രണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി കവര്‍ച്ചയില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ചെയ്തു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേരാണ് പ്രതികള്‍. പോറ്റിയെ ഉടന്‍ അറസ്റ്റുചെയ്‌തേക്കും. രണ്ടാമത്തെ എഫ് ഐ ആറില്‍ മുന്‍ ദേവസ്വം ഭരണസമിതിയും പ്രതികളാണ്. എ പദ്മകുമാര്‍, ശങ്കര്‍ദാസ്, രാഘവന്‍ എന്നിവരടങ്ങിയ മുന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയാണ് പ്രതികളാകുന്നത്.
കട്ടിളയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആ ആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളേയും പ്രതികളാക്കിയിരിക്കുന്നത്, 8-ാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളെയാണ് ആരുടെയും പേര് എഫ് ഐ ആറില്‍ ഇല്ല. എ പദ്മമകുമാര്‍ പ്രസിഡന്റായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്ന് എഫ് ഐ ആര്‍ പറയുന്നു. ഈ ഭരണ സമിതിയുടെ കാലത്താണ് സ്ത്രീ പ്രവേശന വിവാദമുണ്ടാകുന്നത്.
വാതില്‍പ്പടിയിലെ സ്വര്‍ണംപതിപ്പിച്ച പാളികളും ദ്വാരപാലകശില്പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയതിനാണ് രണ്ട് കേസുകളെടുത്തത്. ആദ്യത്തെ സംഭവം 2019 മാര്‍ച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്ഐആറുകള്‍. രണ്ടിലും ഒന്നാംപ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം വിജിലന്‍സ് നല്‍കിയ രേഖകളിലുള്ള ഒന്‍പത് ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. പാളികള്‍ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചവരാണിവര്‍. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്. അഴിമതിനിരോധനം, കവര്‍ച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേര്‍ത്തത്.
സ്വര്‍ണംപൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതരെ നിലവില്‍ പ്രതിചേര്‍ത്തിട്ടില്ല. പാളികളിലെ സ്വര്‍ണം ഉരുക്കിയെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡി പങ്കജ് ഭാണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മറ്റുചില ഉദ്യോഗസ്ഥരെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ഇവരെയും ചോദ്യംചെയ്യും. ആവശ്യമെങ്കില്‍ കൂടുതല്‍പ്പേരെ പ്രതിചേര്‍ത്തേക്കും.
ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി എസ്. ജയശ്രീ, തിരുവാഭരണം മുന്‍കമ്മിഷണര്‍മാരായ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍മാരായ ഡി. സുധീഷ് കുമാര്‍, വി.എസ്. രാജേന്ദ്രപ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായിരുന്ന എസ്. ശ്രീകുമാര്‍, കെ. രാജേന്ദ്രന്‍ നായര്‍. മുരാരി ബാബുവും സുനില്‍കുമാറും ഒഴിച്ചുള്ളവരെല്ലാം സര്‍വീസില്‍നിന്ന് വിരമിച്ചു.
2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേര്‍ത്തത്. ദേവസ്വം ബോര്‍ഡിന്റെ പരാതിയിലാണ് എഫ്‌ഐആര്‍.കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്തതിലാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കേസെടുത്തത്. അതേസമയം,സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ആരംഭിച്ച എസ് ഐ ടി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം.
അതിനിടെ, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകളെ തള്ളി സ്മാര്‍ട് ക്രിയേഷന്‍സ്. ദ്വാരപാലക ശില്‍പ പാളികള്‍ ഉരുക്കിയപ്പോള്‍ ലഭിച്ചത് 577 ഗ്രം സ്വര്‍ണ്ണം മാത്രമാണെന്നാണ് സ്മാര്‍ട് ക്രിയേഷന്‍സ് പറയുന്നത്. പാളികളില്‍ 1564 ഗ്രാം സ്വര്‍ണ്ണം ഉണ്ടായിരുന്നുവെന്ന യു ബി ഗ്രൂപ്പിന്റെ അവകാശവാദം തെറ്റ്. ദ്വാരപാലക ശില്‍പങ്ങളില്‍ എത്ര ഗ്രാം സ്വര്‍ണ്ണം പൂശിയിരുന്നുവെന്നതിന് ആധികാരികമായ രേഖകളില്ലെന്നും സ്മാര്‍ട് ക്രിയേഷന്‍സ് പറയുന്നു. 1564 ഗ്രാം സ്വര്‍ണ്ണമെന്നാണ് യു ബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നത്. യു ബി ഗ്രൂപ്പിന്റെ കണക്കിനേക്കാള്‍ ഒരു കിലോ സ്വര്‍ണ്ണം കുറവാണ് ഉരുക്കിയപ്പോള്‍ ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.