'വര്‍ഗീയവാദികള്‍ക്ക് ഇടം കൊടുക്കില്ല; സ്‌കൂള്‍ നിയമാവലി അംഗീകരിക്കുന്നു'; ഹിജാബ് ഒഴിവാക്കി വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തുമെന്ന് പിതാവ്; സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാര്‍ഥിനിയുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വി ശിവന്‍കുട്ടി; മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍; കെട്ടടങ്ങാതെ ഹിജാബ് വിവാദം

കെട്ടടങ്ങാതെ ഹിജാബ് വിവാദം

Update: 2025-10-14 16:02 GMT

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. സ്‌കൂള്‍ നിയമാവലി അനുസരിച്ചു മുന്‍പോട്ട് പോകാമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് അറിയിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലാണ് വിവാദം ആളിക്കത്തിക്കുന്നത്. വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15-ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് മന്ത്രി വിശദമാക്കി. എന്നാല്‍ മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു. മന്ത്രിയുടെ ഇടപെടല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ ഇടപെടലലില്‍ സംശയം ഉണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.


വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനു ശേഷവും സര്‍ക്കാര്‍ കൂടുതലായി ഇടപെടല്‍ നടത്തുന്നുവെന്ന് സംശയിക്കുന്നതായും മന്ത്രി വര്‍?ഗീയത ആളിക്കത്തിക്കുന്നതായും അവര്‍ പറഞ്ഞു. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് അറിയിച്ചിരുന്നു. കുട്ടിയെ തുടര്‍ന്നും അതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആ?ഗ്രഹമെന്നും അദ്ദേഹം അറിയിച്ചതാണ്. പ്രശ്‌നത്തില്‍ പരിഹാരം കണ്ടിട്ടും എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കുട്ടികളില്‍ തുല്യത ഉറപ്പിക്കാനാണ് സ്‌കൂളില്‍ യൂണിഫോം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടല്‍ നടത്തുന്നു എന്ന് സംശയിക്കുന്നു. മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണ്. ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി.

സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് അറിയിച്ചു. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല. കുട്ടി നാളെ സ്‌കൂളില്‍ വരും. ഇക്കാര്യം കുട്ടിയുടെ പിതാവ് സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ഹൈബി ഈഡന്‍ എംപി, മുഹമ്മദ് ഷിയാസ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സ്‌കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില്‍ ചില സംഘടനകള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്‌കൂളിന് അവധി നല്‍കിയത്. സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.

എന്നാല്‍ കുട്ടി നിര്‍ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് കുട്ടിയെ വിലക്കിയത്.

ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം. വിദ്യാര്‍ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2025 ഒക്ടോബര്‍ 15-ന് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് മന്ത്രി വിശദമാക്കി.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ഹിജാബ് ധരിച്ചുവന്നതാണ് തര്‍ക്കത്തിനു കാരണമായത്. പിന്നീട് സ്‌കൂള്‍ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുകയും ഹൈക്കോടതി സ്‌കൂളിന് സംരക്ഷണം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും ഇന്ന് ചര്‍ച്ച നടത്തിയത്. ഇതിലാണ് സ്‌കൂളിന്റെ നിയമാവലി അനുസരിച്ചു മുന്‍പോട്ട് പോകാം എന്ന് കുട്ടിയുടെ പിതാവ് അനസ് അറിയിച്ചത്. വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലന്നും, കുട്ടി നാളെ സ്‌കൂളില്‍ വരുമെന്നും അനസ് പറഞ്ഞു.

Tags:    

Similar News