സ്പീഡ് കാമറ ഫൈന്‍ ഒഴിവാക്കി തരാമോ എന്ന് ചോദിച്ച് പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയ 81 വയസ്സുള്ള ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗത്തെ സസ്പെന്‍ഡ് ചെയ്തു; നമ്മുടെ ഭരണാധികാരികള്‍ കണ്ടു പഠിക്കുമോ ബ്രിട്ടീഷുകാരുടെ ഈ സത്യസന്ധത?
ലണ്ടന്‍: 'എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരാണ്' ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ പ്രശസ്ത നോവലായ അനിമാല്‍ ഫാമിലെ അതിലേറെ പ്രശസ്തമായ ഈ വരികള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു നാടാണ് നമ്മുടേത്. എന്തിലും ഏതിലും രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള വി ഐ പികള്‍ ഏത് വഴിക്കും കാര്യസാധ്യം നേടുമ്പോള്‍ പലപ്പോഴും സാധാരണക്കാരന്‍ അനുഭവിക്കുക തീരാത്ത ദുഃഖമായിരിക്കും. നിയമം പോലും പലപ്പോഴും പണവും സ്വാധീനവും ഉള്ളവര്‍ക്ക് മുന്‍പില്‍ വഴിമാറുന്ന കാലത്ത്, ഒരു പ്രാദേശിക നേതാവിന് പോലും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാവുന്ന നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഇത് അവിശ്വസനീയമായി തോന്നാം.
ഇന്ത്യന്‍ രാജ്യസഭയ്ക്ക് തുല്യമായ ബ്രിട്ടീഷ് പ്രഭു സഭയിലെ മുന്‍ സ്പീക്കറെ എട്ട് ആഴ്ചത്തേക്ക് സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബഹളം വെച്ചതുകൊണ്ടോ, സഭാനടപടികള്‍ തടസ്സപ്പെടുത്തിയത് കൊണ്ടോ അല്ല, മറിച്ച്, തുടര്‍ച്ചയായി സ്പീഡ് ക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലഭിച്ച പിഴ ഒഴിവാക്കി തരാമോ എന്ന് മെട്രോപോളിറ്റന്‍ പോലീസ് കമ്മീഷണര്‍ക്ക് കത്ത് എഴുതിയതിനാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് സ്റ്റേഷനില്‍ കയറി വിരട്ടാനൊന്നും ബരോണസ് ഡി സൂസ മുതിര്‍ന്നില്ല. കമ്മീഷണര്‍ക്ക് കത്തെഴുതുക മാത്രമാണ് ചെയ്തത്. ഒന്നിലധികം തവണ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ക്യാമറയില്‍ കുടുങ്ങിയ ബരോണസിന്റെ ആശങ്ക തന്റെ ലൈസന്‍സ് നഷ്ടപ്പെടുമോ എന്നായിരുന്നു. അങ്ങനെ വന്നാല്‍, ഒരുപക്ഷെ പാര്‍ലമെന്റില്‍ സംബന്ധിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വിശദീകരണം നല്‍കി. മണിക്കൂറില്‍ 20 മൈല്‍ വേഗത എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതേയുള്ളു എന്നും അത്തരമൊരു സാഹചര്യത്തില്‍ അമിത വേഗതയ്ക്ക് ഇത്രയും വലിയ ശിക്ഷ ന്യായമാണോ എന്നും അവര്‍ ചോദിക്കുന്നു.
മറ്റെന്തൊക്കെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനാവുമെങ്കിലും, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മീഷണര്‍ മാര്‍ട്ടിന്‍ ജെല്ലി നടത്തിയ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പോലീസിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ ബരോണസ് ഡി സൂസ ശ്രമിച്ചു എന്നാണ്. ഇതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച അവരെ എട്ട് ആഴ്ച്ചക്കാലത്തേക്ക് പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭു സഭയിലെ അംഗം എന്ന പദവി ഉപയോഗിച്ച്, സ്വന്തം ലാഭത്തിനായി ഒരു ക്രിമിനല്‍ അന്വേഷണ പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം. കത്തയച്ചത് മണ്ടത്തരമായി എന്ന് പറഞ്ഞ ഡി സൂസ അതില്‍ പശ്ചാത്തപിക്കുന്നതായും സഭയില്‍ പറഞ്ഞു. എന്നാല്‍, ഇതാദ്യമായല്ല ഇവര്‍ ഒരു വിവാദത്തില്‍ പെടുന്നത്. ഡ്രൈവര്‍മാര്‍ ഓടിക്കുന്ന കാറുകളുടെ പേരില്‍ ഇവര്‍ ആയിരക്കണക്കിന് പൗണ്ട് യാത്രാക്കൂലി എഴുതി എടുത്തതായി നേരത്തേ പരാതിയുയര്‍ന്നിരുന്നു.
