ഓഖി, ബിപര്‍ജോയ്... ഇനി 110 കി.മീ വേഗത്തില്‍ പാഞ്ഞെത്തുന്നത് മോന്ത; മണമുള്ള പൂവെന്ന് അര്‍ഥം; ചൊവ്വാഴ്ചയോടെ ആന്ധ്രാ, തെക്കന്‍ ഒഡിഷ തീരം തൊടും; കേരളത്തില്‍ മഴ തോരില്ലെന്ന് സൂചന

Update: 2025-10-25 11:22 GMT

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 'മോന്ത' (Montha) ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തില്‍ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായാല്‍ 'മോന്ത' എന്ന പേരില്‍ അറിയപ്പെടും. തായ്ലാന്‍ഡ് നിര്‍ദേശിച്ച പേരാണിത്. മണമുള്ള പൂവെന്നാണ് അര്‍ഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത. കേരളത്തെ നേരിട്ടുബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍, കനത്തമഴ തുടരും. 27, 28 തീയതികളില്‍ മഴ വ്യാപകമായേക്കും. ന്യൂനമര്‍ദങ്ങളുടെ സ്വാധീനംകാരണം, ഉച്ചയ്ക്കുശേഷം ഇടിവെട്ടിപ്പെയ്യുന്ന തുലാമഴയുടെ സ്വഭാവമല്ല ഇപ്പോഴത്തെ മഴയ്ക്ക്. ഏറിയും കുറഞ്ഞും ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയാണ് പെയ്യുന്നത്. 29-നുശേഷം കുറച്ചുദിവസം മഴ കുറയും.

ആന്ധ്രാ, തെക്കന്‍ ഒഡിഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (യെല്ലോ മെസേജ്) കാലാവസ്ഥ വിഭാഗം നല്‍കിയിട്ടുണ്ട്. 27ന് രാവിലെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന മോന്ത ( Montha) ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ (ഒക്ടോബര്‍ 28-ന് വൈകുന്നേരം/രാത്രിയോടെ) ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട തീവ്ര ന്യുന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദവും തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. തുടര്‍ന്ന് ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത് ഇന്നും നാളെയും സാധാരണ ഇടവേളകളോടെ മഴ തുടരും. ബംഗാള്‍ തീവ്ര ന്യുനമര്‍ദ്ദം തീരത്തോട് അടുത്ത് ശക്തി പ്രാപിക്കുന്നതിന് അനുസരിച്ച് ഞായറാഴ്ചക്ക് ശേഷം വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ഭീതിവിതച്ച് ചുഴലിക്കാറ്റുകള്‍

എന്തിനാണ് ചുഴലിക്കാറ്റുകള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കുന്നത്? ആര്, എങ്ങനെയാണ് ഈ പേര് തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കാം. ട്രോപ്പിക്കല്‍ സൈക്ലോണുകള്‍, അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, ഒരാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്നവയാണ്. ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓരോ ചുഴലിക്കാറ്റിനും കൃത്യമായി പേരുകള്‍ നല്‍കുന്നത്.

അക്ഷാംശ-രേഖാംശ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍, കാലാവസ്ഥാ വിദഗ്ധരല്ലാത്തവര്‍ക്ക് അത് മനസിലാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കും. എന്നാല്‍, ഒരു പേര് നല്‍കിയാല്‍, സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പേര് നല്‍കല്‍ ഏകദേശം യാദൃശ്ചികമായിരുന്നു. ഉദാഹരണത്തിന്, ഒരു അറ്റ്ലാന്റിക് ചുഴലിക്കാറ്റ് ആന്‍ജെ എന്ന ബോട്ട് തകര്‍ത്തപ്പോള്‍, ആ ചുഴലിക്കാറ്റിനെ 'ആന്‍ജെ'സ് ഹറിക്കെയ്ന്‍' എന്ന് വിളിക്കുകയായിരുന്നു.

പിന്നീട്, ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കാനുള്ള രീതി ആരംഭിച്ചു. പേര് നല്‍കല്‍ രീതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പേര് അക്ഷരമാലാക്രമത്തില്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഉദാഹരണത്തിന്, ഒരു വര്‍ഷത്തിലെ ആദ്യ ചുഴലിക്കാറ്റിന് 'ആന്‍' എന്ന പേര് ലഭിക്കും. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പിന്നീട് പുരുഷന്മാരുടെ പേര് നല്‍കാനും തുടങ്ങി.

ലോകത്തെ ആറ് റീജിയണല്‍ സ്‌പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കല്‍ സെന്ററുകളും (RSMC) അഞ്ച് ട്രോപ്പിക്കല്‍ സൈക്ലോണ്‍ വാണിംഗ് സെന്ററുകളുമാണ് പേരുകളുടെ പട്ടിക തയാറാക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഒരു സ്‌പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കല്‍ സെന്ററാണ്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പേര് പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്. ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേര് ഉപയോഗിക്കുന്നു.

വെറുതെ പേരിടാനാവില്ല!

പേര് നിഷ്പക്ഷമായിരിക്കണം; ജാതി, മതം, വര്‍ഗം, വര്‍ണം, രാഷ്ട്രീയം, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട വിവേചനങ്ങള്‍ ഒഴിവാക്കണം.

ഒരു ജനവിഭാഗത്തിനും മനോവേദന ഉണ്ടാക്കുന്നതാകരുത്.

ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്.

പേര് ചെറുതും ഉച്ചരിക്കാന്‍ എളുപ്പവുമായിരിക്കണം, വെറുപ്പുളവാക്കരുത്.

പേര് എട്ട് അക്ഷരങ്ങളില്‍ കവിയരുത്.

നിര്‍ദ്ദേശിക്കുന്ന പേര്, ഉച്ചാരണവും ശബ്ദരേഖയും സഹിതം നല്‍കണം.

ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ പേര് നിര്‍ദ്ദേശിച്ചാല്‍, ട്രോപ്പിക്കല്‍ സൈക്ലോണ്‍ പാനലുകള്‍ക്ക് അവ നിരസിക്കാന്‍ അധികാരമുണ്ട്. പ്രാദേശിക വിവേചനം ഒഴിവാക്കാന്‍, ഒരേ രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നുള്ള പേര് ഉള്‍പ്പെടുത്താറുണ്ട്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേര് നല്‍കിയത് ബംഗ്ലാദേശാണ്. 'ഓഖി' എന്ന വാക്കിന്റെ അര്‍ത്ഥം 'കണ്ണ്' എന്നാണ്. ഇപ്പോള്‍ മോന്ത എന്ന് ചുഴലിക്കാറ്റിന് പേര് നല്‍കിയിട്ടുള്ളത് തായ്‌ലന്‍ഡാണ്. തായ്ലന്‍ഡിന് ശേഷം അടുത്ത ഊഴം യുഎഇക്കാണ്. സെന്‍ യാര്‍ ( Senyar) എന്ന പേരാണ് യുഎഇ നിര്‍ദേശിച്ചിട്ടുള്ളത്. തേജ്, ആഗ് തുടങ്ങിയ പേരുകളാണ് ഇന്ത്യ നിര്‍ദേശച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

27/10/2025: കോഴിക്കോട്, കണ്ണൂര്‍

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

25/10/2025: കണ്ണൂര്‍, കാസറഗോഡ്

26/10/2025: തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്*

27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്

28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Similar News