ബെലാറസ് മോഡലിനെ 'ചതിയില്‍' പെടുത്തി; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളെ വശീകരിക്കുന്നതില്‍ സുന്ദരി പരാജയമായി; ഇതോടെ മ്യാന്‍മാറിലെ അതിര്‍ത്തിയിലേക്ക് കൊണ്ടു പോയി; അവയവം മോഷ്ടിച്ച് അവരെ കൊന്നു; വേര ക്രാവ്റ്റ്‌സോവയ്ക്ക് സംഭവിച്ചത് എന്ത്? മാഫിയാ കൊല നിഷേധിച്ച് ബെലാറസ് അംബാസിഡറും

Update: 2025-10-17 02:19 GMT

ബാങ്കോക്ക്: മോഡലിംഗ് സ്വപ്നങ്ങളുമായി തായ്‌ലന്‍ഡിലെത്തിയ ബെലാറസ് സ്വദേശിനി വേര ക്രാവ്റ്റ്‌സോവ (26) ക്രൂരമായ തട്ടിപ്പിനിരയായി കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചയാകുന്നത് അവയവ കടത്തു മാഫിയയുടെ ക്രൂരത. വ്യാജ മോഡലിംഗ് ജോലിയുടെ മറവില്‍ മ്യാന്‍മറിലെ അതിര്‍ത്തി മേഖലകളിലേക്ക് കടത്തിക്കൊണ്ടുപോയ വേരയെ അവയവക്കടത്ത് റാക്കറ്റിന് വിറ്റെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതൊന്നും ബെലാറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

വ്യാജ മോഡലിംഗ് ജോലിയുടെ പേരില്‍ ബാങ്കോക്കില്‍ നിന്ന് മ്യാന്‍മാറിലേക്ക് കടത്തിക്കൊണ്ടുപോയ ശേഷം അവയവങ്ങള്‍ക്കായി വില്‍ക്കപ്പെട്ടുവെന്നായിരുന്നു പ്രധാന ആരോപണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും റഷ്യന്‍ വാര്‍ത്താ പോര്‍ട്ടലായ 'മാഷും' ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരു തട്ടിപ്പ് കേന്ദ്രത്തില്‍ അടിമയാക്കപ്പെട്ട വെരാ ക്രാവറ്റ്‌സോവയെ 'സുന്ദരിയായിരിക്കുക, യജമാനന്മാരെ സേവിക്കുക, സമ്പന്നരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക' തുടങ്ങിയ കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണം സമ്പാദിക്കുന്നത് നിര്‍ത്തിയതിന് ശേഷം അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും സെപ്റ്റംബര്‍ 12 മുതല്‍ ഇവരെ ഓണ്‍ലൈനില്‍ കണ്ടിട്ടില്ലെന്നും സൂചിപ്പിക്കുന്നു.

യൂണിവേഴ്സിറ്റി ബിരുദധാരിയായ ക്രാവറ്റ്‌സോവ ബെലാറസ് തലസ്ഥാനമായ മിന്‍സ്‌കില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് മാറിയിരുന്നു. വിയറ്റ്‌നാം, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തതിന് ശേഷം ബാങ്കോക്കില്‍ വെച്ച് ജോലിയഭിമുഖത്തിനായി എത്തിയപ്പോഴാണ് അവര്‍ അപ്രത്യക്ഷയായത്. മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാനായി തിരികെ ലഭിക്കാന്‍ കുടുംബത്തോട് അഞ്ച് ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. എന്നാല്‍ ബെലാറസ് ഇതെല്ലാം നിഷേധിക്കുകയാണ്.

