ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കമായി മാറിയ എപ്പിംഗ് ഹോട്ടല്‍ കേസിലെ പ്രതിയായ എത്യോപ്യക്കാരനെ നാട് കടത്താന്‍ തീരുമാനിച്ചപ്പോള്‍ അധികൃതര്‍ തുറന്നു വിട്ടു; അറിയാതെ തുറന്നു വിട്ട പ്രതിയെ തേടി നെട്ടോട്ടമോടി ബ്രിട്ടീഷ് പോലീസ്

Update: 2025-10-25 04:38 GMT


ലണ്ടന്‍: ലണ്ടനില്‍ 14 കാരിയെ ലൈംഗികമായി പീഢിപ്പിച്ചതിന് ജയിലിലടച്ച കുടിയേറ്റക്കാരനെ തുറന്നു വിട്ടതായി ആരോപണമുയരുന്നു. ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ വിരുദ്ധ വികാരം ശക്തമാകുന്നതിന് കാരണമായ എപ്പിംഗ് ഹോട്ടല്‍ സംഭവത്തിലെ പ്രതിയെയാണ് തുറന്നുവിട്ടത്. ഹാഡുഷ് കെബാടു എന്ന 41 കാരനെ ചെംസ്‌ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്.

ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യു കെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചത്. ഇയാള്‍ ലണ്ടനില്‍ തന്നെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ, വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്‌ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ലാമി പറഞ്ഞു.

ലണ്ടനിലെ ലിവര്‍പൂള്‍ സ്റ്റേഷനിലേക്കുള്ളതാണ് ഈ ട്രെയിന്‍. ഇവിടെ എത്തുന്നതിന് മുന്‍പായി ഷെംഫീല്‍ഡിലും സ്റ്റഫോര്‍ഡിലും ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. ഒരിക്കലും പൊറുക്കാനാവാത്ത പിഴവാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. കെബാടുവിനെ കണ്ടെത്താനുള്ള പോലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, ഇയാളോട് ഏറെ സമാനതകളുള്ള ഒരു വ്യക്തി ചെംസ്‌ഫോര്‍ഡ് ടൗണ്‍ സെന്ററില്‍ ആളുകളുമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ചാര നിറത്തിലുള്ള ട്രാക് സ്യൂട്ട് അണിഞ്ഞാണ് ആ വ്യക്തി വീഡിയോയില്പ്രത്യക്ഷപ്പെടുന്നത്. അയാളുടെ കൈവശം സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗും അതിനകത്ത്, സാധാരണയായി ജയിലുകളില്‍ ലഭിക്കാറുള്ള സാല്‍വേഷന്‍ ആര്‍മിയുടെ 'വാര്‍ ക്രൈ' എന്ന മാഗസിനും കാണുന്നുണ്ട്. കെബടു ലണ്ടനിലേക്കുള്ള ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്നാണ് ചെംസ്‌ഫോര്‍ഡ് സ്റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. കെബാടുവിനോട് സദൃശ്യമുള്ള ഒരു വ്യക്തി ചെംസ്‌ഫോര്‍ഡ് ഹൈസ്ട്രീറ്റില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നത് കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷിയും വെളിപ്പെടുത്തിയിട്ടുണ്ട്.

ആ സമയം അയാളുടെ കൈവശം ചില സാധനങ്ങള്‍ ഉണ്ടായിരുന്നതായും അയാള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ദൃക്സാക്ഷി അറിയിച്ചു. ഇയാള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസണ്‍ ഓഫീസറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒക്കെയും തകര്‍ന്നിരിക്കുകയാണെന്നതിന്റെ തെളിവാണ് കെബാടുവിന്റെ രക്ഷപ്പെടല്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് പ്രതികരിച്ചത്.

ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാറിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിലെക്ക് നാടുകടത്തിയ ഒരു അഭയാര്‍ത്ഥി തിരികെ ബ്രിട്ടനില്‍ എത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ സംഭവം നടക്കുന്നത് എന്നത് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ലൈംഗിക ആക്രമിയെ നാടുകടത്തുന്നതിന് പകരം തൂറന്നു വിട്ടിരിക്കുകയാണെന്ന പരിഹാസവുമായി റിഫോം നേതാവ് നെയ്ജല്‍ ഫരാജും രംഗത്തെത്തിയിട്ടുണ്ട്.

അയാള്‍ ഇപ്പോള്‍ എസ്സെക്സിലെ തെരുവുകളില്‍ കൂടി സ്വതന്ത്രനായി നടക്കുന്നുണ്ടാകാം, ബ്രിട്ടനിലെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്, ഫരാജ് കൂട്ടിച്ചേര്‍ത്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കാനും, അത് തടയാനെത്തിയ സ്ത്രീയെ ലൈംഗിക ചുവയോടെ കയറിപ്പിടിക്കാനും ശ്രമിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം. ഈ കേസില്‍ സെപ്റ്റംബര്‍ 23 ന് ഇയാളെ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

തുടര്‍ന്നായിരുന്നു ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചത്. സാധാരണയായി നാടു കടത്താന്‍ ഉള്ള കുറ്റവാളികളെ ജയിലില്‍ നിന്നും അതീവ സുരക്ഷയുള്ള വാഹനങ്ങളിലാണ് റിമൂവല്‍ സെന്ററുകളിലേക്ക് മാറ്റുക. എന്നാല്‍, ഇയാളെ അപ്രകാരം ചെയ്തുവോ എന്നതില്‍ വ്യക്തതയില്ല. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക് ഇതിനെ വിശേഷിപ്പിച്ചത്.

Similar News