ആഡംബര ഹോട്ടലും നിരീക്ഷണ കേന്ദ്രവും; ജിദ്ദ ടവര്‍ എന്ന അംബരചുംബി ഒരു കിലോമീറ്റര്‍ ഉയരത്തില്‍ എത്തുന്ന ആദ്യത്തെ കെട്ടിടമാകും; നിര്‍ണ്ണായക പ്രഖ്യാപനവുമായി സൗദി; ഏഴു കൊല്ലത്തിന് ശേഷം വീണ്ടും പണി തുടങ്ങുമ്പോള്‍
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പുനരാംരഭിച്ചു. സൗദിയിലെ ആഡംബര ഹോട്ടലും നിരീക്ഷണ കേന്ദ്രവും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ പൂര്‍ത്തീകരണ തീയതിയും പ്രഖ്യാപിച്ചു. ജിദ്ദ ടവര്‍ എന്നാണ് ഈ അംബരചുംബിക്ക് പേരിട്ടിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ഉയരത്തില്‍ എത്തുന്ന ആദ്യത്തെ കെട്ടിടമാണിത്.
3,281 അടി ഉയരമാണ് ഈ കെട്ടിടത്തിനുള്ളത്. ചെങ്കടലിന്റെ തീരത്ത് 20 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ഇത് നിര്‍മ്മിക്കുന്നത്. സൗദിയിലെ പ്രമധാന നഗരമായ ജിദ്ദയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റെസിഡന്‍ഷ്യല്‍, വാണിജ്യ, വിനോദ മേഖലകളുള്ള ഒരു പ്രധാന കേന്ദ്രമായി ഇവിടെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഈ കെട്ടിടത്തിന്റെ പ്രധാന കരാറുകാരായിരുന്ന സൗദി ബിന്‍ലാഡന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ നേരത്ത അഴിമതി കേസില്‍ അറസ്റ്റിലായിരുന്നു. അങ്ങനെയാണ് ഇതിന്റെ നിര്‍മ്മാണം ഇടയ്ക്ക് മുടങ്ങിപ്പോയത്. വീണ്ടും ഈ വര്‍ഷം ജനുവരിയിലാണ് ജിദ്ദ ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
കോവിഡ് മഹാമാരിയും പദ്ധതിയുടെ നിര്‍മ്മാണം വൈകാന്‍ കാരണമായിരുന്നു.2018 മുതല്‍ ഏഴ് വര്‍ഷമാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിന്റെ നിര്‍മ്മാണം 2028 ഓടെ പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്. ബുര്‍ജ് ഖലീഫ രൂപകല്‍പ്പന ചെയ്ത സ്ഥാപനമായ അഡ്രിയാന്‍ സ്മിത്തും ഗോര്‍ഡന്‍ ഗില്ലും രൂപകല്‍പ്പന ചെയ്ത ടവര്‍ നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി വഹിക്കുന്ന ദുബായ് ലാന്‍ഡ്മാര്‍ക്കിനേക്കാള്‍ ഏകദേശം 180 മീറ്റര്‍ ഉയരമുണ്ടാകും. ദുബായ് ലാന്‍ഡ് മാര്‍ക്കിന്റെ ഉയരം 2,717 അടി ആണ്. 168 നിലകളുള്ള ഈ കെട്ടിടത്തില്‍ നക്ഷത്ര ഹോട്ടല്‍, ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, ആധുനിക ഓഫീസുകള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ഡെക്ക് എന്നിവ ഉണ്ടാകും.
157-ാം നിലയിലുള്ള സ്‌കൈ ടെറസ് സന്ദര്‍ശകര്‍ക്ക് ജിദ്ദയുടെയും ചെങ്കടലിന്റെയും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം നല്‍കും. സെക്കന്‍ഡില്‍ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധ്യതയുള്ള 56 ലിഫ്റ്റുകളുള്ള എലിവേറ്റര്‍ സംവിധാനവും ഇതില്‍ ഉണ്ടാകും. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ കെട്ടിടം വരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധന ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. പല വിമാനക്കമ്പനികളും സൗദിയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
സൗദി അറേബ്യയിലെ മനോഹരമായ പുരാതന സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ, ടൂറിസം കൊണ്ടുവരുന്നതിനായി സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് സല്‍മാന്‍ രാജകുമാരന്‍ ലക്ഷ്യമിടുന്നത്. 2021 ല്‍ ജിദ്ദയില്‍ ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ നടത്തിയിരുന്നു. ഒപ്പം സ്പോര്‍ട്സ് ടൂറിസം ആരംഭിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്.
