'ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സർപ്രൈസായി എന്നെ ചേർത്തുപിടിച്ചയാൾ'; എന്നെപ്പോലെ എത്രയോ പേരെ സഹായിച്ചിട്ടുണ്ടാകും; അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു; ഹൃദയം നുറുങ്ങുകയാണ്; സി.ജെ. റോയിയുടെ വിയോഗത്തിൽ മനമുലഞ്ഞ് ബി​ഗ് ബോസ് താരങ്ങൾ

Update: 2026-01-31 05:21 GMT

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും ബിഗ് ബോസ് മലയാളത്തിന്റെ പ്രധാന സ്പോൺസറുമായ സി.ജെ. റോയിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിഗ് ബോസ് മുൻ മത്സരാർത്ഥികൾ. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് മലയാളത്തിന്റെ വിജയികൾക്ക് സമ്മാനം നൽകിയിരുന്ന പ്രധാന വ്യക്തിത്വമായിരുന്നു അദ്ദേഹം.

ബിഗ് ബോസ് മലയാളം സീസൺ 7ലെ റണ്ണറപ്പായ അനീഷാണ് ഏറ്റവും വൈകാരികമായ കുറിപ്പിലൂടെ റോയി സാറിനെ അനുസ്മരിച്ചത്. "കഠിനമായ മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു ഞാനപ്പോൾ. എന്തേ നിനക്ക് കിട്ടിയില്ലെന്ന് ഞാനറിയുന്ന ഭൂരിഭാഗവും എന്നോട് വിലപിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. സത്യമായിട്ടും അറിയില്ലായിരുന്നു.

അത് കേൾക്കുമ്പോഴുള്ള വേദന എന്നിൽ തന്നെ കുമിഞ്ഞുകൂടുമ്പോൾ മാനസിക ആരോഗ്യം തകരാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ പോകവേ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, വളരെ സർപ്രൈസായി എന്നെ ചേർത്തുപിടിച്ച ആളായിരുന്നു റോയി സാർ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

ആ സ്നേഹത്തിനു മുന്നിൽ നിന്നതും മറക്കാനാവുന്നതല്ല. അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത എന്നെപ്പോലെ എത്ര പേരെ സാർ ചേർത്തുപിടിച്ചിരിക്കും. ഹൃദയം നുറുങ്ങുകയാണ്. വിട റോയി സാർ," അനീഷ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. സീസൺ 7ൽ അനീഷിന് റോയി 10 ലക്ഷം രൂപ സമ്മാനിച്ചിരുന്നു.

മുൻ സീസൺ വിജയിയും നടനുമായ മണിക്കുട്ടനും അനുശോചനം രേഖപ്പെടുത്തി. "വിശ്വസിക്കാനാവാത്ത വേർപാട്. കോൺഫിഡന്റ് ഗ്രൂപ്പിനെയും സി.ജെ. റോയി സാറിനെയും എന്റെ ജീവനുള്ള കാലം വരെ ഞാൻ ഓർമ്മയിൽ സൂക്ഷിക്കും. ഒരിക്കലും നികത്താൻ ആകാത്ത ഈ നഷ്ടത്തോടൊപ്പം ആ കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു," മണിക്കുട്ടൻ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോളും റോയി സാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. "അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു" എന്ന് അനുമോൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    

Similar News