നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞല്ലോ എന്ന് ചോദ്യം; 'അന്ന് ഞാന്‍ അല്ലെ പറഞ്ഞത്, എനിക്ക് തീരുമാനം മാറ്റാലോ' എന്ന് ആന്റോ അഗസ്റ്റിന്‍; ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തതെന്നും മറുപടി; മെസിയും സംഘവും മാര്‍ച്ചില്‍ വരുമെന്ന് സ്‌പോണ്‍സര്‍; പഴി റിപ്പോര്‍ട്ടര്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക്

Update: 2025-10-25 06:43 GMT

കൊച്ചി: അര്‍ജന്റീന ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നാലെ ഫിഫയെയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഒഴികെയുള്ള മാധ്യമങ്ങളെയും പഴിചാരി സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വാര്‍ത്താസമ്മേളനം. അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരം നവംബറിലെ വിന്‍ഡോയില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, ഫിഫ അനുമതി ലഭിച്ചില്ലെന്നും സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് കണ്ടിട്ടുണ്ട്. നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ഉത്തരം മുട്ടിയതോടെ ആന്റോ അഗസ്റ്റിന്റെ മറുപടി.

അര്‍ജന്റീന ടീമിന് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മാസത്തെ ഫിഫ വിന്‍ഡോയില്‍ മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല. ഫിഫ അംഗീകാരത്തിനു നേരത്തെ അനുമതി തേടിയിരുന്നു. എന്നാല്‍, നംവംബറിലെ മത്സരത്തിന് ഫിഫ അനുമതി നല്‍കിയിട്ടില്ല.

നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അല്ലെ അന്ന് അത് പറഞ്ഞതെന്നും തനിക്ക് തീരുമാനം മാറ്റാലോ എന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ മറുപടി. നവംബറില്‍ ഇല്ലെങ്കില്‍ ഡിസംബറില്‍ ഇന്ത്യയില്‍ ഒരു നഗരത്തിലും അര്‍ജന്റീന വരില്ലെന്ന് നേരത്തെ പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ അന്ന് കരാര്‍ പ്രകാരമുള്ളത് നടക്കില്ലെന്ന് കരുതി പറഞ്ഞതാണെന്നും ഇന്ന് ടീം താനുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അന്ന് മാര്‍ച്ച് മാസത്തില്‍ കളിക്കേണ്ടെന്ന് പറഞ്ഞ തീരുമാനം ഇപ്പോള്‍ മാറ്റിയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

അര്‍ജന്റീനയുടെ മത്സരത്തെ ആത്മാര്‍ത്ഥതയോടെ കാണുന്ന ആളാണ് താന്‍. കേരളത്തില്‍ മെസ്സിയെ കൊണ്ടുവരിക മാത്രമല്ല ലക്ഷ്യം. ഫിഫ അംഗീകാരത്തോടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം നടത്തുകയാണ് ലക്ഷ്യം. അത് നമ്മുടെ ഫുട്‌ബോളിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ്. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് ലക്ഷ്യം. മാര്‍ച്ച് മാസത്തെ വിന്‍ഡോയില്‍ മത്സരിക്കുന്നതിന് ഫിഫയുടെ അനുമതിയാണ് ഇനി വേണ്ടത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ആണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയതെന്നും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ഉണ്ടല്ലോയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

നവംബറില്‍ കളി നടക്കില്ല എന്നതാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാല്‍ അടുത്ത വിന്‍ഡോയില്‍ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഫിഫ അപ്രൂവലിന് വേണ്ടി ആവശ്യമായ ഏല്ലാ രേഖകളും സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും ഉടന്‍ തന്നെ അപ്രൂവല്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബറില്‍ അംഗോളയുമായാണ് മറ്റൊരു മത്സരം നടക്കുന്നത്, അവിടെ നിന്നും കേരളത്തിലേക്കുള്ള നീണ്ട യാത്രയുടെ പ്രശ്‌നങ്ങളും സ്റ്റേഡിയത്തിന്റെ ഫിഫയുടെ അപ്രൂവല്‍ കാലതാമസവുമാണ് മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മെസി കേരളത്തിലേക്ക് പൂര്‍ണമായും വരില്ല എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്നാണ് ആന്റോ അഗസ്റ്റിന്‍ ആരോപിക്കുന്നത്.

അര്‍ജന്റീനയ്ക്ക് സൗഹൃദമത്സരം നഷ്ടപ്പെടാതിരിക്കാനാണ് നവംബര്‍ വിന്‍ഡോയിലെ മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റുന്നതെന്നും തീരുമാനത്തെ നെഗറ്റീവായി കാണേണ്ടതില്ലെന്നും അര്‍ജന്റീന ടീം കേരളത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. ഫിഫ അംഗീകാരത്തിലുള്ള സ്റ്റേഡിയം ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റുസ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നത്. കസേരകള്‍ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിര്‍മാണവും 

പുരോഗമിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Tags:    

Similar News