വെല്‍ക്കം ബാക്ക് മമ്മൂക്ക! എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തില്‍; പാട്രിയറ്റിന്റെ ചിത്രീകരണത്തിന് ശേഷം ചെന്നൈ വഴി കൊച്ചിയിലെത്തിയ താരത്തെ ആരവം മുഴക്കി വരവേറ്റ് ആരാധകര്‍; കേരളപ്പിറവി ദിനത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തില്‍

Update: 2025-10-30 10:23 GMT

കൊച്ചി: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. മഹേഷ് നാരായണന്റെ ചിത്രം പാട്രിയറ്റിന്റെ ചിത്രീകരണത്തിന് യു.കെ.യിലായിരുന്ന മമ്മൂട്ടി ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്.വെല്‍ക്കം ബാക്ക് മമ്മൂക്ക എന്ന ആരാധകരുടെ ആശംസയ്ക്ക് നന്ദി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ മമ്മൂട്ടി തന്റെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി ഡ്രൈവ് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്. മമ്മൂട്ടിയുടെ ഭാര്യ, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ അവസാനമായി ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേയ്ക്ക് പോയി. പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്റെ ചിത്രീകരണത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ചിത്രത്തിന്റെ ഹൈദരാബാദ്, ലണ്ടന്‍ ഷെഡ്യൂളുകളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. ചെന്നൈയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ മടക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 19 നാണ് മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്ത ഒപ്പമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചത്. പാട്രിയറ്റിന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഒക്ടോബര്‍ 1 ന് മമ്മൂട്ടി എത്തിയിരുന്നു.

ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ ഹൃദ്യമായൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിലേക്ക് മടങ്ങിയെത്തുകയാണ്. ഇക്കാലയളവില്‍ എന്നെ കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. ക്യാമറ വിളിക്കുന്നു...'-ഇതായിരുന്നു പോസ്റ്റ്.

പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്തത്. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. അതേസമയം നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. നവംബര്‍ 27 നാണ് ഈ ചിത്രത്തിന്റെ റിലീസ്.

Tags:    

Similar News