ബാങ്കോക്കിലെത്തിയ വേരയെ ഒരു ക്രൂരസംഘം മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവിടെ ഒരു സ്‌കാം സെന്ററിലെ അടിമയാക്കി. സാധാരണഗതിയില്‍, ഇരകളുടെ പാസ്‌പോര്‍ട്ടുകളും മൊബൈലുകളും പിടിച്ചെടുക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ പണം തട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ അവയവക്കടത്തിനോ നിര്‍ബന്ധിത ലൈംഗികവൃത്തിക്കോ വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇവിടുത്തെ രീതി. അതിര്‍ത്തി മേഖലകളില്‍ ചൈനീസ് സംഘങ്ങളും മറ്റും ചേര്‍ന്നാണ് ഈ നിഗൂഢ കോള്‍ സെന്ററുകള്‍ നടത്തുന്നത്. തട്ടിക്കൊണ്ടുപോയ തൊഴിലാളികള്‍ ഇവിടെ ക്രൂരമായ പീഡനത്തിനും ഭീഷണികള്‍ക്കും ഇരയാകുന്നുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം അടിമകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

മനുഷ്യക്കടത്തിന്റെ ഇരയായി മ്യാന്‍മറിലെ തട്ടിപ്പ് ശൃംഖലയുടെ പിടിയിലായ ശേഷമാണ് വേര ക്രാവ്‌ത്സോവയുടെ ദാരുണമായ അന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി ആളുകളെ ആകര്‍ഷിച്ച് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കകള്‍ നിലവിലുണ്ട്. നിയമപരമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ നിര്‍ബന്ധിച്ച് ഉപയോഗിക്കുകയും, അനുസരിക്കാത്തവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വേര ക്രാവ്‌ത്സോവയുടെ മരണവും തുടര്‍ന്ന് അവയവങ്ങള്‍ നീക്കം ചെയ്തതായുള്ള വിവരങ്ങളും ഈ മനുഷ്യക്കടത്ത് ശൃംഖലകളുടെ ക്രൂരവും ഭീകരവുമായ മുഖം ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കുകയാണ്. ഇരകളെ ലൈംഗികമായും തൊഴില്‍പരമായും ചൂഷണം ചെയ്യുക മാത്രമല്ല, അവരെ വധിക്കുകയും ആന്തരികാവയവങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന പ്രവണതയും ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വേരയുടെ 'ജോലിക്ക്' ഒരേയൊരു യോഗ്യത സൗന്ദര്യവും സമ്പന്നരായ ക്ലയന്റുകളില്‍ നിന്ന് പണം തട്ടിയെടുക്കാനുള്ള കഴിവുമായിരുന്നു. അവള്‍ക്ക് പണം നേടാന്‍ കഴിയാതെ വന്നതോടെ പ്രശ്‌നം തുടങ്ങി. പിന്നീട്, വേര മരിച്ചുവെന്നും മൃതദേഹം തിരികെ ലഭിക്കാന്‍ അര ദശലക്ഷം ഡോളര്‍ നല്‍കണമെന്നും കുടുംബത്തെ അറിയിച്ചു. പിന്നാലെ സംസ്‌കാരം നടന്നുവെന്നും അറിയിച്ചു. മോഡലിംഗ് രംഗത്ത് തിളങ്ങാന്‍ ആഗ്രഹിച്ച് എത്തിയ ഒരു യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ ചതിയും ക്രൂരതയുമാണെന്നതാണ് വസ്തുത. മാഫിയയുടെ ക്രൂരത ഒരിക്കല്‍ കൂടി ലോകത്തിനുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. വ്യാജ അവകാശ വാദങ്ങളില്‍ വീഴുന്നവര്‍ക്ക മുന്നറിയിപ്പാണ് ഈ സംഭവം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, വിയറ്റ്‌നാം, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ ബെലാറസ് അംബാസഡറായ വ്‌ലാഡിമിര്‍ ബോറോവിക്കോവ് ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണെന്ന് റഷ്യന്‍ വാര്‍ത്താ സൈറ്റായ ഇസ്വെസ്റ്റിയയോട് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നതാണ് വസ്തുത.

Tags:    

Similar News