്ക് ലൈസന്‍സ് പരിശോധനയും ആയുധം മാറ്റുന്നതും അടക്കമുള്ള നിയമങ്ങള്‍ പാലിച്ചില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായതായി കുടുംബവും കോണ്‍ഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
അതേസമയം, സി.ജെ റോയ്യുടെ മരണത്തില്‍ അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപുലമായ പരിശോധന വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. റോയ്യുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിന് പാസ്വേഡ് അറിയില്ലെങ്കില്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ ജോസഫാണ് കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയത്. റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പമാണെന്നും ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. റോയ്യുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഞെഞ്ചിന്റെ താഴ്ഭാഗത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം സംസ്‌കരിക്കും. വിദേശത്തുള്ള ബന്ധുക്കള്‍ എത്താന്‍ വൈകുന്നതിലാണ് സംസ്‌കാരത്തില്‍ മാറ്റം.
