സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍ ചെറുപ്പത്തില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കി; മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയില്‍; വാഹന ടയര്‍ മൊത്ത വിതരണ ബിസിനസ് നടത്തുന്ന രാജനെ തളര്‍ത്തി മകളുടേയും മരുമകളുടേയും മരണം; നവി മുബൈയിലെ ഫാള്റ്റിലെ തീപിടിത്തത്തില്‍ വേദന മാറാതെ ചിറയിന്‍കീഴും
തിരുവനന്തപുരം: നവി മുബൈയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചിറയിന്‍കീഴ് സ്വദേശികളായ കുടുംബം അവസാനമായി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ഓണത്തിന്. ചിറയിന്‍കീഴ് പണ്ടകാശാല സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), ഭാര്യ പൂജ (38) ഇവരുടെ മകള്‍ വേദിക സുന്ദര്‍ (6) എന്നിവരാണ് മരിച്ചത്.
ചിറയിന്‍കീഴ് പണ്ടകശാല ആല്‍ത്തറമൂട് നന്ദനം വീട്ടില്‍ രാജന്റെയും വിജയലക്ഷ്മിയുടെയും (വാഷി, മുംബൈ) മകളാണ് പൂജ. ഇവര്‍ വര്‍ഷങ്ങളായി മുബൈയിലാണ് താമസം. സുന്ദര്‍ ബാലകൃഷ്ണനും പൂജയും സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരാണ്. സുന്ദര്‍ ബാലകൃഷ്ണന്‍ മുബൈ മലയാളിയാണ്. മുബൈ വാഷിയിലെ സെക്ടര്‍ 14 റഹേജ റസിഡന്‍സിയില്‍ ചൊവ്വ പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു.
ചുറ്റും തീ പടര്‍ന്നതോടെ മൂന്നംഗ മലയാളി കുടുംബം ഫ്‌ലാറ്റില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് പുലര്‍ച്ചെ നാലുമണിയോടെ തീ അണച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാശി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വാതില്‍ തുറക്കാനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്‌ലാറ്റിലെ തീപിടിത്തതില്‍ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരന്‍ ജീവന്‍ രാജന്‍ ആരോപിച്ചിരുന്നു. വലിയ പുകയും തീയും ഉള്ള സ്ഥലത്ത് കയറാന്‍ മാസ്‌ക് പോലും അവരുടെ കൈവശം ഇല്ലായിരുന്നുവെന്നും ജീവന്‍ പറഞ്ഞു.
''ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10.30 വരെ സഹോദരിയും ഭര്‍ത്താവും കുഞ്ഞും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അതിനുശേഷമാണ് അവര്‍ തിരിച്ചുപോയത്. ഇവിടെനിന്ന് ഒരു കിലോമീറ്ററില്‍ താഴെയാണ് അവരുടെ ഫ്‌ലാറ്റിലേക്കുള്ള ദൂരം. ചൊവ്വാഴ്ച പുലര്‍ച്ചെ 1.55നാണ് അപകടവിവരം അറിഞ്ഞത്. ഉടന്‍ അവിടെയെത്തി. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും മുകളില്‍ ആരുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സഹോദരിയെയോ അളിയനെയോ അവിടെ കണ്ടില്ല. തുടര്‍ന്ന് ഏറ്റവും മുകളിലത്തെ നിലയിലുള്ള ഫ്‌ലാറ്റിനു മുന്നിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മുകളിലേക്കു വന്നു. എന്നാല്‍, അവരുടെ പക്കല്‍ വാതിലുകള്‍ തുറക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. സമയം പോകുന്നതിനിടെ, പുറത്ത് സാധാരണവയ്ക്കാറുള്ള താക്കോല്‍ തപ്പിയെടുത്ത് വാതില്‍ തുറന്നെങ്കിലും വലിയ പുകയും തീയും കാരണം അകത്തേക്കു കയറാനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ പക്കല്‍ മാസ്‌ക് ഉണ്ടായിരുന്നില്ല. പിന്നീട് അവ എത്തിച്ചതിനു ശേഷമാണ് അകത്തേക്കു പ്രവേശിച്ചത്. മകള്‍ക്കു പൊള്ളലേല്‍ക്കാതിരിക്കാന്‍ കുഞ്ഞിനെ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും'' - ജീവന്‍ പറഞ്ഞു.
നവിമുംബൈയിലെ വാശിയില്‍ റഹേജ അപ്പാര്‍ട്‌മെന്റ് ബി വിങിലെ പത്താം നിലയില്‍ നിന്ന് 11, 12 നിലകളിലേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ തീ ആളിപ്പടരുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ദീപാവലി ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ കാരണം പടക്കമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപ്രതീക്ഷിത വിയോഗവാര്‍ത്തയറിഞ്ഞ് രാജന്റെയും വിജയകുമാരിയുടെയും ചിറയിന്‍കീഴിലെ ബന്ധുക്കള്‍ക്ക് വിതുമ്പലടക്കാനായില്ല, കഴിഞ്ഞ ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്നു. ശാര്‍ക്കര മീനഭരണി ഉത്സവത്തിനും മുടക്കംകൂടാതെ പങ്കെടുത്തിരുന്നു.
സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍, നന്നേ ചെറുപ്പത്തില്‍ത്തന്നെ മുംബൈയില്‍ സ്ഥിരതാമസമാക്കി. മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയിലായിരുന്നു. രാജന് മകളായ പൂജയെ കൂടാതെ ഒരു മകന്‍കൂടിയുണ്ട്. മകന്‍ ജീവന്റെ ഫ്‌ളാറ്റിലാണ് രാജനും ഭാര്യയും താമസിക്കുന്നത്. മകളും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. വാഹന ടയര്‍ മൊത്തവിതരണ ബിസിനസ് നടത്തുകയാണിവര്‍.
സോഫ്റ്റ്വേര്‍ എന്‍ജിനിയറായ സുന്ദര്‍ ബാലകൃഷ്ണന്‍ തമിഴ്നാട് സ്വദേശിയാണ്. സ്‌പൈസര്‍ ഇന്ത്യ ലിമിറ്റഡില്‍ ലീഗല്‍ അഡൈസ്വറായിരുന്ന പൂജ. ആറ്റിങ്ങലില്‍ നിന്നാണ് ഇവര്‍ ചിറയിന്‍കീഴിലേക്ക് മാറിയത്. പത്താംനിലയിലെ താമസക്കാരിയായ കമലാ ഹിരാല്‍ ജയിനും (84) മരിച്ചു. കാമോട്ടെയില്‍ സെക്ടര്‍ 17-ല്‍ 'ശ്രദ്ധ' എന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ രേഖാ സിസോദിയ മകള്‍ പായല്‍ സിസോദിയ എന്നിവരാണ് മരിച്ചത്.