പരാതിക്കാരിയുമായുള്ള സൗഹൃദവും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖകളും ചാറ്റുകളും നിര്‍ണ്ണായകമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്നാം പീഡനക്കേസിലും ജാമ്യം; എംഎല്‍എ ഇന്ന് ജയില്‍ മോചിതനായേക്കും
പത്തനംതിട്ട: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടര്‍ന്നുപോന്ന അദ്ദേഹത്തിന്റെ ജയില്‍വാസം അവസാനിക്കും.
എന്‍ആര്‍ഐ യുവതി നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതും ജനുവരി 11-ന് ഷൊര്‍ണൂരിലെ ഹോട്ടലില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തതും. നേരത്തെ രണ്ട് പീഡനക്കേസുകളില്‍ കൂടി രാഹുലിനെതിരെ പോലീസ് കേസ് എടുത്തിരുന്നുവെങ്കിലും ആ കേസുകളില്‍ കോടതിയില്‍ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. മൂന്നാമത്തെ കേസിലെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വലിയ എതിര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ പരാതിക്കാരിയുമായുള്ള സൗഹൃദവും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖകളും ചാറ്റുകളും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇത് പരിശോധിച്ച കോടതി രാഹുലിന് ജാമ്യം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പത്തനംതിട്ട സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ ജയില്‍ മോചിതനാകും.