തമിഴ്നാട്ടിലെ കോളജില്‍ വച്ചുണ്ടായ വിരോധം നാട്ടിലും തുടര്‍ന്നു: ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവിനെ ബൈക്ക് കൊണ്ടിടിച്ചു വീഴ്ത്തി കൊലപ്പെടുത്തി: വാഹനങ്ങളുടെ കൂട്ടയിടിയായി ചിത്രീകരിച്ചു; എസ്പിയുടെ ഷാഡോ അന്വേഷണം പുറത്തു വന്നത് ഞെട്ടിക്കുന്ന ആസൂത്രണത്തിന്റെ കഥ: അടൂരിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
പത്തനംതിട്ട: തമിഴ്നാട്ടിലെ കോളജില്‍ നിന്ന് തുടങ്ങിയ വിരോധം നാട്ടിലെത്തിയപ്പോള്‍ പകയാക്കി മാറ്റി ജൂനിയര്‍ വിദ്യാര്‍ഥിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തുകയും അത് ഒരു അപകടമാക്കി മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിനെ (34) യാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മൂന്ന് ശിക്ഷിച്ചത്. കടമ്പനാട് ഇടയ്ക്കാട് ജെ.ജെ..വില്ലയില്‍ ജാഫേത്ത് കോശിയുടെ മകന്‍ ജെഫിനാ(20) മരിച്ചത്. പ്രതി പിഴ അടയ്ക്കുന്നതിനു വീഴ്ച വരുത്തുന്ന പക്ഷം രണ്ടു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴത്തുക മരണപ്പെട്ട ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
ബൈക്ക് അപകടമെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസായിരുന്നു.
2013 ഡിസംബര്‍ 23 ന് വൈകിട്ട് ആറരയോടെ അടൂര്‍-കടമ്പനാട് റോഡില്‍ മണക്കാല സെമിനാരിപ്പടിയില്‍ വച്ചാണ് സംഭവം. റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചു കൊണ്ടു നിന്ന ജെഫിനെ എതിര്‍ദിശയില്‍ പള്‍സള്‍ ബൈക്കില്‍ വന്ന ജിതിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. താഴ്ചയിലേക്ക് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ ജെഫിന്‍ ഡിസംബര്‍ 30 ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു. കൂട്ടിയിടിയില്‍ ജിതിനും പരുക്കേറ്റിരുന്നു. ജിതിന്റെ അമ്മാവന്‍ രമേശിന്റെ പരാതിയില്‍ ആദ്യം വാഹനാപകടത്തിന് കേസ് എടുത്തു. ജെഫിന്‍ തന്റെ ബൈക്ക് കൊണ്ട് ചെന്ന് ജിതിനെ ഇടിച്ചുവെന്നായിരുന്നു രമേശിന്റെ മൊഴി.
ഇത് പ്രകാരം ജെഫിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. ജെഫിന്‍ മരിച്ചതോടെ ജിതിനെ പ്രതിയാക്കിയും കേസ് എടുത്തു. വെറും വാഹനാപകടമാക്കി മാറ്റിയ കേസില്‍ ജിതിന്‍ സ്റ്റേഷന്‍ ജാമ്യമെടുക്കുകയും ചെയ്തു. എന്നാല്‍, ജിതിന് തന്റെ മകനോടുള്ള വിരോധം അറിയാവുന്ന ജെഫിന്റെ പിതാവ് ജാഫേത്ത് കോശി പരാതിയുമായി ജില്ലാ പോലീസ് മേധാവി ആയിരുന്ന പുട്ട വിമലാദിത്യയെ സമീപിച്ചു. മുന്‍വിരോധം കാരണം ജിതിന്‍ ജെഫിനെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന ജാഫേത്തിന്റെ പരാതി എസ്.പി ഗൗരവമായി എടുത്തു.
കൊലക്കുറ്റത്തിന് എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അടൂര്‍ പോലീസിന് എസ്.പി നിര്‍ദേശം നല്‍കി. എസ്.ഐ ആയിരുന്ന ജി. സന്തോഷ്‌കുമാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതകം ആയതിനാല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി. മനോജ് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ എസ്.പി സമാന്തര അന്വേഷണത്തിന് തന്റെ ഷാഡോ ടീമിനെ നിയോഗിച്ചു. ഇവിടെ നിന്നാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. 2012 ല്‍ തമിഴ്നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക് പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്ന ജെഫിനോട് ഇതേ കോളേജിനോട് ചേര്‍ന്നുള്ള വെങ്കിടേശ്വര ഹൈടെക് എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ജിതിന്‍ പണം ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതെ വന്നത് ജെഫിനോടുള്ള വിരോധത്തിന് കാരണമായി. നാലു മാസത്തിന് ശേഷം ശേഷം പഠനം പൂര്‍ത്തിയാക്കാതെ ജെഫിന്‍ നാട്ടിലേക്കു മടങ്ങി. ജിതിന് അപ്പോഴും വിരോധം നിലനിന്നിരുന്നു. നാട്ടിലെത്തിയ ശേഷവും ജിതിന്‍ വിരോധം മനസില്‍ സൂക്ഷിച്ചിരുന്നു.
സംഭവ ദിവസം ജെഫിന്‍ സഞ്ചരിച്ച വഴികളിലൂടെ തന്നെ സ്പെഷല്‍ സ്‌ക്വാഡ് സഞ്ചരിച്ചു. പിറ്റേന്ന് ഗള്‍ഫില്‍ പോകുന്നതിന് മുന്നോടിയായി എല്ലാ കൂട്ടുകാരുടെയും വീട്ടില്‍ യാത്ര പറയാന്‍ പോയ ജെഫിനെ ജിതിന്‍ പിന്തുടരുന്നുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ മണക്കാലായിലുള്ള ഒരു പഞ്ചായത്തംഗത്തിന്റെ വീട്ടിലാണ് ജെഫിന്‍ പോയത്. അവിടെ നിന്നിറങ്ങി കഷ്ടിച്ച് 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. ബൈക്ക് സെമിനാരിപ്പടിക്ക് സമീപം ഇടതു വശം ചേര്‍ത്ത് നിര്‍ത്തി അതില്‍ ഇരുന്നു തന്നെ ജെഫിന്‍ ഹെല്‍മറ്റിനുള്ളില്‍ ഫോണ്‍ തിരുകി സംസാരിക്കുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ വന്ന ജിതിന്‍ ബൈക്ക് നിര്‍ത്തി പരിസരം നിരീക്ഷിച്ച ശേഷം തന്റെ പള്‍സര്‍ ബൈക്ക് റെയ്സ് ചെയ്ത് ജെഫിന്റെ ബൈക്കില്‍ കൊണ്ടിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ താഴ്ചയിലേക്ക് തെറിച്ചു വീണ ജെഫിന് കഴുത്തിനും നെഞ്ചിനും മാരക പരുക്കേറ്റു. തുടര്‍ന്ന് ചികില്‍സയിലിരിക്കേ മരിച്ചു. സ്പെഷല്‍ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജിതിന്‍ നടന്നത് മുഴുവന്‍ ഏറ്റു പറഞ്ഞു. ജെഫിന്‍ ഗള്‍ഫില്‍ പോകുന്നത് എങ്ങനെയും തടയുക എന്നതായിരുന്നു ജിതിന്റെ ഉദ്ദേശം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കൊലപാതകം എന്ന വകുപ്പ് മാറ്റി മനപൂര്‍വമല്ലാത്ത നരഹത്യയാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡര്‍ ഹരികൃഷ്ണന്‍ ഹാജരായി. സി.പി.ഓ നിധിന്‍ പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.